DCBOOKS
Malayalam News Literature Website

സര്‍വ്വരാജ്യ തൊഴിലാളി ദിനം

മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയായില്‍ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.

Comments are closed.