DCBOOKS
Malayalam News Literature Website

സി. അച്യുതമേനോന്റെ ജന്മവാര്‍ഷികദിനം

മുന്‍ മുഖ്യമന്ത്രിയും സാഹിത്യകാരനുമായ സി. അച്യുതമേനോന്‍ 1913 ജനുവരി 13ന് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് ജനിച്ചു. പ്രാധമിക വിദ്യാഭ്യസത്തിന് ശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. തൃശ്ശൂര്‍ കോടതിയില്‍ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.

1942 ഇല്‍ അദ്ദേഹം സിപിഐയില്‍ അംഗമായി. 1943ല്‍ പാര്‍ട്ടി നിരോധിച്ചപ്പോള്‍ നാലുവര്‍ഷക്കാലത്തിലേറെ ഒളിവില്‍ കഴിയേണ്ടി വന്നു. 1952ല്‍ തിരുകൊച്ചി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957ലും 1960ലും 1970ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യമന്ത്രി ആയിരുന്നു. 1968ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.

സോവിയറ്റ് നാട്, കിസാന്‍ പാഠപുസ്തകം, കേരളം പ്രശ്‌നങ്ങളും സാധ്യതകളും, സ്മരണയുടെ ഏടുകള്‍, വായനയുടെ ഉതിര്‍മണികള്‍, ഉപന്യാസമാലിക, പെരിസ്‌ട്രോയിക്കയും അതിന്റെ തുടര്‍ച്ചയും, മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു (വിവര്‍ത്തനം), എന്റെ ബാല്യകാലസ്മരണകള്‍ (ആത്മകഥ) എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. എന്റെ ബാല്യകാലസ്മരണകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡും ലഭിച്ചു. 1991 ഓഗസ്റ്റ് 16ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.