DCBOOKS
Malayalam News Literature Website

ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അഭിനയജീവിതത്തിലേക്ക് മടങ്ങിവരുന്നത്. ജഗതിയുടെ മകന്‍ രാജ് കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ രാജ് കുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്.

ജഗതിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗത കൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകാനാണ് തീരുമാനം.

തൃശ്ശൂരിലെ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറക്ക് മുന്നിലെത്തുന്നത്. ഇതില്‍ ജഗതിയുടെ മക്കളായ രാജ് കുമാര്‍, മകള്‍ പാര്‍വ്വതി ഷോണ്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരും പങ്കുചേരുന്നുണ്ട്.

2012 മാര്‍ച്ചില്‍ കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പലത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് ജഗതി സിനിമാഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. നീണ്ട കാലത്തെ ചികിത്സക്കു ശേഷമാണ് ജഗതി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നത്. ജഗതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും.

Comments are closed.