DCBOOKS
Malayalam News Literature Website

ചലച്ചിത്ര നിര്‍മാതാവ് കെ. രവീന്ദ്രനാഥൻ നായർ അന്തരിച്ചു

മലയാള സിനിമകളെ ദേശാതിർത്തികൾക്കപ്പുറം എത്തിച്ച നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവായ കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി-90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിച്ചേഴ്‌സ് സ്ഥാപകനായിരുന്നു.

കശുവണ്ടി വ്യവസായിയായിരുന്ന രവീന്ദ്രനാഥന്‍ നായര്‍ 1967- ൽ ജനറൽ പിക്ചേഴ്സിനു രൂപം നൽകി. ‘അച്ചാണി’ എന്ന ചലച്ചിത്രം വിജയിച്ചതോടെ അച്ചാണി രവിയെന്നു അറിയപ്പെട്ടു. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’, ‘ലക്ഷപ്രഭു’, ‘കാട്ടുകുരങ്ങ്’, എ.വിന്‍സെന്റിന്റെ ‘അച്ചാണി’, ജി അരവിന്ദന്റെ ‘കാഞ്ചനസീത’, ‘തമ്പ്’, ‘കുമ്മാട്ടി’, ‘എസ്തപ്പാന്‍’, ‘പോക്കുവെയില്‍’, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘എലിപ്പത്തായം’, ‘മുഖാമുഖം’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു. അദ്ദേഹം നിര്‍മ്മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2008- ൽ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍, ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വരുമാനത്തിന്റെ നല്ലൊരുഭാഗം കലാസാംസ്‌കാരിക രംഗത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെച്ചിരുന്ന അദ്ദേഹം, കൊല്ലം പബ്ലിക് ലൈബ്രറി, ബാലഭവന്‍ ഓഡിറ്റോറിയം, ജില്ലാ ആസ്പത്രിയിലെ കുട്ടികളുടെ വാര്‍ഡ്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ആശ്രാമത്തെ രക്തബാങ്ക് കെട്ടിടം, ചവറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറി എന്നിവയുടെ നിർമ്മാണത്തിന് മുഖ്യപങ്കുവഹിച്ചു.

Comments are closed.