DCBOOKS
Malayalam News Literature Website

മാരാരുടെ വഴി

ജെ എസ് അനന്ത കൃഷ്ണൻ(എഴുത്തുകാരൻ, വിവർത്തകൻ, പ്രാസംഗികൻ, ദേശീയ അന്തർ ദേശീയ പുരസ്കാരജേതാവ്)

വിമർശനം വസ്തുനിഷ്ഠമായ ഒരവലോകനപ്രക്രിയ മാത്രമാണോ ? തെളിനിലാവ് പോലെ ശാന്തമായ മനസ്സ് സൃഷ്ടിക്കുന്ന അക്ഷരങ്ങളുടെ മായാജാലക്കാഴ്ചകളുടെ കൂട്ടത്തിൽ എന്തുകൊണ്ടാകും വിമർശനസാഹിത്യത്തിന് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് . വിമർശനത്തിന്റെ മാറ്റു കൂട്ടിയവരിൽ തന്നെ അളവുകോലുകൾക്കും ത്രാസ്സിൻ തട്ടുകൾക്കും എന്തുകൊണ്ടാകാം ആത്മാന്വേഷികൾ കനം കുറഞ്ഞവരായി പോയത് .

പരക്കെ വിമർശനത്തിന്റെ ലോകത്തിൽ വ്യക്തിനിഷ്ഠമായ അവലോകങ്ങൾക്ക് അത്രമേൽ കയ്യടികൾ കിട്ടാറില്ലെന്നു മാത്രമല്ല ചിലപ്പോൾ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുകയും ചെയ്യാറുണ്ട്. വിമർശനം സർഗാത്മകമായ ഒരു പ്രവൃത്തിയാണെന്നും അത് സാമൂഹികോദ്ധാരണത്തിനുള്ള ആയുധമാണെന്നും വിശ്വസിച്ച അദ്വിതീയനായ മാരാരെ കുറിച്ചാണ് പറഞ്ഞുവരുന്നത് .

അകമേ തെളിയുന്ന ആത്മാന്വേഷണങ്ങളുടെ ആകെത്തുകയാണ് മാരാരുടെ വിമര്ശനപദ്ധതി. സത്യത്തിന്റെ പ്രത്യക്ഷങ്ങളിൽ ഏറ്റവും ‘സത്യസന്ധമായതു’ തന്റെ ഇന്ദ്രിയാനുഭൂയതികളിലൂടെ സ്വാംശീകരിച്ചു മനനം ചെയ്തു തങ്ങൾക്കു തന്നെ ബോധ്യമാകുന്നതാണെന്നു പറഞ്ഞാൽ പറയുന്നയാൾ ഒരഹങ്കാരിയാകുമെങ്കിൽ , മാരാർ ഒരഹങ്കാരിയാണ് .

തന്റെ ചിന്തകൾക്ക് അകക്കണ്ണിന്റെ വിളക്കാണ് മാരാർക്കു വഴികാട്ടിയായതു. അകക്കണ്ണ് തെളിയിച്ച വഴിയിലൂടെ പിറന്ന മണ്ണിൽ കാലുകൾ ആഴത്തിൽ ഊന്നിയാണ് തന്റെ ഹൃദയകാശത്തെ മാരാർ വിശാലമാക്കിയത്. ( വ്യക്തിയാണ് പ്രധാനം എന്ന ഉപന്യാസം വായിക്കുക).

ആസ്വാദനം വ്യക്തിപരമായ ഒരു അനുഭവ തലമാണല്ലോ. സാഹിത്യ സിദ്ധാന്തങ്ങളുടെ വിശകലനസ്വഭാവത്തിനു ഇവിടെ രണ്ടാം സ്ഥാനമേ കല്പിക്കായ്കയുള്ളു. മാരാർ എന്ന ആസ്വാദകനാണ് സഹൃദയനോട് പ്രാഥമികമായി സംസാരിക്കുന്നതു . എസ് ടി കോൾറിജ് തന്റെ കുബ്ലാ ഖാൻ എന്ന കവിതയിൽ ഭാവനയിൽ നിന്ന് കുബ്‌ലയുടെ കൊട്ടാരത്തെ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുന്നതിനെ പറ്റി പറയുന്നുണ്ട് . കാവ്യഭാവനയുടെ കർമം ഇത് തന്നെയാണ് . ഈ കവിതയെ അനുഭവിക്കുമ്പോൾ ആസ്വാദകൻ എന്തരമേൽ കുബ്‌ലയുടെ കൊട്ടാരത്തെ അനുഭവിക്കുന്നു എന്നടുത്താണ് കവിതയുടെ വിജയം .ഇത്തരത്തിലുള്ള അനുഭവതാളങ്ങളെ സൃഷ്ടിക്കാനുള്ള സാഹിത്യോപാസകന്റെ കഴിവിലാണ് അല്ലാതെ എഴുത്തിന്റെ അളവുകളിലാണ് മാരാർ മഹാസാഹിത്യകാരെ ദർശിച്ചത് .

മാരാരുടെ വേറിട്ട ഇത്തരത്തിലുള്ള സാഹിത്യചിന്താപാതകളുടെ മറ്റൊരു പ്രത്യേകത കൂട്ടത്തിനൊപ്പം സഞ്ചരിക്കാതിരിക്കലാണ് .അതിനു രണ്ടുദാഹരണങ്ങൾ പറയാം . ആദ്യത്തേത് ടോൾസ്റ്റോയുടെ വിശ്വവന്ദ്യമായ വാർ ആൻഡ് പീസ് എന്ന കൃതിയെക്കുറിച്ചുള്ള മാരാരുടെ വിമർശനമാണ് . ഏറെ വിമർശകപ്രീതിക്ക് പത്രമായ പുസ്തകമെന്നിരിക്കിലും വാർ ആൻഡ് പീസ് മാരാർക്കു ടോൾസ്റ്റോയുടെ മറ്റു കൃതികളുമായി തട്ടിച്ചു നോക്കുമ്പോൾ രണ്ടാം തരാം തന്നെയാണ്.

മറ്റൊരവസരം മാരാർക്കു യുധിഷ്ഠിരനെക്കുറിച്ചുള്ള അഭിപ്രായമാണ് ( ഭാരതപര്യടനം ) . ധര്മപുത്രരെന്നു മാലോകർ വാഴ്ത്തുന്ന യുധിഷ്ഠിരൻ മാരാർക്കത്ര ധര്മിഷ്ഠനല്ല . സ്വപത്നിയെയും സഹോദരനെയും പണയം വച്ച രാജാവെങ്ങനെയാണ് ധര്മിഷ്ഠനാകുക ,മാരാർ ചോദിക്കുന്നു . ഭയലേശമില്ലാതെ സമൂഹത്തിന്റെ പൊതുവഴികളിൽ നിന്ന് മാറിനടക്കുക എന്നതാണ് വിമര്ശകധർമ്മം എന്ന് മാരാർ ഊന്നിപ്പറയുന്നു .

മാരാർ ഇന്ന് പ്രസക്തനാകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. തനതായ , പാശ്ചാത്യസിദ്ധാന്ത വഴികളിൽ നിന്ന് വേറിട്ട , ഒരു മലയാള വിമർശന പദ്ധതിയെ കുറിച്ച് ചിന്തിക്കേണ്ടത്തിന്റെ പ്രസക്തി ഏറെ നാളുകളായി ചർച്ചയിലുണ്ടെങ്കിലും ഇന്നും പടിഞ്ഞാറിന്റെ ചിന്താവഴികളെ തന്നെയാണ് സാഹിത്യവലോകനത്തിനു ഉപയോഗിച്ച് പോകുന്നതായി കാണുന്നത് . ലോകത്തിന്റെ പൊതുവായ സാഹിത്യവഴികളികൂടെ ചരിക്കുന്നതു ഏറെ അഭികാമ്യം തന്നെ . എന്നിരുന്നാലും ഈ മണ്ണിന്റെ മണമറിയാതെ എങ്ങനെയാണ് അതിൽ മുളക്കുന്ന വൃക്ഷങ്ങളുടെ ഗുണം മനസ്സിലാക്കാനാകുക. തങ്ങളുടേതായ വഴി വെട്ടി മലയാള വിമർശനത്തിന് കേരളത്തനിമയുള്ള നിറം പകരുന്ന ഒരു സിദ്ധാന്തമാർഗം ഉണ്ടാക്കുന്ന വിമർശകർ നയിക്കുന്ന നാളുകൾ കടന്നുവരട്ടെ എന്ന് പ്രതീക്ഷ .

Comments are closed.