DCBOOKS
Malayalam News Literature Website

സത്യജിത്ത് റേയുടെ ജന്മവാര്‍ഷിക ദിനം

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരില്‍ ഒരാളായാണ് സത്യജിത്ത് റേ (1921 മേയ് 2.- 1992 ഏപ്രില്‍ 23) അറിയപ്പെടുന്നത്. കൊല്‍ക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സത്യജിത്ത് റേ അവിടുത്തെ പ്രസിഡന്‍സി കോളേജിലും ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയിലും ആയാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഭിനേതാവായാണ് റേ കലാജീവിതം ആരംഭിച്ചത്. ചലച്ചിത്രനിര്‍മ്മാതാവായ ഴാങ് റെന്‍വായെ കണ്ടതും ബൈസിക്കിള്‍ തീവ്‌സ് എന്ന ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്രനിര്‍മ്മാണരംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു.

ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേര്‍ പാഞ്ചാലി (1955) 11 അന്താരാഷ്ട്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. കാന്‍ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമന്‍ ഡോക്യുമെന്റ് പുരസ്‌കാരവും ഇതില്‍പ്പെടും. പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ തുടര്‍ചിത്രങ്ങളാണ് അപുത്രയം എന്ന പേരില്‍ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കല്‍ (casting), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിര്‍മ്മാണരംഗത്തെ എല്ലാ മേഖലകളിലും റേ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1983ല്‍, ഘരേ ബായിരേ (വീടും ലോകവും) എന്ന ചലച്ചിത്രത്തിന്റെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് റേയ്ക്ക് ഒരു ചെറിയ ഹൃദയാഘാതമുണ്ടായി. ഇത് അടുത്ത 9 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളെ വലിയൊരളവ് വരെ കുറച്ചു. ഘരേ ബായിരേ 1984ല്‍ റേ തന്റെ ശാരീരികാശ്വാസ്ത്യം കാരണം തന്റെ മകന്റെ സഹായത്തോടുകൂടിയാണ് പൂര്‍ത്തിയാക്കിയത്. അവിടുന്നങ്ങോട്ട് റേയുടെ മകന്‍ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്. തീക്ഷണമായ ദേശീയവാദത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ടാഗോറിന്റെ ഈ നോവല്‍ സിനിമയാക്കണമെന്ന് അദ്ദേഹത്തിന്റെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. 1940ല്‍ ദുര്‍ബലമായ (അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍) ഒരു തിരക്കഥ അദ്ദേഹം ഈ കഥയെ ആസ്പദമാക്കി രചിക്കുകപോലുമുണ്ടായി. തന്റെ അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ നിര്‍മ്മിച്ചതിന്റെ പോരായ്മകളുണ്ടായിട്ടും ഈ സിനിമ വിമര്‍ശന പ്രശംസ പിടിച്ചുപറ്റി. 1987ല്‍ അദ്ദേഹം തന്റെ അച്ഛനായ സുകുമാര്‍ റേയെപ്പറ്റി ഒരു ഡോക്യുമെന്ററിയും ഉണ്ടാക്കുകയുണ്ടായി.

റേയുടെ അസുഖം ഭേദമായതിനുശേഷം നിര്‍മ്മിച്ച അവസാന മൂന്ന് ചിത്രങ്ങളും അധികവും പുറമേയല്ല ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകമായ ഒരു ശൈലിയില്‍ സംഭാഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ സിനിമകള്‍ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ചുനോക്കുമ്പോള്‍ നിലവാരത്തില്‍ കുറവാണെന്ന് കരുതപ്പെടുന്നു. ആദ്യത്തേതായ ഗണശത്രു (ജനങ്ങളുടെ ശത്രു), ഇബ്‌സെന്റെ An Enemy of the People എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. ഈ സിനിമയാണ് അവസാന മൂന്നില്‍ ഏറ്റവും മോശപ്പെട്ടതായി വിലയിരുത്തപ്പെടുന്നത്. 1990ലെ സിനിമയായ ശാഖ പ്രൊശാഖ (മരങ്ങളുടെ ശിഖരങ്ങള്‍) എന്ന സിനിമയില്‍ അദ്ദേഹം തന്റെ പ്രതാപം വീണ്ടെടുത്ത് തിരിച്ച് വന്നു. ഇതില്‍ ഒരു സത്യസന്ധനായ ഒരു വൃദ്ധന്‍, തന്റെ മൂന്ന് മക്കളുടെ അഴിമതികളെക്കുറിച്ചറിഞ്ഞ് അവരുമായി അകന്ന് തന്റെ മാനസികാസ്വാസ്ഥ്യമുള്ള നാലാം കുട്ടിയുടെ സംരക്ഷണത്തിനായി ഒതുങ്ങിക്കൂടുന്നതാണ് കഥ. ശഖ പ്രശഖയ്ക്ക് ശേഷം, ആഗന്തുക് (അപരിചിതന്‍) എന്ന സിനിമയാണ് അദ്ദേഹം നിര്‍മ്മിച്ചത്.

1992ല്‍ ഹൃദയസംബന്ധമായ കാരണങ്ങളാല്‍ റേയുടെ ആരോഗ്യം മോശമായി. ഇതേത്തുടര്‍ന്ന് ആശുപത്രിവാസിതനാക്കപ്പെട്ട അദ്ദേഹത്തിന് പിന്നീട് ആ അവസ്ഥയില്‍ നിന്ന് കരകയറാനായില്ല. മരിക്കുന്നതിനു ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് ബഹുമാനസൂചകമായി അദ്ദേഹത്തിന് ഒരു ഓസ്‌കാര്‍ സമ്മാനിച്ച് ആദരിക്കുകയുണ്ടായി. ഏപ്രില്‍ 23, 1992ന് ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മഹാനായ ഈ ചലച്ചിത്രകാരന്‍ ഈ ലോകത്തോട് വിട പറഞ്ഞു.

Comments are closed.