DCBOOKS
Malayalam News Literature Website

വിഖ്യാത എഴുത്തുകാരന്‍ ആമോസ് ഓസ് അന്തരിച്ചു

ജറുസലേം: വിഖ്യാത ഇസ്രയേലി എഴുത്തുകാരന്‍ ആമോസ് ഓസ് (79)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മകളും ചരിത്രകാരിയുമായ ഫനിയ ഓസ് സാല്‍സ്‌ബെര്‍ഗറാണ് മരണവിവരം പുറത്തുവിട്ടത്. നോവലിസ്റ്റും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ബുദ്ധിജീവിയുമായിരുന്ന ആമോസ് ഓസ് ബെന്‍ ഗുറിയോണ്‍ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു.

1939 മെയ് നാലിന് ജറുസലേമിലായിരുന്നു ആമോസ് ഓസിന്റെ ജനനം. ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സാഹിത്യവും തത്വശാസ്ത്രവും പഠിച്ചു. നിരവധി നോവലുകളും നൂറുകണക്കിന് ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകള്‍ 45-ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരമായ ഇസ്രയേല്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. നിരവധി തവണ നൊബേല്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടിയെങ്കിലും അവസാനഘട്ടത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ച അദ്ദേഹത്തിന്റെ നിലപാടിനെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. ഇക്കാരണത്താല്‍ രാജ്യദ്രോഹിയെന്ന് പലരും മുദ്ര കുത്തിയെങ്കിലും ആ വിമര്‍ശനങ്ങളെ അംഗീകാരമായി കാണുന്നുവെന്നായിരുന്നു ആമോസ് ഓസിന്റെ പ്രതികരണം.

ബ്ലാക്ക് ബോക്‌സ്, ഇന്‍ ദി ലാന്റ് ഓഫ് ഇസ്രയേല്‍, എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്ക്‌നെസ്, ദി സെയിം സീ എന്നിവയാണ് പ്രധാന കൃതികള്‍. ആമോസ് ഓസിന്റെ ഫിമ എന്ന നോവല്‍  ഡി.സി ബുക്സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Comments are closed.