DCBOOKS
Malayalam News Literature Website

രാജ്യത്തെ ആദ്യ വനിതാ ഐ.എ.എസ് ഓഫീസര്‍ അന്ന രാജം മല്‍ഹോത്ര അന്തരിച്ചു

മുംബൈ: രാജ്യത്തെ ആദ്യ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയും മലയാളിയുമായ അന്ന രാജം മല്‍ഹോത്ര(92) അന്തരിച്ചു. അന്ധേരി മരോളിലെ ശുഭം കോംപ്ലക്‌സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം മുംബൈയില്‍ നടത്തി. 1989-ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുള്ള അന്ന മല്‍ഹോത്ര റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ പരേതനായ ആര്‍.എന്‍ മല്‍ഹോത്രയുടെ ഭാര്യയാണ്.

പത്തനംതിട്ട സ്വദേശിയായ അന്ന രാജം മല്‍ഹോത്ര നിരണം ഒറ്റവേലില്‍ ഒ.എം ജോര്‍ജ്ജിന്റെയും അന്നാ പോളിന്റെയും മകളായി 1927-ലാണ് ജനിച്ചത്. കോഴിക്കോട് പ്രൊവിഡന്‍സ് കോളെജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ നിന്ന് ബിരുദവും നേടിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി. 1950-ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതമാര്‍ക്കോടെയായിരുന്നു വിജയം. ഹൊസൂര്‍ സബ് കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം. കേന്ദ്ര സര്‍വ്വീസില്‍ ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1993 മുതല്‍ ലീലാ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

Comments are closed.