DCBOOKS
Malayalam News Literature Website

കോൺഗ്രസുകാരൻ പുസ്തകം വായിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല ; ചെന്നിത്തലയ്ക്കു പിന്തുണയുമായി ജോയ് മാത്യു

പുസ്തകം വായിക്കുന്നവരെ അലന്‍-താഹ ...

ലോക പുസ്തക ദിനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളിയവരെ രൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. “ചെന്നിത്തലയെപ്പോലുള്ളവർ പുസ്തകം വായിക്കുന്നതിനെ കൊഞ്ഞനം കുത്തുന്നത് അസഹിഷ്ണത ഒന്നുകൊണ്ടുമാത്രം.
അത് അദ്ദേഹത്തോട് മാത്രമുള്ള പുച്ഛമല്ല ,പുസ്തകം വായിക്കുന്നവരോട്  മൊത്തത്തിലുള്ള പുച്ഛമാണ് .”- ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പുസ്തകം കൈകൊണ്ട് തൊടാത്തവരാണ് രമേശ് ചെന്നിത്തലയെ വിമർശിച്ചിരിക്കുന്നതെന്നും ജോയ് മാത്യു തുറന്നടിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ലോക പുസ്തക ദിനമായിരുന്നു .പുസ്തകത്തെ  അറിയുന്നവരും വായിക്കുന്നവരും  പുസ്തകങ്ങളുടെ  മൂല്യം  മനസ്സിലാക്കുന്നവരും  അവരുടേതായ പുസ്തക ലോകങ്ങൾ  വായനക്കാർക്ക് മുന്നിൽ  തുറന്നിട്ടു . ഞാനും  ബുദ്ധിജീവിയാണ് എന്ന് കാണിക്കുവാനുള്ള  വ്യഗ്രതയായിരുന്നില്ല അത് . തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ  ഇതൊക്കെയാണ്  എന്ന് തുറന്നു പറയുവാനുള്ള ആർജ്ജവവും ഏതുതരം  വിജ്ഞാനമായാലും  അത് സ്വീകരിക്കാനുമുള്ള സന്നദ്ധതയെയുമാണ് അതിൽ പ്രതിഫലിച്ചത് .
ഇത്രയും  പറയുവാൻ കാരണം  നമ്മുടെ പ്രതിപക്ഷനേതാവ്
ശ്രീ രമേഷ്  ചെന്നിത്തല തന്റെ വായനാനുഭവങ്ങൾ  അദ്ദേഹത്തിന്റെ  ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചപ്പോഴാണ് .
കോൺഗ്രസുകാരൻ പുസ്തകം വായിക്കുകയോ ?
അതും രമേശ് ചെന്നിത്തല ?
ചോദിക്കുന്നത് മറ്റാരുമല്ല പുസ്തകം കൈകൊണ്ട്  തൊടാത്തവരും  തൊട്ടാൽത്തന്നെ  മറിച്ച്  നോക്കാത്തവരും തങ്ങൾ മാത്രമാണ് പുസ്തകം വായിക്കുന്നവരെന്നു മേനി നടിക്കുന്നവരുമായ പരിഷകൾ .
പുസ്തകം വായിക്കുന്നവരെ കണ്ടുപിടിക്കാൻ കൊറോണ വൈറസ് ബാധിച്ചവരെ കണ്ടുപിടിക്കുന്ന പോലെയുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇവർ തീർച്ചപ്പെടുത്തിയ ചില വേഷങ്ങളുണ്ട് .
കാൽമുട്ട് മറയ്ക്കുന്ന ജൂബ്ബ ,താടിയും കണ്ണടയും മസ്റ്റ് ,തോളിൽ ഒരു തുണിസഞ്ചി  കൂടി ഉണ്ടെങ്കിൽ പസ്റ്റ് !
ഇതൊന്നുമില്ലാത്ത രമേശ് ചെന്നിത്തല  പുസ്തകം  വായിക്കുന്നു എന്നുള്ളത് ഇക്കൂട്ടർക്ക് സഹിക്കാനാവുന്നില്ല .കമന്റ് ബോക്സിൽ വന്ന കമന്റുകൾ നോക്കിയാൽ ആർക്കും മനസ്സിലാകും എന്തായിരിക്കാം ഈ ആക്രമണത്തിന് പിന്നിലെ മാനസികാവസ്ഥ എന്ന്. സംശയമില്ല ഭീതിതന്നെ. ഒരാൾ പുസ്തകം വായിച്ച് വായിച്ച് തങ്ങളേക്കാൾ കേമനോ മറ്റോ ആയിപ്പോയാലോ !
ദിവസവും ഒരേ സമയത്ത് മാത്രം പ്രത്യക്ഷപ്പെട്ട്  മറ്റുള്ളവർ ചെയ്ത ജോലികൾ ഞാൻ കാരണം എന്ന് സ്വയം പ്രഖ്യാപിക്കുന്ന പരശുരാമന്മാർ മാത്രമേ  ഇനിയും നമ്മളെ നയിക്കാൻ ഉണ്ടാവുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്നവരുടെ  മോഹങ്ങളെ  തള്ളിപ്പറയുന്നില്ല,
അതുകൊണ്ട്  ചെന്നിത്തലയെപ്പോലുള്ളവർ പുസ്തകം വായിക്കുന്നതിനെ കൊഞ്ഞനം കുത്തുന്നത് അസഹിഷ്ണത ഒന്നുകൊണ്ടുമാത്രം .
അത് അദ്ദേഹത്തോട്  മാത്രമുള്ള പുച്ഛമല്ല ,പുസ്തകം  വായിക്കുന്നവരോട് മൊത്തത്തിലുള്ള  പുച്ഛമാണ് .അതിൽ  മുറുക്കാൻ കടക്കാരൻ മുതൽ  രാഷ്ട്രീയക്കാർ  വരെയുള്ളവരോടുള്ള പുച്ഛം .തങ്ങൾക്ക് മാത്രമേ പുസ്തകം വായിക്കാനറിയൂ, വായിച്ചാൽ മനസ്സിലാകൂ  എന്ന ജാഡ.കൂട്ടത്തിലാരെങ്കിലും കൊള്ളാവുന്ന പുസ്തകങ്ങൾ  വായിച്ചുതുടങ്ങിയാലോ അവരെ  അലൻ -താഹ മാരാക്കുന്ന വിദ്യയും ഇവർ നമുക്ക് കാണിച്ചുതരും .
ചില വിടുവായന്മാർ ചോദിക്കുന്നുണ്ട് ,ഒരാൾക്ക് ഒരേ സമയം രണ്ടു പുസ്തകങ്ങൾ വായിക്കാമോയെന്ന് !
ഒരാൾ ഒരു ദിവസം എവിടെയൊക്കെ ,എങ്ങിനെയൊക്കെ ,ഏതൊക്കെ പുസ്തകങ്ങൾ വായിക്കുന്നു എന്നത് തികച്ചും വ്യക്തിപരം .അത് വായിക്കുന്നവർക്ക് തിരിയും.
ഒരാളുടെ  അബദ്ധങ്ങളെയോ  അയാളുടെ നിലപാടുകളെയോ ട്രോളുന്നതും  വിമർശിക്കുന്നതും  തെറ്റല്ല.എന്നാൽ അയാളുടെ അഭിരുചികളെ പരിഹസിക്കാൻ  ജനാധിപത്യബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത വിജ്ഞാന വിരോധികൾക്കേ തോന്നൂ .
സ്വന്തം  അലമാരയിലെ ചിതലരിക്കാൻ തുടങ്ങിയ  പുസ്തകങ്ങളുടെ മുമ്പിൽ നിന്ന് സെൽഫിയെടുത്ത്  എഫ് ബി യിൽ പോസ്റ്റി, ആത്മരതി നടത്തിയവരുടെ കണക്കെടുത്താൽ  അതിൽ അധികവും മേൽപ്പറഞ്ഞ ജനുസ്സിൽപ്പെട്ടവർ തന്നെയെന്നുകാണാം .
കോൺഗ്രസുകാരൻ പുസ്തകം വായിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല.എന്നാൽ എനിക്കറിയാവുന്നതിൽ ഏറ്റവും നല്ല പുസ്തക വായനക്കാർ കോൺഗ്രസ്സുകാരാണ് .ഒരൊറ്റ ഉദാഹരണം : രണ്ടുപ്രളയങ്ങൾ കഴിഞ്ഞ കേരളത്തിൽ  നൂറ്റിനാല്പത് എം എൽ എ മാരുള്ളതിൽ  കോൺഗ്രസുകാരനായ ഒരു പി ടി തോമസ് മാത്രമേ ഗാഡ്ഗിൽ റിപ്പോർട്ട് വായിച്ചിട്ടുള്ളൂ എന്ന് എത്രപേർക്ക് അറിയാം !
പുസ്തകങ്ങൾ എത്രയെണ്ണം വായിച്ചു എന്നതല്ല  ,വായിച്ച് നേടിയ അറിവ് എങ്ങിനെ ജീവിതത്തിൽ പ്രയോഗിച്ചു എന്നിടത്താണ് ഒരാളുടെ വായന അർത്ഥവർത്താക്കുന്നത് .

Comments are closed.