DCBOOKS
Malayalam News Literature Website

ഗുണ്ടര്‍ട്ട് ബംഗ്ലാവ് ഭാഷാമ്യൂസിയമാകുന്നു

കേരളത്തിനും മലയാളഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മ്മന്‍ ഭാഷാ പണ്ഡിതന്‍ ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ തലശ്ശേരി ഇല്ലിക്കുന്നിലുള്ള ബംഗ്ലാവ് മ്യൂസിയമാക്കുന്നു. ബംഗ്ലാവിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഈ വര്‍ഷം അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബംഗ്ലാവിന്റെ അറ്റകുറ്റപ്പണികള്‍ ഒരു വര്‍ഷം മുമ്പാണ് ആരംഭിച്ചത്.

പൈതൃകടൂറിസം പദ്ധതിയുടെ ഭാഗമായാണ് ബംഗ്ലാവ് മ്യൂസിയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബംഗ്ലാവിന്റെ തനിമ അതേപടി നിലനിര്‍ത്തിയാകും സംരക്ഷിക്കുക. തലശ്ശേരി കണ്ണൂര്‍ റൂട്ടിനിടയില്‍ കൊടുവള്ളി കുന്നിന്‍ മുകളിലാണ് ഈ ചരിത്രപ്രസിദ്ധമായ ഈ ബംഗ്ലാവ്. 1839-ല്‍ 25 വയസ്സിന്റെ ഊര്‍ജ്ജസ്വലതയുമായി തലശ്ശേരിയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നിറങ്ങിയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മലയാളപഞ്ചാംഗം മലയാളിക്ക് 1846ല്‍ അച്ചടിച്ചു നല്‍കിയ പ്രസ്സാണിത്. 1847 ജൂണില്‍ മലയാളത്തിലെ ആദ്യപത്രം രാജ്യസമാചാരവും രണ്ടാമത്തെ പത്രം പശ്ചിമോദയവും ജന്മം കൊണ്ടത് ഇവിടെനിന്നാണ്. മലയാളവ്യാകരണ രചന ഗുണ്ടര്‍ട്ട് ആരംഭിച്ചതും ഇല്ലിക്കുന്നിലെ ഈ ബംഗ്ലാവില്‍ വച്ച് തന്നെയായിരുന്നു.

അക്ഷരങ്ങള്‍ക്ക് ജീവന്‍നല്‍കിയ ഈ ബംഗ്ലാവിന്റെ സംരക്ഷണം മ്യൂസിയം, പിന്നീട് ഭാഷാപഠന ഗവേഷണ കേന്ദ്രം എന്നിവലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കുവേണ്ടി 2.10 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.

ദൃശ്യ ശ്രവ്യ രീതിയില്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. ഗുണ്ടര്‍ട്ടിന് സഹായമേകിയ ഊരാച്ചേരി ഗുരുക്കന്മാര്‍, ഭാഷയ്ക്ക് സംഭാവനയേകിയ ശേഷഗിരി പ്രഭു, ഒ.ചന്തുമേനോന്‍, സഞ്ജയന്‍, സര്‍ക്കസ്സ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍, തുടങ്ങിയവരുടെ സ്മരണാര്‍ത്ഥമുള്ള ഇടവും മ്യൂസിയത്തില്‍ ഇടംപിടിക്കും. ജര്‍മ്മനിയിലെ സര്‍വ്വകലാശാലകളുമായി ചേര്‍ന്നാണ് ഭാഷാപഠനത്തിന് സൗകര്യമൊരുക്കുക.

 

 

Comments are closed.