DCBOOKS
Malayalam News Literature Website

മുതുകാടിന്റെ ഭാരത യാത്രകൾ പുസ്തകരൂപത്തിലാക്കുന്നു

 

തിരുവനന്തപുരം: നാല് വ്യത്യസ്ത ഭാരത യാത്രകൾ നടത്തി അപൂർവ നേട്ടം കൈവരിച്ച മുതുകാടിന്റെ ഭാരത യാത്രാനുഭവങ്ങൾ പുസ്തക രൂപത്തിലാക്കുന്നു. സദുദ്ദേശ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കശ്മീർ മുതൽ കന്യാകുമാരി വരെ നാല് ഭാരത യാത്രകളാണ് മുതുകാട് നടത്തിയത്. ഈ യാത്രകളിൽ അനുഭവിച്ചറിഞ്ഞ ഒട്ടേറെ അപൂർവ നിമിഷങ്ങളും പ്രതിസന്ധികളും ഭാരതത്തിന്റെ നാനാത്വ വിസ്മയങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഡി.സി ബുക്സ് ആണ് മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നാല് യാത്രകളിലും സംഘത്തോടൊപ്പം ഉണ്ടായിരുന്ന കെ.പി ശിവകുമാർ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഓഗസ്റ്റ് 15ന് പുസ്തകം പ്രകാശനം ചെയ്യും. ഇതോടൊപ്പം ഓഡിയോ ബുക്കും ഇറങ്ങും.

ആദ്യമായാണ് ഒരു കലാകാരൻ ഇത്തരത്തിൽ 4 ഭാരത പര്യടനങ്ങൾ പൂർത്തിയാക്കുന്നത്. ഏഴ് പെൺകുട്ടികളടക്കം 25 അംഗ സംഘം 2002-2010 കാലയളവിൽ 20 മാസത്തോളം സമയമെടുത്താണ് യാത്രകൾ പൂർത്തിയാക്കിയത്. റോഡ് മാർഗം നടത്തിയ ഈ യാത്രകൾ അക്കാലത്ത് ഏറെ ചർച്ചാവിഷയമായിരുന്നു. ഭാരതത്തിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളിലെ നൂറുകണക്കിന് വേദികളിൽ ഇന്ദ്രജാല വിസ്മയം തീർത്ത ഈ യാത്രയ്ക്ക് അന്നത്തെ പ്രസിഡന്റ് അബ്ദുൾ കലാം, പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുടെ അംഗീകാരം നേടിയിരുന്നു. സമാന്തര സർക്കാരെന്ന തരത്തിൽ പ്രദേശങ്ങൾ അടക്കിഭരിക്കുന്ന തീവ്രവാദികളുടെ ക്യാമ്പുകളിലും നാഗാലാൻഡ് തീവ്രവാദികൾക്കിടയിലും ഇന്ദ്രജാലം അവതരിപ്പിച്ച ഉദ്വേഗ ഭരിതമായ നിമിഷങ്ങൾ വായനക്കാർക്ക് വേറിട്ട അനുഭവമാകും നൽകുക. നാഥുല പാസിലും കശ്മീരിലെ ദാൽ തടാക തീരത്തും ഇന്ദ്രജാലം അവതരിപ്പിച്ച മനോഹര വിശേഷങ്ങളടക്കം സവിസ്തരമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഗാന്ധിജിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി നടത്തിയ ഗാന്ധി മന്ത്ര ഭാരതയാത്ര ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും അവതരിപ്പിക്കാനായി എന്നതും അപൂർവ നേട്ടങ്ങളിലൊന്നാണ്. വായനക്കാർക്ക് ഒരു പുതു വായനാനുഭവമായിരിക്കും ഈ ഭാരത വിശേഷം. പുസ്തകത്തിന് പേരിടുന്നതിനായി മുതുകാടിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ നൽകിയ പ്രഖ്യാപനത്തിന് ആയിരക്കണക്കിന് പേരുകളാണ് നിർദ്ദേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

 നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.