DCBOOKS
Malayalam News Literature Website

‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’; മുതുകാടിന്റെ ഭാരത യാത്രകൾ പുസ്തകരൂപത്തില്‍

നാല് വ്യത്യസ്ത ഭാരത യാത്രകൾ നടത്തി അപൂർവ നേട്ടം കൈവരിച്ച ഗോപിനാഥ്  മുതുകാടിന്റെ ഭാരത യാത്രാനുഭവങ്ങൾ പുസ്തക രൂപത്തിലാക്കുന്നു. ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ഡിഫറെന്റ് ആര്‍ട്ട് സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി രാജീവാണ് പുസ്തകത്തിന്റെ പേര് പ്രഖ്യാപിച്ചത്.

എഴുത്തുകാരി ഷൈല തോമസ്, ഡിസി ബുക്‌സ് മാനേജിങ് ഡയറക്ടര്‍ രവി ഡിസി, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് സെക്രട്ടറി റിനി ആര്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സദുദ്ദേശ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കശ്മീർ മുതൽ കന്യാകുമാരി വരെ നാല് ഭാരത യാത്രകളാണ് മുതുകാട് നടത്തിയത്. ഈ യാത്രകളിൽ അനുഭവിച്ചറിഞ്ഞ ഒട്ടേറെ അപൂർവ നിമിഷങ്ങളും പ്രതിസന്ധികളും ഭാരതത്തിന്റെ നാനാത്വ വിസ്മയങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഡി.സി ബുക്സ് ആണ് മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നാല് യാത്രകളിലും സംഘത്തോടൊപ്പം ഉണ്ടായിരുന്ന കെ.പി ശിവകുമാർ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്.

ആദ്യമായാണ് ഒരു കലാകാരൻ ഇത്തരത്തിൽ 4 ഭാരത പര്യടനങ്ങൾ പൂർത്തിയാക്കുന്നത്. ഏഴ് പെൺകുട്ടികളടക്കം 25 അംഗ സംഘം 2002-2010 കാലയളവിൽ 20 മാസത്തോളം സമയമെടുത്താണ് യാത്രകൾ പൂർത്തിയാക്കിയത്. റോഡ് മാർഗം നടത്തിയ ഈ യാത്രകൾ അക്കാലത്ത് ഏറെ ചർച്ചാവിഷയമായിരുന്നു.

ഗോപിനാഥ് മുതുകാടിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.