DCBOOKS
Malayalam News Literature Website

ഭൂമിക്ക് മുകളിൽ ഇനി ആ ഭീഷണിയില്ല ; ഓസോൺ പാളിയിലെ ഏറ്റവും വലിയ വിള്ളൽ തനിയെ അടഞ്ഞു!

മഹാമാരിക്കിടെ ആശ്വാസത്തിന്റെ വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓസോണ്‍ പാളിയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ സുഷിരം കഴിഞ്ഞ മാസത്തിലാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടത്. ഇപ്പോഴിതാ പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന ആ സുഷിരം അടഞ്ഞിരിക്കുന്നുവെന്ന ശുഭവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പര്‍നിക്കസ് ആണ് ഈ ആശ്വാസകരമായ കണ്ടെത്തല്‍ നടത്തിയത്. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഓസോണിലെ വലിയ വിള്ളലാണ് ഇല്ലാതായത്.

അസാധാരണ രീതിയില്‍ അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോര്‍ട്ട് . സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള അപകടകരമായ സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞു നിര്‍ത്തുന്നത് ഓസോണ്‍ പാളികളാണ്. ഓസോണ്‍ പോളിയിലുണ്ടാകുന്ന വിള്ളലുകള്‍ മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഭീഷണിയാകുന്നവയാണ്. അള്‍ട്രാവൈലറ്റ് രശ്മികള്‍ തുടര്‍ച്ചയായി കൊണ്ടാല്‍ മനുഷ്യരില്‍ ചര്‍മ്മ അര്‍ബുദത്തിന് വരെ കാരണമാകുമെന്ന മുന്നറിയിപ്പുകളുമുണ്ട്. ഉത്തരാര്‍ധഗോളത്തിന് മുകളിലായി കാണപ്പെട്ട ഓസോണ്‍ സുഷിരം തെക്കുഭാഗത്തേക്ക് നീങ്ങി കൂടുതല്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളുടെ മുകളിലെത്തിയാല്‍ അപകട സാധ്യതകള്‍ കൂടുതലായിരുന്നു.ശാസ്ത്രജ്ഞരുടെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ഓസോണ്‍ പാളിയിലെ സുഷിരം താനേ അപ്രത്യക്ഷിതമായത്.

കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണുമായോ അതുമൂലം അന്തരീക്ഷ മലിനീകരണത്തില്‍ ഉണ്ടായ കുറവുമായോ ഈ ദ്വാരമടയലിന് യാതൊരു ബന്ധവുമില്ല. പകരം തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാര്‍ വോര്‍ട്ടെക്‌സ്  എന്ന പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും അതിലെ മാറ്റങ്ങൾക്കും കാരണം .ഉത്തരധ്രുവത്തില്‍ ആദ്യമായി ഓസോണ്‍ ദ്വാരം കണ്ടെത്തിയത് 2011ജനുവരിയിലായിരുന്നു. പക്ഷെ ഇത് ചെറുതായിരുന്നു.

Comments are closed.