DCBOOKS
Malayalam News Literature Website

നീ ഒട്ടും പ്രതീക്ഷിക്കാതെ നിന്റെ അടുത്തേക്ക് ദൈവത്താൽ അയക്കപ്പെട്ടവർ, ദൈവത്തിന്റെ ചാരൻമാർ!

ചില സിനിമകളുടെ FDFSന് കൂട്ടുകാരിൽ കുറെ പേർ  കാത്തിരിക്കുന്നതു പോലാണ്  പലപ്പോഴും പുതിയ പുസ്തകങ്ങൾ  കിട്ടാനായി ഞാൻ കാത്തിരിക്കാറ് . അങ്ങനെയൊരു ആർത്തിയിലാണ് സ്ഥിരമായി കയറിയിറങ്ങാറുള്ള കഞ്ഞികുഴി dc booksൽ നിന്ന് ജോസഫിന്റെ ” _ദൈവത്തിന്റെ ചാരന്മാർ_ ” കിട്ടിയത്.

അന്നത്തെ രാത്രിയെയും ഉറക്കത്തെയും കളിയാക്കിക്കൊണ്ട് അത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ പതിഞ്ഞ ആനന്ദം ആദ്യം വിളിച്ചറിയിച്ചത് എഴുത്തുമായി കട്ടപ്രണയത്തിലായ പെങ്ങളൂട്ടിയെയാണ്. പതിവില്ലാതെ സ്നേഹത്തോടെ ചേട്ടായീനെ കാണണം എന്ന് അവൾ വാശി പിടിച്ചപ്പോൾ ഓടിചെന്നു. കയ്യിൽ ജോസഫ് അന്നംകുട്ടി ജോസും. കണ്ടപാടെ പുസ്തകം തട്ടിപ്പറിച്ച് ഇനി ഇത് തരൂല്ല എന്നൊരു പ്രഖ്യാപനവും നടത്തി അവൾ ഓടി. കുറച്ചു ദിവസം കഴിഞ്ഞ് Mall of Joyൽ അന്നംകുട്ടി വന്ന്പോയപ്പോൾ  ഒരു കോപ്പി കൂടി അങ്ങ് വാങ്ങിച്ചു. ഇപ്പോ അത് അമ്മയുടെ കസ്റ്റഡിയിലും.

” _ദൈവത്തിന്റെ ചാരൻമാർ_ . ” ഈ പുസ്തകത്തിന് ഇതിലും നല്ലൊരു പേര് ചേരില്ല. ജോപ്പന്റെ മറ്റു പുസ്തകങ്ങൾ പോലെ ഇത് സാധാ ഓർമ്മകളോ മറഞ്ഞുമറന്ന കുറിപ്പുകളോ അല്ല. കാരണം ഇതിൽ നമ്മളൊക്കെ ഉണ്ട്. പേജുകൾ മറിയുമ്പോൾ ഇത് എന്റെ കഥയല്ലേ, ഇങ്ങനെ ചിലർ എന്റെ ജീവിതത്തിലില്ലേ എന്നൊക്കെ ഒരല്പം കണ്ണീരോടെ അനുവാചകനെ ഓർമിപ്പിക്കുന്ന വരികൾ..  ജോസഫ്… താങ്കൾക്ക് നന്ദി.

ഉവ്വ്. അങ്ങനെ ചിലർ നമ്മുടെ ജീവിതത്തിലുണ്ട്. ദൈവത്തിന്റെ ചാരൻമാർ. നീ ഒട്ടും പ്രതീക്ഷിക്കാതെ നിന്റെ അടുത്തേക്ക് ദൈവത്താൽ അയക്കപ്പെട്ടവർ. നീ കരഞ്ഞപ്പോൾ ചേർത്ത് പിടിച്ച, നിന്റെ ശിരസ്സ് താഴാതിരിക്കാൻ കൂടെ നിന്ന ചിലർ. അവരുടെ ചില വാക്കുകൾ, എഴുത്തുകൾ, തോളത്തു തട്ടിയുള്ള അഭിനന്ദനങ്ങൾ, നെഞ്ചോട് ചേർത്ത് പിടിച്ചുള്ള സാന്ത്വനങ്ങൾ. ഒന്നോർത്തെടുത്താൽ, തോൾ ചെരിച്ചു പിടിച്ച്‌ മലയാളത്തിന്റെ മഹനടൻ പാടിനടന്നത് പോലെ… ജോസഫും അത് പാടുന്നുണ്ട്… “നന്ദി… ആരോട് ഞാൻ ചൊല്ലേണ്ടു..” ഹോ! ആ ലിസ്റ്റ് എഴുതിതീർക്കാൻ ജീവിതമേ,  ഹൃദയഫലകത്തിൽ ഇടം തികയാതെ വരുമല്ലോ!!

നന്ദിയോടെ ചിലരെയൊക്കെ ഓർത്തെടുത്തപ്പോഴാണ് ചോദ്യചിഹ്നം പോലെ തന്നെ തല താണ് പോയ മറ്റൊരു ലിസ്റ്റ് മനസിലേക്ക് വന്നത്. അല്ലാ, ഇന്ന് വരെ  ആരുടെയെങ്കിലും ജീവിതത്തിൽ ഒരല്പം പച്ചപ്പ് നൽകാൻ, എനിക്കെപ്പോഴെങ്കിലും ഒരു ദൈവദൂതനാവാൻ കഴിഞ്ഞോ?  ചെയ്യുന്ന ചെറുനന്മകൾ കൊട്ടിഘോഷിക്കപ്പെടാൻ ‘എന്റെ തല, എന്റെ ഫുൾ ഫിഗർ ‘ എന്ന മുദ്രാവാക്യം എല്ലാ കവലകളിലും സ്വന്തം ചിലവിൽ മുഴക്കുന്ന ഈ തള്ള്കാലത്ത്, ആരോരുമറിയാതെ നന്മ ചെയ്ത്,  ഒടുക്കം കരഘോഷങ്ങളോട് വേണ്ട എന്ന് പറഞ്ഞ് തിരശീലയ്ക്ക് പിന്നിലേക്ക് മാറാൻ എനിക്ക് പറ്റുന്നുണ്ടോ? തിരുത്തണം. ഞാൻ എന്നെത്തന്നെ.

അതിരാവിലെയുള്ള ബൈബിൾ വായനയിൽ ഇന്നലെ കിട്ടിയത് അപ്പസ്‌തോല പ്രവർത്തനം 9 ആണ്. ഇതിപ്പോ എത്രാമത്തെ Joseph Annamkutty Jose-Daivathinte Charanmarതവണയാണെന്ന് അറിയില്ല. നമ്മുടെ പൗലോശ്ലീഹായുടെ മാനസാന്തരം തന്നെ. ഇതിങ്ങനെ ഇവിടെ കുത്തികുറിക്കുമ്പോൾ ഓർത്തെടുത്തത് പൗലോസിന്റെ ജീവിതത്തിൽ ഇടപെട്ട ദൈവത്തിന്റെ ഒരു ചാരനെപറ്റിയാണ്. ആളെ ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.  വായിച്ചിട്ടുണ്ടാവണം, പേര് അനനിയാസ്.

നമുക്ക് ഓർക്കാനും മാതൃകയാക്കാനും എന്നും ധൃതി പൗലോസിനെയാണ്. എന്നാൽ മുകളിൽ പറഞ്ഞ പേരൊന്നു മനസിൽ സൂക്ഷിച്ച് അപ്പസ്‌തോല പ്രവർത്തനം 9 ഒരാവർത്തി കൂടെ വായിക്കണം.  ദമാസ്കസിലേക്കുള്ള യാത്രയിൽ ഒരു മിന്നലൊളി അന്ധമാക്കിയ കണ്ണുകളോടെ മൂന്ന് ദിവസത്തോളം സാവൂൾ ഇരുട്ടിലായിരുന്നു. നല്ല ഒന്നാന്തരം പട്ടിണിയുടെ പിൻബലത്തിൽ ജീവിതത്തിന്റെ പുതിയൊരേടിലേക്ക് അയാൾ പിച്ചവച്ച് തുടങ്ങുകയാണ്. ആ കണ്ണുകൾ തുറന്നുകിട്ടാൻ ഇനിയൊരു പ്രകാശം കൂടി വേണം. ആ പ്രകാശം എത്തിച്ച ദൈവത്തിന്റെ ചാരനായിരുന്നു അനനിയാസ്. ചരിത്രം എഴുതിയ ലൂക്കാ അനനിയാസിന്റെ  കുടുംബമോ പൈതൃകമോ  ഒന്നും സൂചിപ്പിക്കാതെ നാം പഠിക്കേണ്ട വലിയ ഒരു പാഠം മാത്രം വരച്ചുവയ്ക്കുന്നു : കർത്താവ് അവനെ വിളിച്ചു, അവൻ വിളി കേട്ടു ; കർത്താവ് അവനോട് പറഞ്ഞു, അവൻ അനുസരിച്ചു. സാവൂളിനെ ചെന്ന് കാണാൻ ദൈവസ്വരം ആവശ്യപ്പെട്ടപ്പോൾ താൻ കേട്ടറിഞ്ഞ സാവൂളിന്റെ  ക്രൂരതകൾ അയാൾ ഓർത്തു. എന്നാൽ സാവൂൾ ആരായിതീരും എന്ന സൂചന ലഭിച്ചപ്പോൾ അനാനിയാസ് ചെന്നു(അപ്പ :പ്രവ 9/ 10-16). യൂദാസിന്റെ ഭവനത്തിലായിരുന്ന സാവൂളിന്റെ മേൽ കൈകൾ വച്ച് അനാനിയാസ് അവനെ വിളിച്ചു :”സഹോദരനായ സാവൂൾ…. ” ഹോ ! എത്ര മിഴിവുള്ള അഭിസംബോധന ! അതും ആദ്യമായ് കാണുന്നൊരാളെ ! അനാനിയാസിന്റെ മുന്നിൽ അവകാശപ്പെടാൻ അത്ര നല്ലതായ ഒരു പേരില്ലാത്ത സാവൂളിന്റെ തോളിൽ കൈകൾ വച്ച് അവനെ ക്രിസ്തുവിൽ തന്റെ സഹോദരനാക്കി ഉയർത്തിയപ്പോ അനാനിയാസ്, അങ്ങ് ദൈവദൂതനല്ലാതെ  മറ്റാരുമാകാൻ തരമില്ലല്ലോ  ?  എന്തായാലും സാവൂൾ വിളി കേട്ടത് ഹൃദയം കൊണ്ടാണ്.

ചില ആളുകൾ അങ്ങനെയാണ്. അവരുടെ ചില വാക്കുകളും അങ്ങനെതന്നെ. ഒന്നോർമയിൽ സൂക്ഷിക്കണം: ഒരാളുടെ കണ്ണ് തുറക്കാനും അയാളിൽ ദൈവസാന്നിധ്യം നിറയാനും നിങ്ങളുടെ ഒരു സാമീപ്യമോ പുഞ്ചിരിയോ ഒക്കെ ധാരാളം.  സാവൂൾ ഇനി ജ്ഞാനസ്നാനം സ്വീകരിക്കും. ഭക്ഷണം കഴിച്ച് ശക്തി പ്രാപിക്കും. ശിഷ്യരോടൊപ്പം താമസിക്കും.

ഉടനെ തന്നെ യേശു ദൈവപുത്രനാണെന്ന് പ്രഘോഷിക്കാൻ തുടങ്ങും (അപ്പ:പ്രവ 9/18-20).
പക്ഷെ അനാനിയാസ് !! അയാളെവിടെ? ഉത്തരം കാണാൻ ബൈബിൾ മുഴുവൻ അരിച്ചുപെറുക്കുന്നതിന് മുന്നേ ഞാൻ ഒരു വിളി കേൾക്കുന്നുണ്ട്.. അനാനിയാസായിത്തീരാൻ , ദൈവത്തിന്റെ ചാരനായിത്തീരാൻ.

എന്നിട്ട് ഇരുൾ വീണ ജീവിതങ്ങൾക്ക്  ഒരല്പം തിരി ഉയർത്തി കൊടുക്കണം, അവരോടൊപ്പം ഒന്ന് സ്നേഹത്തോടെ ചേർന്ന് നില്ക്കാൻ  കഴിയണം. അവരൊന്നും പുസ്തകങ്ങൾ എഴുതില്ലായിരിക്കാം.  എന്നാലും അവരുടെ പ്രാർത്ഥനയിൽ നീയുണ്ടാവും. ജീവന്റെ പുസ്തകത്തിൽ നിന്റെ പേരും.

ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരൻമാർ’ എന്ന പുസ്തകത്തിന് Fr. Jince Cheenkallel HGN എഴുതിയ വായനാനുഭവം.

കടപ്പാട് ; dailybreadonline

Comments are closed.