DCBOOKS
Malayalam News Literature Website

അച്ഛനും മകളും; ഹരി ഒളപ്പമണ്ണ എഴുതുന്നു

ഒളപ്പമണ്ണമന ദേവീപ്രസാദം ട്രസ്റ്റ് അവാർഡുകൾ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് എല്ലാ കൊല്ലത്തെയും പോലെ 2019 നവംബറിൽ വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ലീലോപ്പോളുടെ (ഈയിടെ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗല) മകൻ ഉണ്ണിയേട്ടൻ്റെ വസതിയിൽ ചെന്നു. ലീലോപ്പോളുടെ പുത്രഭാര്യ ഉഷോപ്പോൾ ഉണ്ടാക്കിവച്ച ചക്കച്ചീ ഡയോടൊപ്പം അതിനേക്കാൾ മാധുര്യമുള്ള ലീലോപ്പോളുടെ സംഭാഷണം ആസ്വദിച്ച് ഞങ്ങൾ എത്ര നേരമാണ് അവിടെ ഇരുന്നത്! ലീലോപ്പോളുടെ അച്ഛൻ ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണാർത്ഥമാണ് ദേവീപ്രസാദം ട്രസ്റ്റ് രൂപീകൃതമായിട്ടുള്ളത്. അതിൻ്റെ പ്രവർത്തനങ്ങൾക്ക് ലീലോപ്പോൾ സജീവമായി എപ്പോഴും മുൻപിലുണ്ടായിരുന്നു. തീരെ വയ്യാഞ്ഞിട്ടും 2020 ഫെബ്രുവരി 23 ന് വെള്ളിനേഴിയിൽ വന്ന് അവാർഡ് ദാനച്ചടങ്ങിന് ലീലോപ്പോൾ സ്വാഗതം പറഞ്ഞു. എത്ര ബുദ്ധിമുട്ടിയാണെന്നോ അന്ന് ലീലോപ്പോൾ സ്റ്റേജിലേക്ക് കയറിയത്. പക്ഷേ ആ ക്ഷീണമൊന്നും തൻ്റെ അച്ഛനെപ്പറ്റി പറയുമ്പോൾ ലീലോപ്പോളുടെ വാക്കുകളിൽ ഉണ്ടായിരുന്നില്ല. അത്രയ്ക്ക് ഗാഢമായിരുന്നു ആ പിതൃപുത്രീ ബന്ധം.

ലീലോപ്പോളെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടാവുമെങ്കിൽ അത് അച്ഛൻ ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാടാണ്. സാഹിത്യത്തിൽ വിജയിക്കണമെങ്കിൽ വാസനാബലത്തോടൊപ്പം അദ്ധ്വാനബലം കൂടി വേണം എന്ന് അച്ഛൻ മകളെ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചു. തൻ്റെ ജീവിത സായാഹ്നത്തിൽ ഒ.എം.സി. ദിനവും ഏഴു മണിക്കൂറെടുത്ത് ഏഴു വർഷം കൊണ്ടാണ് ഋഗ്വേദ ഭാഷാ ഭാഷ്യം പൂർത്തിയാക്കിയത്. അച്ഛൻ്റെ തപസ്സു പോലുള്ള എഴുത്തു ശീലമാവും ലീലോപ്പോളുടെ ‘പച്ച മലയാളനിഘണ്ടു’ , ‘കേരളകലാമണ്ഡലം ചരിത്രം’ തുടങ്ങിയ ഗവേഷണാത്മക ഗ്രന്ഥരചനകൾക്ക് പ്രചോദനമായത്. ബാലസാഹിത്യരചനകൾക്കും അദ്ധ്വാനം ചെറുതല്ല: പരന്ന വായനയും ഗവേഷണവും ആവശ്യമാണ്. പഞ്ചതന്ത്രത്തിൻ്റെ പുനരാഖ്യാനം ഒരു ഉദാഹരണം. മിഠായിപ്പൊതി, നെയ് പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മുത്തുസഞ്ചി തുടങ്ങി നാൽപതോളം പുസ്തകങ്ങൾ വേറേയുമുണ്ട്. വാക്കിംഗ് പുരാണിക് എൻസൈക്ലോപീഡിയ എന്നാണ് ദേവീപ്രസാദം ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീദേവി വാസുദേവൻ തൻ്റെ ഭർതൃസഹോദരിയെ വിശേഷിപ്പിച്ചത്.

എൻ്റെ അച്ഛൻ കവി ഒളപ്പമണ്ണയുടെ പിതൃസഹോദരൻ്റെ പൗത്രനാണ് ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാട്. അച്ഛനേക്കാൾ പതിമ്മൂന്നു വയസ്സിൻ്റെ മൂപ്പുണ്ട് ഒ.എം.സി ക്ക്. അച്ഛന് ജ്യേഷ്ഠനെപ്പോലെത്തന്നെയായിരുന്നു. അച്ഛനേയും സഹോദരൻ ഡോ.ഒ.എം.അനുജനേയും സാഹിത്യത്തിലേക്ക് കൈപിടിച്ചു നടത്തിയത് ഒ.എം.സി.യാണ്. ഇവരുടെ കുട്ടിക്കാലത്ത് വള്ളത്തോൾ മുതലുള്ള സാഹിത്യകാരൻമാർ ഇല്ലത്ത് വരുമായിരുന്നു. പട്ടിക്കാംതൊടി രാവുണ്ണി മേനോനെപ്പോലുള്ളവരുടെ കഥകളി അരങ്ങേറുമായിരുന്നു. ഈ അന്തരീക്ഷത്തിലാണ് ലീലോപ്പോൾ ജനിക്കുന്നത്. ബി.എ. ബിരുദധാരിയായ ഒ.എം.സി. വളരെ ആധുനിക രീതിയിൽത്തന്നെ മകളെ വളർത്തി. പെൺകുട്ടി എന്ന വ്യത്യാസം ഒട്ടും കാണിച്ചില്ല. വളരെ കുട്ടിയിൽത്തന്നെ വായനയുടെ ലോകത്തേക്ക് ഉപനയനം ചെയ്തു. ഏഴാം വയസ്സിൽത്തന്നെ ലീലോപ്പോൾ നാലപ്പാട്ടു നാരായണ മേനോൻ്റെ ‘പാവങ്ങൾ’ മലയാള വിവർത്തനം വായിച്ചു. എങ്കിലും എഴുത്തിലേക്ക് കടന്നത് കുറേക്കൂടി വൈകിയാണ്. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ സ്വന്തം പേരിൽ എഴുതാൻ മടിച്ച് സുമംഗല എന്ന തൂലികാനാമം സ്വീകരിച്ചു. കുറച്ചു കഴിഞ്ഞാണ് താനാണ് സുമംഗല എന്ന പേരിൽ എഴുതുന്നത് എന്ന്, ലീലോപ്പോൾ സ്വന്തം അച്ഛനോടു പോലും വെളിപ്പെടുത്തുന്നത്.

ഇപ്പോൾ ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ ഋഗ്വേദ ഭാഷാ ഭാഷ്യം എട്ട് വോള്യം ഡി.സി.ബുക്സ്പ്രസിദ്ധം ചെയ്യുന്നുണ്ട്. അതുപോലെ ലീലോപ്പോളുടെ കംപ്ലീറ്റ് വർക്സ്, ഒരു ബൃഹദ് ഗ്രന്ഥമായി പ്രസിദ്ധീകരിക്കാൻ ആരെങ്കിലും മുന്നോട്ടു വരട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. അത് പുതിയ തലമുറക്ക് വായിച്ചു വളരാൻ നല്ലൊരു മുതൽക്കൂട്ടാവും എന്നതിന് സംശയമില്ല.

Comments are closed.