DCBOOKS
Malayalam News Literature Website

ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…

പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാല് ദശാബ്ദത്തിലധികം നീണ്ടുനിന്ന ചികിത്സാജീവിതത്തില്‍ നിന്നും പ്രകാശമാനമായ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് മരുന്നിനുപോലും തികയാത്ത ജീവിതം. രോഗികളിലൂടെയും രോഗങ്ങളിലൂടെയും മനുഷ്യജീവിതവുമായി നിരന്തരം സംവദിച്ച പുനത്തിലിന്റെ ഡോക്ടര്‍ അനുഭവങ്ങള്‍ക്കൊപ്പം യാത്രാനുഭവങ്ങളും വ്യക്ത്യാനുഭവങ്ങളും ഈ പുസ്തകത്തിന്റെ താളുകളിലുണ്ട്. സൂക്ഷ്മമായ വായനയില്‍ എഴുത്തുകാരന്റെ ജീവിതകഥ പോലും ഇതില്‍ ഒട്ടൊക്കെ പറഞ്ഞും പറയാതെയും പുഴപോലെ ഒഴുപോലെ ഒഴുകുന്നുണ്ട്. പുനത്തിലിന്റെ ജീവിതത്തോടുള്ള സ്‌നേഹവും രതിയും കൗതുകവുമൊക്കെ ഈ പുസ്തകത്തില്‍നിന്നു വായിച്ചെടുക്കാവുന്നതാണ്.

രോഗികള്‍ക്ക് പ്രിയപ്പെട്ട വൈദ്യനായും വായനക്കാര്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനായും ജീവിച്ചു മണ്‍മറഞ്ഞുപോയ പുനത്തിലിന്റെ ഓര്‍മ്മകളിലേക്ക്..

മരുന്നിനുപോലും തികയാത്ത ജീവിതം എന്ന പുസ്തകത്തില്‍ നിന്നുമൊരു ഭാഗം;

ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…

സ്ഥിരമായി ഒരേ ആശുപത്രിയെ ശരണം പ്രാപിക്കുന്ന ചില വ്യക്തി കളും കുടുംബങ്ങളുമുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ഒരു നിര്‍ധനകുടുംബം ഇടയ്ക്കിടെ ഞങ്ങളുടെ ആശുപത്രി സന്ദര്‍ശിക്കുക പതിവായിരുന്നു. അതില്‍ ഒരംഗമായിരുന്നു ചാക്കോച്ചന്‍. ചാക്കോച്ചന്‍ ഒരിടത്തരം കരാറുകാരനായിട്ടാണ് മലബാറിലെത്തിയത്. ഓവുപാലം പണിയായിരുന്നു അദ്ദേഹം ചെയ്തുവന്നിരുന്നത്. ചെറിയ കരാറുമായി വന്നവരെല്ലാം ചുരുങ്ങിയ സമയംകൊണ്ട് വലിയ കോണ്‍ട്രാക്ടര്‍മാരായി വളര്‍ന്നുവന്നതു ഞങ്ങള്‍ കണ്ടതാണ്. പക്ഷേ, ചാക്കോച്ചന്‍ കരാറുപണിയില്‍ അല്പകാലംകൊണ്ട് പാപ്പരാവുകയാണുണ്ടായത്.

Textപാപ്പരാവാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ കറകളഞ്ഞ സത്യസന്ധതയായിരുന്നു. താന്‍ അരി വാങ്ങിച്ചില്ലെങ്കിലും കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ദിവസംപോലും കപ്പയ്ക്കും കഞ്ഞിക്കുമുള്ള വക അദ്ദേഹം കൊടുക്കാതിരുന്നിട്ടില്ല. കടം വാങ്ങിയെങ്കിലും സന്ധ്യയാവുമ്പോഴേക്കും അതിനുള്ള തുക അദ്ദേഹം അവരുടെ പക്കല്‍ എത്തിക്കും. ചാക്കോച്ചന് സഹനശീലയായ ഭാര്യയും ചുറുചുറുക്കുള്ള രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു. ആദ്യത്തെ കുട്ടി ബി.എ.യ്ക്കു പഠിക്കുന്നു; രണ്ടാമത്തേത് ഹൈസ്‌കൂളിലും. രണ്ടാമത്തെ കുട്ടിക്ക് അസാരം ഭ്രാന്തും അപസ്മാരവുമുണ്ട്.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സാഹിത്യവാസനയും എഴുത്തുകാരിയാവാനുള്ള കമ്പവും.

ഒരു ദിവസം അവള്‍ ഒരു നോട്ട്ബുക്കുമായി എന്റെ കണ്‍സള്‍ട്ടിങ് മുറിയില്‍ കയറിവന്നു. എനിക്കന്നു പതിവിലധികം തിരക്കുണ്ടായിരുന്നു. സ്‌കൂള്‍മാസികയിലേക്ക് അവള്‍ക്ക് എന്റെ മുഖാമുഖം വേണം. ശരി, ഒഴിവുസമയത്താവട്ടെയെന്നു പറഞ്ഞ് ഞാന്‍ അടുത്ത രോഗിയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മാസിക നാളെ പ്രസ്സിലേക്കു പോകുമെന്നും ഇന്നുതന്നെ വേണമെന്നുമായി കുട്ടി. എനിക്കു വന്ന അരിശത്തിനു കണക്കുണ്ടായില്ല. ഞാന്‍ ആ കുട്ടിയെ നിഷ്‌കരുണം പുറത്താക്കി.രാത്രി വീട്ടിലെത്തി ശാന്തനായപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി. പിന്നീടു കുട്ടിയെ കണ്ടപ്പോള്‍ ഞാന്‍ അവളെ വിളിച്ചു മാസികകളും ആഴ്ചപ്പതിപ്പുകളും സമ്മാനമായിക്കൊടുത്തു. ക്രമേണ അതൊരു പതിവായിത്തീര്‍ന്നു. തുടര്‍ന്ന് അവള്‍ കവിതകള്‍ എഴുതാനും തുടങ്ങി. ഞാനതു വായിച്ച് തിരുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.ആയിടയ്ക്ക് ചാക്കോച്ചന് ദീനം കലശലായി. കുടുംബത്തോടെ അവര്‍ ആശുപത്രിയിലായി. സിസ്റ്റര്‍മാരും മറ്റു സ്റ്റാഫ് അംഗങ്ങളും അവരെ നിര്‍ലോപം സഹായിക്കുമായിരുന്നു.

ചാക്കോച്ചന്റെ ലിവറിനായിരുന്നു ദീനം. ഒരു ജീവിതകാലം മുഴുവന്‍ കുടിക്കാനുള്ളത് അയാള്‍ മുപ്പതു മുപ്പത്തഞ്ചു വയസ്സിനുള്ളില്‍ കുടിച്ചു തീര്‍ത്തു. വയ്യാഞ്ഞിട്ടും ഈ നാല്പതാം വയസ്സിലും അയാള്‍ കുടിച്ചുകൊണ്ടിരുന്നു.അത് ക്രിസ്മസിന്റെ നാളുകളായിരുന്നു. ക്രിസ്മസിന്റെ നാലഞ്ച് നാള്‍ മുമ്പ് കുട്ടിയും ചാക്കോച്ചന്റെ ഭാര്യയും മുറിയില്‍ കടന്നുവന്നു. ചാക്കോച്ചന്‍ അപ്പോഴും ആശുപത്രിയില്‍ കിടക്കുകയാണ്. കുട്ടിക്ക് ഒരാവശ്യം. ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ കൈയില്‍ ഏല്പിക്കാന്‍ നോക്കിയപ്പോള്‍ അവളത് സ്വീകരിച്ചില്ല. അവളുടെ ദേഹത്തിനു യോജിച്ച ഉടുപ്പ് ഞാന്‍ തന്നെ വാങ്ങിച്ചുകൊടുക്കണമത്രേ. ക്രിസ്മസിന്റെ രാത്രിയാവുമ്പോഴേക്കും ഉടുപ്പ് വാങ്ങാനായി വരുമെന്നും പറഞ്ഞ് ചാക്കോച്ചന്‍ കിടക്കുന്ന മുറിയിലേക്കു കുട്ടി പോയി.

ചാക്കോച്ചന് ദീനം അല്പം ഭേദപ്പെട്ടു. ക്രിസ്മസ് രാത്രിയില്‍ ഒരു ശകലം കഴിച്ചോട്ടെയെന്ന് ചാക്കോച്ചന്‍ യാചനാരൂപേണ എന്നോടു ചോദിച്ചു. തൊട്ടുപോയാല്‍ ശവമായിരിക്കുമെന്നു പറഞ്ഞ് ഞാന്‍ ചാക്കോച്ചനെ നല്ലവണ്ണം ശകാരിച്ചു. അതില്‍ സന്തോഷിച്ച് ചാക്കോച്ചന്റെ ഭാര്യയും കുട്ടികളും ചാക്കോച്ചനെ കളിയാക്കിക്കൊണ്ട് പൊട്ടിച്ചിരിച്ചു.ഡിസംബര്‍ 24-ാം തീയതി കാലത്തു മുതല്‍ ചാക്കോച്ചന്‍ കുറേശ്ശെ മദ്യം കുടിക്കുന്നുണ്ടെന്ന് സിസ്റ്റര്‍ എന്നോടു രഹസ്യമായി പറഞ്ഞു. ഞാന്‍ ചാക്കോച്ചനെ അതിന്റെ പേരില്‍ വിരട്ടാനോ ശകാരിക്കാനോ മുതിര്‍ന്നില്ല. മദ്യത്തില്‍ മുങ്ങിക്കുളിച്ച ലിവറല്ലേ. ഒന്നും സംഭവിക്കില്ല.

അന്നു വൈകുന്നേരം അമ്മയും മകളും എന്റെ മുറിയില്‍ വന്നു. ഞാന്‍ സമ്മാനമായി വാങ്ങിച്ചുവെച്ച ഉടുപ്പ് കുട്ടിക്കു കൊടുത്തു.കണ്‍സള്‍ട്ടിങ് റൂമിന്റെ ഒരു ഭാഗത്തുള്ള എന്റെ റെസ്റ്റ് റൂമില്‍ കടന്ന് പുതിയ ഉടുപ്പുകള്‍ ധരിച്ചു. പള്ളിയിലെ ഫാദറിനോട് എന്റേയുംകൂടി പാപങ്ങള്‍ ഏറ്റു പറയണേയെന്ന് ഞാന്‍ ആവശ്യപ്പെട്ടു.അവര്‍ പള്ളിയിലേക്കു പുറപ്പെട്ടു.അപ്പോഴാണ് ചാക്കോച്ചന്റെ മുറിയില്‍നിന്ന് ഒരാരവം കേട്ടത്. ചാക്കോച്ചന്‍ രക്തം ഛര്‍ദ്ദിക്കുന്നുവെന്നും പറഞ്ഞ് സിസ്റ്റര്‍ ഓടിവന്നു.ചാക്കോച്ചന്‍ തളര്‍ന്നവശനായി ഞരങ്ങിക്കൊണ്ടിരിക്കുകയാണ്. തറമുഴുവന്‍ രക്തപ്പുഴയായി മാറിയിരിക്കുന്നു. കിടക്കയും തലയണയും രക്തത്തില്‍ മുങ്ങിയിരിക്കുന്നു. ഒരു നിമിഷം, ചാക്കോച്ചന്‍ ശാശ്വതമായ ശാന്തതയിലേക്കിറങ്ങി. സ്വര്‍ഗ്ഗാരോഹണം വളരെ എളുപ്പത്തിലായി.പുത്തനുടുപ്പു ധരിച്ച് പള്ളിയിലേക്കു പുറപ്പെട്ട കുട്ടി ഒരു തേങ്ങലോടെ ചാക്കോച്ചന്റെ ശരീരത്തില്‍ വീണു…

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.