DCBOOKS
Malayalam News Literature Website

റഫറന്‍സുകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഇടയിലൂടെ നീളുന്ന പ്രണയയാത്രകള്‍

ക്രിസ് ക്രൗസിന്റെ ‘ഐ ലവ് ഡിക്ക്’ എന്ന പുസ്തകത്തിന് വിവര്‍ത്തക സംഗീത ശ്രീനിവാസന്‍ എഴുതിയ കുറിപ്പില്‍ നിന്നും, പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം ഡി സി ബുക്‌സിലൂടെ ഉടന്‍ വായനക്കാരിലെത്തും

സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പുസ്തകം’ എന്നാണ് ഗാര്‍ഡിയന്‍ പത്രം ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ‘ഒരു ബസ് യാത്രയില്‍ ഇതൊന്ന് വായിച്ചു നോക്കൂ-ഞങ്ങള്‍ വെല്ലുവിളിക്കുന്നു’ എന്ന് സണ്‍ഡേ ടൈംസും! അതെ, ഒരു ബസ്‌യാത്രയിലോ തീവണ്ടിയാത്രയിലോ വായിക്കാന്‍ വേണ്ടിയാണ് ഈ പുസ്തകം നിങ്ങള്‍ കയ്യിലെടുക്കുന്നതെങ്കില്‍ ദയവുചെയ്ത് താഴെ വെക്കുക. കാരണം, അതത്ര എളുപ്പമാവില്ല. ഈ രചനയെ ഒരു നോവല്‍ എന്ന് വിളിക്കാമോ എന്ന ചോദ്യം പല നിരൂപകരും ആവര്‍ത്തിച്ചിരുന്നു. അനേകം കത്തുകള്‍, അനേകം ചിന്തകള്‍! എന്നാല്‍ ആദിമധ്യാന്ത പൊരുത്തങ്ങള്‍ തീര്‍ക്കുന്ന രചനയെ നോവല്‍ എന്ന് വിശേഷിപ്പിക്കാമെങ്കില്‍ ഇത് ഏറെ സവിശേഷമായ നോവലാണെന്ന് തന്നെ പറയേണ്ടി വരും. റഫറന്‍സുകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഇടയിലൂടെ നീളുന്ന ഹൃദയരേഖകള്‍ പോലെയാണ് എഴുത്തുകാരി ‘തന്നെ’ വായനക്കാരന്റെ കൈകളില്‍ എത്തിക്കുന്നത്. ഇതില്‍ അടങ്ങാത്ത പ്രണയമുണ്ട്, പ്രണയത്തിനു വേണ്ടിയുള്ള തീരാത്ത യാത്രകളുണ്ട്, സ്വയം കണ്ടെത്തുക എന്ന കാലാതീതമായ ആ സത്യവും കടന്നുവരുന്നുണ്ട്.

ചലച്ചിത്ര സംവിധായികയായ ക്രിസ് ക്രൗസിന് തന്റെ ഭര്‍ത്താവ് സില്‍വേര്‍ ലൊത്രാന്‍ഷെയുടെ സഹപ്രവര്‍ത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാള്‍ക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭര്‍ത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമായുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങള്‍ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ല്‍ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ‘ഉന്മാദാവസ്ഥയില്‍’നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. വെറും കാമാതുരമായ ഒരഭിനിവേശത്തെ എങ്ങനെ കലയാക്കി മാറ്റാമെന്ന് അവര്‍ കാണിച്ചു തരുന്നു.

തികച്ചും ഒരു ഫെമിനിസ്റ്റ് ക്ലാസ്സിക്കായ ഈ പുസ്തകത്തിന്റെ പ്രത്യേകത ഇതിലെ അപാരമായ ബുദ്ധിപരതയാണ്, കാര്യങ്ങളെ കാര്യകാരണ ബന്ധങ്ങളോടെ വിശകലനം ചെയ്യുന്നതിലുള്ള എഴുത്തുകാരിയുടെ കഴിവാണ്. ബുദ്ധിയും നര്‍മ്മബോധവും ഭാഷാപ്രയോഗങ്ങളുമാണ് എഴുത്തുകാരെ എഴുത്തുകാരാക്കുന്നത്. അല്ലാത്തവര്‍ വെറും കഥ പറച്ചിലുകാരായി അവശേഷിക്കും. ധിഷണയെയും നര്‍മ്മത്തെയും ഒരുപോലെ അവതരിപ്പിക്കാന്‍ കഴിയുന്ന വാക്കാണ് ‘വിറ്റ്’ എങ്കില്‍, തീര്‍ച്ചയായും ഈ പുസ്തകത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ ആ പദംതന്നെയാണ് ഞാനും മനസ്സില്‍ കാണുന്നത്,
ചോരുന്ന വെളിച്ചത്തില്‍ എഡ് റൂഷേ തീര്‍ത്ത ഒരു ആക്രിലിക് വാക്ക് പോലെ.

ക്രിസ് ക്രൗസിന്റെ അസാമാന്യമായ നര്‍മ്മബോധവും ബുദ്ധിപരതയും മാറ്റിനിര്‍ത്തിയാല്‍, അതിലേറെ വലുതാണ് അവര്‍ ജീവിച്ചറിഞ്ഞതും വായിച്ചറിഞ്ഞതുമായ ജീവിതവും കടന്നുപോയ വഴികളും എന്ന് കാണാം. 1970-കളില്‍ ന്യൂയോര്‍ക്കിലെ നിശാശാലകളില്‍ ഒരു സ്ട്രിപ്പറായി പണിയെടുത്ത് വീട്ടുവാടക കൊടുത്തിരുന്ന ക്രിസ് ക്രൗസിനെ അവരുടെ അനുഭവങ്ങളുടെയും വായനയുടെയും അറിവിന്റെയും വെളിച്ചത്തില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ സാഹിത്യ ലോകത്തെ ഒരുപോലെ ഞെട്ടിക്കുകയും വശീകരിക്കുകയും ചെയ്ത കാത്തി അക്കറെ ഓര്‍ക്കേണ്ടി വരും. (പിന്നീട് ക്രിസ് ക്രൗസ് കാത്തി അക്കറുടെ ഒരു ജീവചരിത്രം എഴുതുകയുണ്ടായി.) ഗര്‍ഭച്ഛിദ്രങ്ങളും ലൈംഗികരോഗങ്ങളും കാമവും വെറുപ്പും തന്റെ ജീവിതാനുഭവങ്ങളായിരിക്കെ കാത്തി അതിനെയെല്ലാം മറികടന്നത് ആര്‍ക്കും അനുകരിക്കാനാവാത്ത തന്റെ എഴുത്തിന്റെ ശക്തിയിലൂടെ ആയിരുന്നു. വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമല്ലാത്ത ഒരു പെണ്ണിന്റെ നിര്‍ബന്ധ ബുദ്ധിയോടെയുള്ള അന്വേഷണമായിരുന്നു കാത്തി അക്കറിന്റെ ഡോണ്‍ കിഹോത്തെ. ഒരു പോരാളിയായി മാറി ആധുനിക അമേരിക്കയെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന ദുഷ്ടശക്തികളെ നിഗ്രഹിക്കുക. അതായിരുന്നു അവരുടെ ആഗ്രഹം. അതിനുവേണ്ടി അവര്‍ തിരഞ്ഞെടുത്ത വഴിയോ-ഏതൊരു പെണ്ണിനും ചിന്തിക്കാവുന്ന ഭ്രാന്തന്‍ ആശയം-പ്രണയം!

പ്രണയത്തിലൂടെയുള്ള ഈ യാത്രതന്നെയാണ് ‘ഐ ലവ് ഡിക്കി’ലും കടന്നുവരുന്നത്. ഇവിടെയത്, ഒളിനോട്ടങ്ങള്‍ക്കായി വായനക്കാരനെ ഇളക്കിവിടുന്ന ഒരൊഴിയാബാധയായി തീരുന്നു. മനുഷ്യന്‍ ആത്യന്തികമായി മൃഗംതന്നെയാണെങ്കില്‍ രണ്ടുപേര്‍ക്കിടയിലുള്ള ബന്ധത്തിലേക്ക് മൂന്നാമതൊരാള്‍ കടന്നുവരുന്നത് സാമൂഹിക ചട്ടങ്ങള്‍ എത്ര അരക്കിട്ടുറപ്പിച്ചാലും തടുക്കാനാകാത്ത സഹജവാസനാ ബോധമാണ്. എന്നാല്‍ മനുഷ്യര്‍ വെറും മൃഗങ്ങളായി അവശേഷിക്കാത്തത് അനുഭവങ്ങളിലൂടെയും വായനയിലൂടെയും അവര്‍ നേടിയെടുക്കുന്ന സാധ്യതകളിലൂടെയാണ്. അറിവ് കൂടുന്തോറും മനുഷ്യര്‍ക്ക് മാലാഖമാരുടെ ശ്രേണിയിലേക്കുയരാം, ദന്തഗോപുരങ്ങളില്‍ ഇരിപ്പുറപ്പിക്കാം. അതുകൊണ്ടുതന്നെയാവണം നിരൂപണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലും സങ്കീര്‍ണ്ണമായ ഒരു സൃഷ്ടിയായി ഈ പുസ്തകം നിലനില്‍ക്കുന്നതും. സാംസ്‌കാരിക നിരൂപണങ്ങള്‍ക്കും ആത്മവിശകലനങ്ങള്‍ക്കും ഇടയിലൂടെ ഒരു നൂല്‍പ്പാലം പോലെയാണ് ഇതില്‍ കഥ കടന്നുപോകുന്നത് – കഥയെന്ന് ഇതിനെ വിശേഷിപ്പിക്കാമെങ്കില്‍. ക്രിസിന്റെയും അവരുടെ ഭര്‍ത്താവ് സില്‍വേര്‍ ലൊത്രാന്‍ഷെയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന തികച്ചും സാധാരണമായ ഒരു തോന്നലിനെ (നൂറായിരം തവണ ഓരോ ബുദ്ധസന്ന്യാസിമാരുടെയും മനസ്സിലൂടെ കടന്നുപോയിരിക്കാന്‍ ഇടയുള്ള അതിസാധാരണമായ തോറ്റങ്ങളില്‍ ഒന്ന്) തുടര്‍ന്നെത്തുന്ന അസാധാരണവും വിചിത്രവുമായ സംഭവവികാസങ്ങളാണ് ഇവിടെ പ്രമേയമാവുന്നത്. ക്രിസിന് തന്റെ ഭര്‍ത്താവിന്റെ സുഹൃത്തായ ഡിക്കിനോട് തോന്നുന്ന നിയന്ത്രിക്കാനാവാത്ത അഭിനിവേശം, അതില്‍ നിരാശയും ആഹ്ലാദവും ഒരുപോലെ അനുഭവിക്കുന്ന, ഒരു പരിധിവരെ അവളെ സഹായിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന പ്രായം ചെന്ന ഭര്‍ത്താവ്. എന്നാല്‍ സാംസ്‌കാരിക നിരൂപകനും വിമര്‍ശകനുമായ ഡിക് ഹെബ്ഡിജിനോട് തോന്നുന്ന തിരിച്ചുകിട്ടാത്ത പ്രണയം എന്നതിലുപരി ഈ പുസ്തകം സിദ്ധാന്തങ്ങളില്‍ ഊന്നിയ നെടുനീളന്‍ ചര്‍ച്ചകളാലും കലാ വിചിന്തനങ്ങളാലും സജീവമാണ്. ഇതില്‍ രതിയും രാഷ്ട്രീയവും ഫെമിനിസവും മനോവിശ്ലേഷണങ്ങളും സംഗീതവും ചിത്രകലയും എല്ലാം ഒരേ തോതില്‍ കടന്നുവരുന്നു. ജൂതജീവിതവും ആഴത്തില്‍ കടന്നുവരുന്നു ഈ പുസ്തകത്തില്‍.

ഒരു പെണ്ണ് എങ്ങനെയാണ് തന്റെ പ്രണയം അറിയിക്കുക, അതും നാല്‍പ്പതുകളിലുള്ള, കാണാന്‍
അത്രയേറെ ഭംഗിയോ രൂപസൗകുമാര്യമോ അവകാശപ്പെടാനില്ലാത്ത, ബുദ്ധിജീവികളായിട്ടുള്ള ആണുങ്ങളെക്കാള്‍ മീതെ ചിന്തിക്കുന്ന ഒരു പെണ്ണ്? ഹെന്റി ജെയിംസിന്റെ സ്വര്‍ണ്ണക്കോപ്പയെ ഓര്‍ത്തുകൊണ്ട് ക്രിസ് പറയുന്നു. അവള്‍ക്ക് ഊായ രൗിെേന്റ കഥ പറയുക മാത്രമേ ഇനി ചെയ്യാനുള്ളൂ. എന്നാല്‍ എങ്ങനെ? ഇംഗ്ലിഷില്‍ ഊായ എന്ന വാക്ക് രണ്ടര്‍ത്ഥത്തില്‍ പ്രയോഗിക്കാം. വിഡ്ഢി എന്ന അര്‍ത്ഥത്തിലും മൂകം എന്ന അര്‍ത്ഥത്തിലും. (മലയാള
വിവര്‍ത്തനത്തില്‍ എന്റെ പരിമിതികളെ സങ്കടത്തോടെ ഓര്‍ക്കട്ടെ) എന്നാല്‍ ഇത് രണ്ടിനും ക്രിസ് ഒരുക്കമല്ല. അര്‍ത്ഥവും ആഴവുമില്ലാത്ത വാക്കുകളും ചേഷ്ടകളുംകൊണ്ട് ആഗ്രഹിക്കുന്ന പുരുഷനെ കയ്യിലെടുക്കാന്‍ അവര്‍ ഒരു വെറും പെണ്ണല്ല. അതുകൊണ്ട് കലാകാരരെയും എഴുത്തുകാരെയും ചലച്ചിത്രസംവിധായകരെയും സിദ്ധാന്തങ്ങളെയും കഥകളെയും രാഷ്ട്രീയത്തെയുംകുറിച്ചുള്ള തന്റെ ചിന്തകള്‍ അവര്‍ പല പല കത്തുകളിലൂടെ ഡിക്കിനെ അറിയിക്കുന്നു. സിമോണ്‍ വെയിലും ഗത്താരിയും ലേഡീ നീജോയും ഹന്ന വില്‍ക്കെയും കിറ്റായിയും കാതറീന്‍ മാന്‍സ്ഫീല്‍ഡും ഭൂമിശാസ്ത്രവും കാലാവസ്ഥയും എന്തിന്, ഗ്വാത്തെമാലയില്‍ ഇകഅ നടത്തുന്ന ഇടപെടലുകള്‍ വരെ ഈ കത്തുകളില്‍ വിഷയമാകുന്നുണ്ട്. തന്റെ ആഗ്രഹങ്ങളെക്കുറിച്ചും ഒരു കലാകാരി എന്ന നിലയിലുള്ള പരാജയങ്ങളെക്കുറിച്ചും അവര്‍ വിശകലനം ചെയ്യുന്നു. രഹസ്യങ്ങള്‍ അവശേഷിപ്പിക്കാത്ത ഒരു നെടുനീള കുമ്പസാരം പോലെയാണ് ഈ പുസ്തകത്തിന്റെ ചുരുളഴിയുന്നത്.  തിരിച്ചുകിട്ടാത്ത തന്റെ പ്രണയവും അതുപോലെതന്നെ ഒരു പെണ്ണ് അനുഭവിക്കേണ്ടി വരുന്ന മടുപ്പും പിടച്ചിലും ആവിഷ്‌കരിക്കാന്‍ വേണ്ടി സാഹിത്യത്തിലെ എക്കാലത്തെയും വലിയ കൃതികളിലൊന്നായ ഗുസ്താവ് ഫ്‌ളൊബേറിന്റെ മദാം ബോവാറിയെയാണ് ക്രിസ് കടമെടുത്തിരിക്കുന്നത്. എമ്മയെ സംബന്ധിച്ചിടത്തോളം തന്റെ ഭര്‍ത്താവ് ചാള്‍സുമൊത്തുള്ള സെക്‌സ് ഡിക്കിന് പകരമാകുന്നില്ലെന്ന് ക്രിസ് തന്റെ വായനക്കാരോട് പറയുന്നു. ഒരു കാലയളവ് പിന്നിട്ടാല്‍ ഏതൊരു ദാമ്പത്യവും ആവേശങ്ങള്‍ കെട്ടടങ്ങി, സ്ഥിരപരിചയങ്ങളിലൂടെ മയപ്പെട്ട്, രതിയില്‍നിന്ന് മോചിതമാകുന്നു. പിന്നീട് അവശേഷിക്കുക ഒരേ കിടക്ക പങ്കിടുന്നവരുടെ നര കേറിത്തുടങ്ങിയ സൗഹൃദഭാവങ്ങളും സഹാനുഭൂതികളുമാണ്.

Comments are closed.