DCBOOKS
Malayalam News Literature Website

‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’ പുസ്തകത്തോട് വ്യക്തിപരമായ ഉത്തരവാദിത്തം കൂടുതല്‍: ദീപാനിശാന്ത് 

‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന പുതിയ പുസ്തകത്തോട് തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്തം കൂടുതലെന്നും ഇതുവരെ പുറത്തിറങ്ങിയ 8 പുസ്തകങ്ങളില്‍ വച്ച് ഏറെ ഗൗരവത്തോടെ ആസ്വാദകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന പുസ്തകമാണിതെന്നും ദീപാനിശാന്ത്.
ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആറാം ദിനമായ നവംബര്‍ 8 തിങ്കളാഴ്ച വൈകിട്ട് 7.00 മണി മുതല്‍ 7.25 വരെ റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

”തന്റെ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ഏറെയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ തന്നെയായിരുന്നു. എന്നാല്‍ ഇതുവരെ ഒരു പ്രതലത്തിലും പങ്കുവച്ചിട്ടില്ലാത്ത ഏറെ വൈകാരികമായ ചില അനുഭവങ്ങള്‍ കൂടി പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അതീവ ജാഗ്രതയോടെയാണ് പുസ്തകം തയാറാക്കിയത് എന്നതുകൊണ്ടുതന്നെ തന്റെ ഉത്തരവാദിത്തവും കൂടുകയാണ്”- ദീപാനിശാന്ത് പറഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി എഴുത്തുകാരി തന്നെ പുസ്തകം ആസ്വാദകര്‍ക്കുമുന്നില്‍ പ്രകാശിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ വനിത വിനോദ് പുസ്തകം ഏറ്റുവാങ്ങി, പുസ്തക പരിചയം നടത്തി.

ഓര്‍മ്മകളുടെ അടരുകളില്‍ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. വെറും ഓര്‍മ്മക്കുറിപ്പുകളല്ല ഇവയൊന്നും തന്നെ. അതിനപ്പുറം സ്വന്തം ജീവിതാനുഭവങ്ങളെ മുന്‍നിറുത്തി മനുഷ്യരെ, സമൂഹത്തെ, സന്ദര്‍ഭങ്ങളെ, ജീവിതത്തെയെല്ലാം അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാണ് ദീപാനിശാന്ത് ഈ പുസ്തകത്തിലൂടെ കോറിയിടുന്നത്.

നിങ്ങളുടെ കോപ്പി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.