DCBOOKS
Malayalam News Literature Website

കാരൂര്‍ കഥകളെക്കുറിച്ച് ഡോ കെ എസ് രവികുമാര്‍ എഴുതുന്നു..

മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് കാരൂര്‍ എന്ന് അറിയപ്പെടുന്ന കാരൂര്‍ നീലകണ്ഠപിള്ള. ഒരു കാലഘട്ടത്തില്‍ ഏറ്റവും വായിക്കപ്പെട്ടിരുന്നത് ഇദ്ദേഹത്തിന്റെ ചെറുകഥകളായിരുന്നു. അവയില്‍ ചിലത് സമാഹരിച്ച് പുറത്തിറക്കിയ പുസ്തകമാണ് മരപ്പാവകളും മറ്റ് പ്രധാന കഥകളും. ഡി സി ബുക്‌സ് പ്രിസിദ്ധീകരിച്ച ഈ പുസ്തകത്തന് അവതാരിക എഴുതിയിരിക്കുന്നത് സാഹിത്യ വിര്‍മശകനും എഴുത്തുകാരനുമായ ഡോ കെ എസ് രവികുമാറാണ്. പുസ്തകത്തിന്റെ 8-ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.

പുസ്തകത്തിന് ഡോ കെ എസ് രവികുമാര്‍ എഴുതിയ അവതാരികയില്‍ നിന്ന്;

കേവലം വായനാനുഭവം എന്നതില്‍ക്കവിഞ്ഞ് ജീവിതത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും അനുഭവിപ്പിക്കാന്‍ കഴിയുന്ന സാഹിത്യരൂപമായി മലയാള ചെറുകഥയെ മാറ്റിയെടുത്ത എഴുത്തുകാരനാണ് കാരൂര്‍ നീലകണ്ഠപിള്ള. പുറമേ ലളിതവും സാധാരാണവുമെന്ന് തോന്നിപ്പിക്കുന്ന രചനകള്‍ കൊണ്ട് മനുഷ്യവസ്ഥയിലേക്ക് അദ്ദേഹം അഗാധമായ ഉള്‍ക്കാഴ്ച പകര്‍ന്നു.

കഥയുടെ വാങ്മയ പരിധിയെ അതിവര്‍ത്തിക്കുന്ന ജീവിതസത്യത്തിന്റെ ഘനസാന്നിധ്യം അവയിലുണ്ട്. പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സംക്രമിച്ചെത്തിയ ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ കലാതന്ത്രം ഏറ്റവും മികവോടെ പ്രയുക്തമാക്കിയ നവോത്ഥാനകാല കഥാകൃത്താണ് കാരൂര്‍. ഭാവസൂക്ഷ്മതയും ശില്പദക്ഷതയും ഒട്ടും പ്രകടനാത്മകമല്ലാതെ ആ ചെറുകഥയില്‍ സമന്വയിച്ചു. തന്റെ സമകാലികരായ മറ്റു കഥാകാരന്മാര്‍ മിക്കവര്‍ക്കും ഉണ്ടായിരുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കാരൂറിന് ഇല്ലായിരുന്നു. എങ്കിലും പാശ്ചാത്യ മാതൃകയില്‍ ഉള്ള ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ ഏകാഗ്രവും സംക്ഷിപ്തവുമായ ശില്പസ്വഭാവം അക്കൂട്ടത്തില്‍ ഏറ്റവും നന്നായി പ്രകടിപ്പിച്ചത് അദ്ദേഹമാണ്. ഏതു മാനദണ്ഡം വെച്ചളന്നാലും കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുവാന്‍ ശക്തിയുള്ള കഥകള്‍ ആ തലമുറയില്‍ ഏറ്റവും കൂടുതല്‍ എഴുതിയത് കാരൂര്‍ തന്നെ…!

യാഥാതഥമായ ആഖ്യാനസങ്കേതത്തിന്റെ സാദ്ധ്യതകളില്‍ ഉറച്ചുനിന്നാണ് കാരൂര്‍ കഥാരചന ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മികച്ച ചെറുകഥകളില്ലാം അതിനപ്പുറത്തേക്ക് മെല്ലെ ചുവടുവയ്ക്കുന്നതുകാണാം. വായ്‌മൊഴിപാരമ്പര്യത്തിന്റെ ആഖ്യാനസാധ്യതകള്‍ കാരൂരിന്റെ കഥാരചനയെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഐതീഹ്യങ്ങളുടെയും സാരോപദേശകഥകളുടെയും സംക്ഷിപ്തസ്വരൂപം അവയില്‍ പലതിലും സന്നിഹിതമായിട്ടുണ്ട്. ചില കഥകള്‍ക്ക് നേര്‍ത്ത പ്രതീകാത്മകതയുടെ സ്പര്‍ശമുണ്ടാകുന്നു. ഇത്തരത്തിലുള്ള സാദ്ധ്യതകളെ സ്വാംശീകരിക്കുമ്പോഴും ചെറുകഥയുടെ അടിസ്ഥാനസ്വഭാവം നിലനിര്‍ത്തുന്നു എന്നതും ശ്രദ്ധേയം. രചനാപരമായ ഈ മികവാണ് യഥാതഥമായ ജീവിതചിത്രങ്ങള്‍ക്കുപോലും ഒരു അതീതമാനം നല്‍കുന്നത്.

കാലത്തിന്റെ സ്പര്‍ശംകൊണ്ട് ക്ലാവുപിടിക്കാത്തവയാണ് കാരൂരിന്റെ കഥാശില്പങ്ങള്‍. ഏതുകാലത്തെ വായനയെയും അര്‍ത്ഥസാന്ദ്രമാക്കാനുള്ള ആന്തരികോര്‍ജ്ജം അവയ്ക്കുണ്ട്. ഈ സവിശേഷതയാണ് ആനുകാലിക പ്രവണതകളെയും പ്രസ്ഥാനങ്ങളെയും അതിജീവിച്ചുകൊണ്ട് കാലാന്തരത്തിലും പുതുമയോടെ പുലരാന്‍ അവയ്ക്ക് പ്രാപ്തി നല്‍കുന്നത്.

 

Comments are closed.