DCBOOKS
Malayalam News Literature Website

എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി… ഓര്‍മ്മകളില്‍ സുഗതകുമാരി

കവിതയുടെയും കാടിന്റെയും കാവലാള്‍ കവയിത്രി സുഗതകുമാരി വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായി.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980-പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982-രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984-അമ്പലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്പലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലധികം നീണ്ട കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യ
യിരുന്ന സുഗതകുമാരി ടീച്ചര്‍ ജനകീയപ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി കൂടിയായിരുന്നു.

ജാഗ്രതയുടേയും സ്വപ്‌നത്തിന്റെയും ധാതുക്കളായിരുന്നു  സുഗതകുമാരിയുടെ കവിതകളുടെ നിര്‍മ്മാണവസ്തുക്കള്‍. അവരുടെ കവിതകളുടെ ആദ്യഘട്ടം സ്വപ്‌നത്തിന്റേതായിരുന്നു. 1961-ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയിലും 1965ല്‍ ഇറങ്ങിയ സ്വപ്‌നമീ, പാതിരാപ്പൂക്കിളി, ഇരുള്‍ ചിറകുകള്‍, രാത്രിമഴ (1977) എന്നീ കവിതകളിലുമിത് കാണാന്‍ കഴിയും. എന്നാല്‍ എണ്‍പതുകള്‍ക്ക് ശേഷം സുഗതകുമാരിയുടെ കവിതാ പ്രതലം മാറുകയായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭവും തുടര്‍ന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനവും അവരുടെ രചനകളിലും ജീവിതത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്നിങ്ങോട്ട് രചിച്ച കാവ്യങ്ങളിലെല്ലാം വ്യസനത്തിന്റെയും ജാഗ്രതയുടേയും പ്രതിഫലനം നിഴലിച്ചുകാണാമായിരുന്നു. ജെസ്സി, മരത്തിനു സ്തുതി, തുടങ്ങിയ കവിതകളിലെല്ലാം പ്രകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള ഖേദസ്വരങ്ങളാണ് മുഴങ്ങികേട്ടത്. പിന്നീടൊരു ഘട്ടത്തില്‍ കാലത്തെക്കുറിച്ചുള്ള ആകുലതകളും വാര്‍ദ്ധക്യത്തെ പറ്റിയുള്ള ചിന്തകളും കവയിത്രിയെ അലട്ടുന്നു. വാര്‍ദ്ധക്യമെന്ന കവിതയിലും മരുഭൂമി ഉച്ച എന്ന കവിതയിലും ഈ വ്യാകുലസംഘര്‍ഷങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഇങ്ങനെ സുഗതകുമാരിയുടെ ഒട്ടുമിക്ക കവിതകളിലും ഏതെങ്കിലുമൊരു വ്യസനം ഒളിഞ്ഞിരിപ്പുണ്ടാകും. കൃഷ്ണഭക്തയായ അവര്‍ കൃഷ്ണഭക്തി തുളുമ്പുന്ന കവിതകളും രചിച്ചിട്ടുണ്ട്. കുട്ടികളോട് എന്നും സ്‌നേഹവും വാത്സല്യവും ഉള്ള സുഗതകുമാരി ബാലസാഹിത്യത്തിലും തന്റെ സംഭാവനകള്‍ നല്‍കി. വാഴത്തേന്‍, ഒരു കുലപൂവും കൂടി തുടങ്ങിയ കൃതികള്‍ കുട്ടികള്‍ക്കായ് സുഗതകുമാരി രചിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അവസാന ശ്വാസം വരെയും അശ്രാന്തം  പരിശ്രമിച്ചു.

സുഗതകുമാരിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.