DCBOOKS
Malayalam News Literature Website

മന്നത്ത് പത്മനാഭന്റെ ചരമവാര്‍ഷികദിനം

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയും എന്‍എസ്എസിന്റെ സ്ഥാപകനുമായ മന്നത്ത് പത്മനാഭന്‍ 1878 ജനുവരി 2ന് ചങ്ങനാശ്ശേരില്‍ ജനിച്ചു.വിദ്യാഭ്യാസത്തിന് ശേഷം വളരെ ചെറിയ പ്രായത്തില്‍ തന്നെ കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ദേഹം അധ്യാപകനായി ജോലിക്ക് ചേര്‍ന്നു. തുടര്‍ന്ന് സ്വപ്രയത്‌നത്താല്‍ 1905ല്‍ അഭിഭാഷകനായി.

മന്നത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് 1914ല്‍ സ്ഥാപിച്ചതാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്). കേരളത്തില്‍ പ്രത്യേകിച്ച് നായര്‍ സമുദായത്തിന്റെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുക, കൂട്ടുകുടുംബ സമ്പ്രദായത്തിന്റെ ദോഷങ്ങളില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി അതിന്റെ പ്രാരംഭകാലത്ത് നേതൃത്വം നല്‍കി.

1924ല്‍ നടന്ന വൈക്കം സത്യാഗ്രഹത്തിനും മന്നത്തു പത്മനാഭന്‍ നേതൃത്വം നല്‍കി. 1959ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനിടയാക്കിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു. ജീവിതസ്മരണകള്‍ ഇദ്ദേഹത്തിന്റെ ആത്മകഥയാണ്. 1966ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1970 ഫെബ്രുവരി 25ന് അന്തരിച്ചു.

Comments are closed.