DCBOOKS
Malayalam News Literature Website

തസ്രാക്കിനുമപ്പുറം ഒരു കടൽ : ഗുരുസാഗരത്തിലൂടെ!

ജെ എസ് അനന്തകൃഷ്ണൻ ( എഴുത്തുകാരൻ, വിവർത്തകൻ, പ്രഭാഷകൻ, നിരൂപകൻ- ദേശീയ-അന്തർദേശീയ പുരസ്കാരജേതാവ് )

ഒരു എഴുത്തുകാരനെ പറ്റിയുള്ള ഓർമ്മകൾ നമ്മിലേക്ക് എങ്ങനെയാണ് എത്തുക? കഥാപാത്രങ്ങളായൊ പുസ്തകങ്ങളുടെ പേരായൊ ഒക്കെയാവാം അത്. അല്ലെങ്കിൽ ചില പുസ്തകങ്ങൾ ഉരുവാക്കു ന്ന അമൂർത്തമായ അനുഭവ തലങ്ങളിലൂടെ ആവാം അത്. തോമസ് മാനിന്റെ ഡെത്ത് ഇൻ വെനീസ് എന്ന പുസ്തകത്തിലെ മരണത്തിന്റെ തണുപ്പ് പോലെ…

ഒ വി വിജയനെ കുറിച്ചുള്ള ചിന്ത മലയാളത്തിന്റെ മുന്നിൽ എത്തിക്കുന്ന ആദ്യത്തെ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച് ഉള്ളതാണ്. എന്നാൽ ഖസാക്കിന്റെ ഇതിഹാസം ആണോ ഒ.വി.യുടെ മാസ്റ്റർ പീസ്?

തീർച്ചയായും ഖസാക്ക് മലയാള നോവൽ ലോകത്തിന്റെ ഗതിയെ നിർണയിക്കുന്നതിൽ പ്രധാന പങ്കു നിർവഹിച്ചിട്ടുള്ള കൃതിയാണ്. അതൊരു കൾട്ട് ക്ലാസിക് (Cult Classic) ആണ് താനും. വളരെ നീണ്ട അക്ഷര ധ്യാനത്തിന് അപ്പുറം ഒ വി വിജയൻ എന്ന സാഹിത്യവാസന മുന്നിൽ വെളിപ്പെട്ട സംഘർഷങ്ങളുടെ അവതാരസ്വരൂപം ആണ് ഖസാക്കിന്റെ ഇതിഹാസം.

എഴുത്തുകാരേക്കാൾ ഏറെ വായനക്കാരന്റെ സാഹിത്യാനുരാഗത്തെ സ്വാധീനിച്ചു പരിഷ്കരിക്കാനും ഈ കൃതിക്ക് ആയിട്ടുണ്ട്. ഖസാക്കിന്റെ ലോകത്തിലേക്ക് Textഇറങ്ങിച്ചെന്നവരാരും തിരിച്ചു വന്നതായി ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ സാക്ഷ്യപ്പെടുത്തുന്നില്ല. എന്നാൽ ഗുരുസാഗരം എന്ന വായനാനുഭവം തികച്ചും വ്യത്യസ്തമാണ്. ഒരു പെരുമഴക്കപ്പുറം കലങ്ങി നിറഞ്ഞൊഴുകുന്ന ജീവിത നദിയിലെ സംഘർഷങ്ങളുടെ നേർചിത്രമാണ് ഖസാക്കിന്റെ ഇതിഹാസമെങ്കിൽ ഗുരുസാഗരം വായനക്കാരന് നൽകുന്നത് ഓളം വെട്ടാത്ത തെളിഞ്ഞ ജലത്തിന്റെ പ്രശാന്തതയാ ണ്.

വായനക്കാരൻ എഴുത്തുകാരനുമായി താദാത്മ്യം പ്രാപിക്കുമ്പോൾ അനുഭവപ്പെടുന്ന അതീന്ദ്രിയമായ ഒരു അനുഭവതലമുണ്ട്. സാഹിത്യാനുഭിതിയുടെ സംപൂർണ്ണതയ്ക്ക് അപ്രകാരം ഒരു യോഗം അനിവാര്യമാണ് താനും.

ഗുരുസാഗരം എഴുതുമ്പോൾ ഒ വി വിജയൻ അനുഭവിച്ച പ്രശാന്തതയാണ് ഈ പുസ്തകത്തിന്റെ ആത്മാവ്. സന്ദേഹിയായ ഒ വി വിജയൻ അപ്രത്യക്ഷനാകുന്നു. പകരം ആത്മാന്വേഷി യായ വിജയൻ വെളിപ്പെടുന്നു. സംസാരസാഗരത്തിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്ന ജ്ഞാനാർത്ഥിക്കു മുന്നിൽ ആ സാഗരം തന്നെ ഗുരുവായി മാറുന്നു. ബംഗ്ലാദേശി യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഗുരുസാഗരം ഒരുങ്ങിയത്. യുദ്ധത്തിന്റെ നിരർത്ഥകതയെ കുറിച്ചും ദൈന്യതയെ കുറിച്ചും ഒക്കെ വിശ്വ സാഹിത്യകാരന്മാർ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

എന്നാൽ ഗുരു സാഗരത്തിൽ രണ്ടു യുദ്ധങ്ങൾ സജീവമായി തുടരുന്നുണ്ട്. ഒന്നാമത്തെ യുദ്ധം മനുഷ്യ മനസ്സിന്റെ സ്വാഭാവികമായ ഹിംസാത്മകതയുടെ ബാഹ്യസ്വരൂപം ആണ്. കബന്ധങ്ങളോടൊപ്പം അനാഥർക്കും വിധവകൾക്കും ജന്മം നൽകുന്ന യുദ്ധം. രണ്ടാമത്തേത് മനസ്സിന്റെ ഉള്ളറകളിൽ കുഞ്ഞുണ്ണി എന്ന നായകകഥാപാത്രം തന്നോടുതന്നെ തുടരുന്ന സമരമാണ്. ആ സംഘർഷത്തിന്റെ പാരമ്യത്തിൽ സർവ്വം ഗുരു മയമാകുന്നു. പുൽക്കൊടിയും തമ്മിൽ കലഹിക്കുന്ന ഉറുമ്പിൻ കൂട്ടവും ഒക്കെ.

കുഞ്ഞുണ്ണിക്ക് തന്റെ ഗുരുവിനെ കണ്ടെത്താ തിരിക്കാനും ആകുമായിരുന്നില്ല. യമനെ തേടി നചികേതസ് പോയി ഇല്ലായിരുന്നുവെങ്കിലും ഒരുനാൾ യമൻ നചികേതസ്സ് തേടി എത്തുമായിരുന്നു. ഗുരു ഒരു അനിവാര്യതയാണ്.എല്ലാവർക്കും മുന്നിലും ഗുരു വെളിപ്പെടുന്നു. യുഗങ്ങൾ ആയുള്ള ഗുരു പരമ്പരകളുടെ തുടർച്ചയിൽ കുഞ്ഞുണ്ണിയും ഭാഗമാകുന്നു. സൂര്യ പ്രഭയിൽ ഒരു താമര വിരിയുന്നു.

ശൂന്യമായ കുഞ്ഞുണ്ണിയുടെ ജീവിതത്തിൽ പ്രകാശത്തിന്റെ ഒരു നാളം മെല്ലെ പടരുന്നു. ആളി ഒന്ന് കത്തി നിയോഗാനന്തരം ആ പ്രഭ മറയുന്നു. അറിവായി,കനിവായി, പൊരുളായി ഗുരുവായി പുലരുന്ന പ്രകാശം. ജീവിതയാനത്തിന്റെ ആടിയുലയലുകളൽക്കൂടുവിൽ ബോധത്തിന്റെ മറ്റൊരു തലത്തിൽ കുഞ്ഞുണ്ണി എത്തിനിൽക്കുന്നു.

സംഘർഷങ്ങളോടുള്ള പ്രണയമാണ് മലയാളിയെ ഖസാക്കിനെ ഇതിഹാസത്തിലേക്ക് അടുപ്പിച്ചതെന്ന് സാഹിത്യ വിമർശകനായ ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെടുന്നു. ഒരു പക്ഷേ ഇതേ പ്രണയം ആകാം മാർക്കേസിനെയും കമ്യുവിനെയും മലയാളിയുടെ പ്രിയതരരാക്കിയത്.

ഹൃദയത്തെ പ്രശാന്തമാക്കി ഈ സാഗരത്തിലേക്ക് ഇറങ്ങുക.. ഒ വി വിജയന് ചിലത് പറയാനുണ്ട്.

ഒ.വി.വിജയന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി ക്ലിക്ക് ചെയ്യൂ

Comments are closed.