DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബർ 9ന്

'ഭാവിയുടെ പുനർവിഭാവനം' എന്ന വിഷയത്തില്‍ പ്രകാശ് രാജ് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും

ഡി സി ബുക്‌സിന്റെ 49-ാം വാര്‍ഷികാഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബർ 9ന്  വൈകീട്ട് അഞ്ച് മണിക്ക് കോട്ടയം മാമ്മൻമാപ്പിള ഹാളില്‍ നടക്കും. ‘ഭാവിയുടെ പുനർവിഭാവനം’ എന്ന വിഷയത്തില്‍ പ്രകാശ് രാജ് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും.

ഡി സി ബുക്സ് 49-ാം വാര്‍ഷികം ഉദ്ഘാടനം രാവിലെ 11 ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ നിർവ്വഹിക്കും.  വി. ജെ. ജയിംസ്, ടി ഡി രാമകൃഷ്ണന്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ‘വിശ്വാസം: ഭാവന, ചരിത്രം, ജീവിതം’ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

സുവര്‍ണ്ണവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനചടങ്ങ് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കും.  സച്ചിദാനന്ദന്‍, സക്കറിയ, ടി. ഡി. രാമകൃഷ്ണന്‍, വി. ജെ. ജയിംസ്, വിനോയ് തോമസ്, വി. ഷിനിലാല്‍, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍, ദുര്‍ഗ്ഗാപ്രസാദ്, ഗണേഷ് പുത്തൂര്‍, ശ്രീകാന്ത് താമരശ്ശേരി, വിജയലക്ഷ്മി എന്നിവര്‍ സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനത്തിന്റെ ഭാഗമാകും.

വാര്‍ഷിക സമ്മേളനം ഉദ്ഘാടനവും ഡി സി പ്രസാധന മ്യൂസിയത്തിന്റെ ലോഗോ പ്രകാശനവും വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. സക്കറിയ, കെ. ആര്‍. മീര, മനോജ് കുറൂര്‍, എസ്. ഹരീഷ്, ബിന്‍സി സെബാസ്റ്റ്യന്‍ (നഗരസഭാ ചെയര്‍പേഴ്‌സണ്‍, കോട്ടയം) തുടങ്ങിയവര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിക്കല്‍ ചടങ്ങിന്റെ ഭാഗമാകും. ബ്ലാക്ക് ക്ലാസിക് എന്ന പേരില്‍ പുറത്തിറക്കുന്ന അരനൂറ്റാണ്ടിലെ മലയാള സാഹിത്യം- ക്ലാസിക് പുസ്തക പരമ്പര കെ സേതുരാമന്‍ ഐ പി എസ് പ്രകാശനം ചെയ്യും. തുടർന്ന്  മലയാളത്തിന്റെ പ്രിയ ഗസല്‍ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ ഒരുക്കുന്ന സംഗീതവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

*രജിസ്റ്റര്‍ ചെയ്യുന്നവര്‍ അഞ്ച് മണിക്ക് മുന്‍പായി ഹാളില്‍ എത്തിച്ചേരണം. പിന്നീട് വരുന്നവര്‍ക്ക് സീറ്റ് ലഭ്യമാകുന്നതായിരിക്കില്ല

നറുക്കെടുപ്പ് !

ഡി സി ബുക്‌സിന്റെ സമ്മേളനങ്ങളിലെ ആകര്‍ഷകഘടകങ്ങളിലൊന്നാണ് നറുക്കെടുപ്പ്. പങ്കെടുക്കുന്നവരില്‍നിന്ന് നറുക്കെടുത്ത് ഡി സി ബുക്‌സ് 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നു.

Comments are closed.