DCBOOKS
Malayalam News Literature Website

ജാനി നകുലന്‍ ജോസഫ്

മനോജ് തെക്കേടത്ത്

‘ജാനി നകുലന്‍ ജോസഫ്’ എഴുതിത്തുടങ്ങിയത് കോവിഡ് കത്തി നിന്ന കാലങ്ങളിലാണ്. ലോകം മുഴുവനും ചുരുങ്ങിച്ചുരുങ്ങി ഓരോരുത്തരും ഓരോ തുരുത്തുകളായി മാറിയ കാലം. ചേര്‍ത്തുപിടിച്ച് സന്തോഷിക്കുക എന്നതിനു പകരം തനിച്ച് സുരക്ഷിതനായിരിക്കുക എന്ന് ശീലങ്ങളെ മാറ്റാന്‍ നമ്മളൊക്കെയും നിര്‍ബന്ധിതരായ കാലം. ഭീകരവും അപരിചിതവുമായ അക്കാലം മറികടക്കാനാണ് ജാനി… എഴുതിത്തുടങ്ങിയത്. എത്രയോ Textകാലമായി മനസ്സിലുള്ള ജാനിയെ എന്നെങ്കിലുമൊരിക്കല്‍ എഴുതുമെന്ന് ഉറപ്പായിരുന്നെങ്കിലും കോറോണ വൈറസ് ലോകത്തെ തടവിലാക്കിയ 2 കൊല്ലങ്ങള്‍ എഴുത്ത് വേഗത്തിലാക്കിയെന്നു പറയാം.

ജാനിയും നകുലന്‍ ജോസഫും മാത്രമായിരുന്നു എഴുതിത്തുടങ്ങുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്. പിന്നെ എഴുത്തിന്റെ പല ഘട്ടങ്ങളിലായി പലരും കൂടെക്കൂടി. എഴുതിയ കാലവും സ്വപ്നങ്ങള്‍ കണ്ട കാലവുമെല്ലാം അക്ഷരങ്ങളിലേക്ക് വേവു പടര്‍ത്തി. ഏറെപ്പരിചിതമായ ഇടങ്ങളെല്ലാം നോവലിലും ഇടംപിടിച്ചു. ജാനിയെപ്പോലെ നകുലന്‍ ജോസഫിന്റെ ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒരുപാടുപേര്‍ കഥാപാത്രങ്ങളായി വന്നു. എഴുതിയെഴുതിവന്നപ്പോള്‍ ഇപ്പോള്‍ നിങ്ങള്‍ക്കു മുന്നിലുള്ള ‘ജാനി നകുലന്‍ ജോസഫ്’ എന്ന നോവലായി മാറി. ഇതിലെ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമെല്ലാം ആര്‍ക്കെങ്കിലുമൊക്കെ പരിചിതമായി തോന്നിയേക്കാം. അത് യാദൃച്ഛികമെന്ന് പറഞ്ഞൊഴിയുന്നില്ല.

ഇതിലുമേറെയുണ്ടായിരുന്നു ആദ്യ കോപ്പി. പലവട്ടം വെട്ടിത്തിരുത്തി എഡിറ്റ് ചെയ്താണ് ഈ രൂപത്തിലേക്കൊതുക്കിയത്.

മനസ്സില്‍ എത്രയോ കാലമായി എഴുതിത്തുടങ്ങിയതാണ് ജാനിയുടെയും നകുലന്റെയും ജീവിതം. ഒന്നിച്ചായിരുന്നെങ്കില്‍ ഒരുപാടു മഴകള്‍ ഒന്നിച്ചുകൊള്ളുമായിരുന്ന, തോളോടുതോള്‍ ചേര്‍ന്നിരുന്ന് ഒത്തിരി യാത്രകള്‍ ചെയ്യുമായിരുന്ന, ചുമലില്‍ ചുമല്‍ ചേര്‍ത്ത് പുസ്തകങ്ങള്‍ വായിക്കുമായിരുന്ന, ചെടികള്‍ നട്ടും നനച്ചും ഒത്തിരി പൂക്കാലങ്ങള്‍ അനുഭവിക്കുമായിരുന്ന… രണ്ടുപേര്‍. ജാനിയെയും നകുലനെയും പോലെ ഓര്‍മകളില്‍, മറ്റൊരു ജീവിതം ജീവിച്ചുതീര്‍ക്കുന്ന എത്രയോ പേരുണ്ടാകണം നമുക്കുചുറ്റും. ഇതെന്റെ ആദ്യ പുസ്തകമല്ല. ആദ്യത്തെ നോവലുമല്ല. എന്നാല്‍ ആദ്യ പുസ്തകത്തെക്കാള്‍ ഞാനിതിനെ ഇഷ്ടപ്പെടുന്നു. അത്രമേലുള്ള ഇഷ്ടംകൊണ്ട് എഴുതേണ്ടിവന്നതാണ്. കടലാസിലേ ഇതു തീര്‍ന്നിട്ടുള്ളൂ. മനസ്സില്‍ കഥ തുടരുക തന്നെയാണ്.

ഇത് നകുലന്‍ ജോസഫ് എഴുതിയ ജാനിയുടെ കഥയാണ്. ചിലപ്പോള്‍ ജാനിക്കുമുണ്ടാകും ഒരുപാടു കാര്യങ്ങള്‍ പറയാന്‍. അതുകൊണ്ടുതന്നെ കഥ തുടരും; ജീവിതവും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.