DCBOOKS
Malayalam News Literature Website

ഗ്ലോക്കൽ കഥകൾ 

കെ എന്‍ പ്രശാന്തിന്റെ ‘പാതിരാലീല‘ എന്ന കഥാസമാഹരത്തിന് ആസിഫ് കൂരിയാട് എഴുതിയ വായനാനുഭവം  

കെ.എൻ പ്രശാന്തിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് ‘പാതിരാലീല‘. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരുപിടി മികച്ച കഥകൾ ഈ കഥാകൃത്തിന്റെതായിട്ടുണ്ട്.”തെളിമയും മൗലികതയുമുള്ള കഥ പറച്ചിലാണ് കെ. എൻ പ്രശാന്തിന്റെത് “എന്ന് ആദ്യ കഥാ സമാഹാരത്തിന് (ആരാൻ ) എഴുതിയ അവതാരികയിൽ എസ് ഹരീഷ് കുറിച്ചത് ഓർമ്മ വരുന്നു.ആദ്യ കഥാസമാഹാരത്തിൽ നിന്നും രണ്ടാമത്തെ പുസ്തകത്തിലെത്തുമ്പോൾ പൊതുവായി നിൽക്കുന്ന ചില ഘടകങ്ങൾ കാണാം. നാട്/ഇടം എന്ന മോട്ടിഫാണത്. ഉത്തരകേരളത്തിന്റെ, വിശേഷിച്ച് കാസർഗോഡിന്റെ, തുളു നാടിന്റെ വൈവിധ്യമാർന്ന ഭാഷയും സംസ്കാരവും സ്ഥലരാശികളും മിത്തുകളും പ്രശാന്തിന്റെ കഥകളിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം. “പ്രദേശങ്ങളുടെ സ്ഥലപരവും ഭാഷാപരവും സാംസ്കാരികവുമായ കഥ എഴുതുകയാണ് പ്രശാന്ത്” ചെയ്യുന്നതെന്ന് എം.ആർ മഹേഷ് നിരീക്ഷിക്കുന്നു. ഒരു കഥയിൽ തന്നെ അനേകം പ്രദേശങ്ങൾ കടന്നു വരുന്നതായി കാണാം.ചില ഉദാഹരണങ്ങൾ നോക്കാം : ഉദിനൂർ, പാവൂര്കാവ്, കണ്ടംകുളംകാവ്, ആയിറ്റിപ്പുഴ, ഇടയിലക്കാട് ദ്വീപ്, ബസൂര്, തമരക്കുന്ന്, ചീമേനി,  ഭൂവനേശ്വരിക്കാവ് (കഥ:മഞ്ചു), തിരുനെറ്റിക്കല്ല് (കോട), ഈശ്വരമംഗല, സുള്ള്യ, ആദൂർ, മൈസൂർ, കുടക്, പള്ളഞ്ചിക്കുന്ന്, ബന്തടുക്ക, ആഡൂർ, കുണ്ടാർ(കഥ : ഗാളിമുഖ -കുന്നുകളാൽ ചുറ്റപ്പെട്ട സ്ഥലം), ആയിറ്റി, തൃക്കരിപ്പൂർ(ആരാൻ), തളങ്കര, മംഗലാപുരം, ചുടല, ഹോസങ്കടി (കഥ:ചുടല), പള്ളത്തൂര്, കിന്നിംഗാർ, ചന്ദനക്കാംപാറ, ബേത്തൂർ, ബെള്ളൂർ, മക്കട്ടി, അമ്പിലടുക്ക, ജാൽസൂർ, കരിവേടകം, കൊട്ട്യാടി (കഥ: പെരടി), അരയക്കാവ്, ആയിക്കർ(പാതിരാലീല), ഇടയിലക്കാട് ദ്വീപ്, കവ്വായി കായൽ, കണ്ടങ്കാളി, ആയിറ്റികടവ്, ഏഴിമല, മുനയൂർ, കുരിപ്പുമാട്, ഒണ്ടേൻമാട് (കഥ:കുരിപ്പുമാട്) ഓടക്കാവ്, വിരുന്താളം വയൽ, കണ്ടംകുളത്ത് കാവ് (കഥ:ചട്ടിക്കളി) ഇങ്ങനെ എത്രയോ പ്രദേശങ്ങൾ പ്രശാന്തിന്റെ കഥാലോകത്ത് വായനക്കാർ കണ്ടുമുട്ടുന്നു. ഒരു കഥയിൽ തന്നെ അനേകം ഭൂപ്രദേശങ്ങൾ കടന്നുവരുന്നു. ഇവയെല്ലാം കഥാഖ്യാനത്തോട് ചേർന്നാണ് നിൽക്കുന്നത്. കാസർഗോഡ് ജില്ലയും തൊട്ടടുത്ത സമീപ ജില്ലകളും തുളുനാടൻ ഗ്രാമങ്ങളും കർണ്ണാടകയുടെ അതിർത്തി പ്രദേശങ്ങളും അവിടുത്തെ ജനങ്ങളും (തുളുവർ,കന്നഡിഗർ,കൊറഗർ)പ്രാദേശിക ഭാഷകളും സംസ്കാരവും ആഘോഷങ്ങളുമെല്ലാം (കോഴിക്കെട്ട് / കോഴിയങ്കം,തെയ്യം,നായാട്ട്) കഥകളിൽ Textകാണാം. പാതിരാലീലയുടെ അവതാരികയിൽ ആർ. രാജശ്രീ എങ്ങനെ കുറിക്കുന്നു “നാട്യങ്ങളില്ലാതെ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് പ്രശാന്തിന്റെത്. ഗ്രാമത്തെ ചുറ്റിപ്പറ്റി നിൽക്കുമ്പോഴും ഗ്രാമീണവിശുദ്ധി എന്ന സങ്കല്പത്തെ അപ്പാടെ നിരാകരിക്കുന്നു എന്നത് പ്രശാന്തിന്റെ കഥകളുടെ വലിയ സവിശേഷതയാണ് “.നാടിനെ കുറിച്ച് എഴുതുമ്പോൾ അവിടുത്തെ ഭാഷയും കഥകളിൽ തെളിയുന്നുണ്ട്.പ്രത്യേകിച്ച് കാസർകോടൻ പ്രാദേശിക ഭാഷയും തുളുനാടൻ ഭാഷയുടെ ജൈവികതയും പ്രശാന്തിന്റെ കഥാലോകത്ത് നാം കാണുന്നു. ഈട (മഞ്ചു)ജാഗ, ഓമ്പ, ചാള (ആരാൻ), പൊഞ്ഞാറ്, ബത്ക്കിക്കോ, ബെഗ്ഡ് (ചുടല) ഒയന്നത് (കുരിപ്പുമാട്) ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ഇനിയും കഥകളിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കും.

കടന്നലുകളുടെ രാഷ്ട്രീയം പറയുന്ന രചനയാണ് പാതിരാലീലയിലെ ആദ്യ കഥ പുതപ്പാനി. രാഘവൻ മാഷിന്റെ വീട്ടുമുറ്റത്തെ മരത്തിൽ കാണപ്പെട്ട കടന്നൽ കൂടും അതുമായി ബന്ധപ്പെട്ട് ഉണ്ടായ നാട്ടുകാരുടെ ഭയാശങ്കകളും പശ്ചാത്തലമാക്കി സമകാലിക ഇന്ത്യൻ രാഷ്ട്രീയ ഭയാനതകളെ വരച്ചിടാനാണ് പൂതപ്പാനയിലൂടെ കെ.എൻ പ്രശാന്ത് ശ്രമിക്കുന്നത്. ദേശം,ദേശീയത എന്നിവയെ കുറിച്ചുള്ള പുനർചിന്തകൾക്ക് ഈ കഥയുടെ വായന പര്യാപ്തമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അരികവത്കരണം, അധിനിവേശം, അഭയാർത്ഥി ജീവിതം, ആവാസവ്യവസ്ഥയിൽ നിന്നുള്ള പുറം തള്ളൽ ഇങ്ങനെ അനവധി വിഷയങ്ങളിലേക്കും കഥ കടന്നു ചെല്ലുന്നു.അസമിലെ പൗരത്വ പ്രശ്നം, രോഹിംഗ്യൻ അഭയാർത്ഥികളുടെ ജീവിതം, മാവോയിസ്റ്റ് വേട്ട, അധികാരപ്രയോഗങ്ങൾ ദേശഭൂപടത്തിൽ നിന്നും പുറന്തളപ്പെടു ജനജീവിതം എന്നിങ്ങനെ അനവധി അടരുകൾ ഈ കഥക്കകത്ത് അടക്കം ചെയ്തിട്ടുണ്ട്.

കാസർക്കോട്ടെ കോഴിപ്പോരിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയാണ് പെരടി. കോഴിക്കെട്ട് ലഹരിയാക്കി നടക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഈ കഥയിൽ കാണാം. ഈ കഥയിലെ കാമേഷ് പോരുകോഴികളെ പോലെ കാമം കൊണ്ടും വിശപ്പുകൊണ്ടും തളർന്നവനാണ് . അയാളുടെ സ്വപ്നദർശനവും കാട്ടിലേക്കുള്ള യാത്രയും കാടിന്റെ പശ്ചാത്തലവിവരണവും കഥയെ മികച്ച ഒരു ദൃശ്യവിരുന്നാക്കി മാറ്റുന്നു. അധികാര വിധേയഭാവം കഥയിൽ തെളിഞ്ഞു കാണാം. വന്യത കെ.എൻ പ്രശാന്തിന്റെ കഥകളുടെ മുഖ്യ ഘടകമാണ്. ‘വന്യത കൊണ്ട് ബലപ്പെട്ട കഥകൾ’ എന്നാണ് ആർ.രാജശ്രീ കഥാസമാഹാരത്തിന്റെ അവതാരികയിൽ പ്രശാന്തിന്റെ കഥകളെ തലക്കെട്ടിട്ട് വിശേഷിപ്പിച്ചത്.

വിഭിന്നലിംഗ ജീവിതം നയിക്കുന്ന മനുഷ്യരും അവരനുഭവിക്കുന്ന കളിയാക്കലുകളും സദാചാരബോധത്തിൽ അധിഷ്ഠിതമായ സമൂഹവും പുരുഷാധിപത്യവും എല്ലാം വിഷയവൽക്കരിക്കപ്പെടുന്ന കഥയാണ് ‘പാതിരാലീല’. ഇരട്ടകളായ അനുപമ അരുണ എന്നിവരുടെ ജീവിതത്തെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന രചനയാണ് മൾബറിക്കാട്. ലൈംഗികത, ഭയം, പാപബോധം എന്നിങ്ങനെ പല വിഷയങ്ങളിലേക്ക് കഥ വികസിക്കുന്നു. കൊറോണ കാലം പ്രമേയമാകുന്ന കഥ കൂടിയാണ് ‘കുരിപ്പുമാട്’. വസൂരി വന്നവരെ ഉപേക്ഷിക്കുന്ന കുരിപ്പുമാട് എന്ന ദുരൂഹമായ പ്രദേശത്തെ മുൻനിർത്തിയാണ് കഥ ആഖ്യാനം ചെയ്തിരിക്കുന്നത്. പകയും പ്രതികാരവുമെല്ലാം പ്രമേയമാകുന്ന ഈ കഥയിൽ കടലും കായലും കണ്ടൽതുരുത്തും ദൃശ്യാഖ്യാനത്തിന്റെ ഭാഗമാകുന്നു. ചട്ടിക്കളി, ഗുഹപോലുള്ള വേറിട്ട കഥകളും ഈ സമാഹാരത്തിൽ കാണാം.

സിനിമാറ്റിക് ആണ് പ്രശാന്തിന്റെ മിക്ക കഥകളും. പെരടി, കുരിപ്പുമാട് തുടങ്ങിയ കഥകൾ എല്ലാം തന്നെ ഒരു സിനിമ കണ്ട് ആസ്വദിക്കുന്ന രീതിയിൽ വായിച്ചു തീർക്കാവുന്നവയാണ്. നാട്ടുഭാഷയും ജാതീയതയും അധികാരവും പരിസ്ഥിതിയും പ്രണയവും പകയും കൊലപാതകങ്ങളും രാഷ്ട്രീയധ്വനികളും നിറഞ്ഞ രചനകളാണ് പാതിരാലീല എന്ന സമാഹാരത്തിലുള്ളത്. കഥനവൈഭവം കൊണ്ടും ഇതിവൃത്തം കൊണ്ടും ഏതൊരു ഭാഷയിലെയും വായനക്കാരോട് സംവദിക്കുന്ന ‘ഗ്ലോക്കൽ’ കഥകൾ കൂടിയായി മാറുന്നുണ്ട് ഇവ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.