DCBOOKS
Malayalam News Literature Website

കാലത്തിന്റെ അപാരതീരത്തേക്ക് കമുകറ പുരുഷോത്തമന്‍ മറഞ്ഞിട്ട് ഇരുപത്തിയാറു വര്‍ഷം

ഈശ്വര ചിന്തയിതൊന്നേ മനുജനുശാശ്വതമീ ഉലകില്‍… ജീവിതത്തിന്റെ നശ്വരതെയെ ഓര്‍മ്മിപ്പിക്കുകയും ദുരാഗ്രഹത്തെ അപഹസിക്കുകയും ചെയ്യുന്ന മനോഹരമായ ഗാനം ജനങ്ങള്‍ക്ക് സുപരിചിതമാക്കിയ ശബ്ദം മണ്‍മറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപത്തിയാറു വര്‍ഷം. 1995 മെയ് 25 നാണ് ആ ശബ്ദം നിലയ്ക്കുന്നത്. 1953-ല്‍ പൊന്‍കതിര്‍ എന്ന ചിത്രത്തിനു വേണ്ടി നാലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കു പ്രവേശിച്ചത്. 1953 മുതല്‍ 1993 വരെയുള്ള സംഗീതജീവിതത്തില്‍ കമുകറ നൂറ്റിയെഴുപത്താറോളം സിനിമാഗാനങ്ങള്‍ പാടി. നിരവധി ലളിതഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഈശ്വരചിന്തയിതൊന്നേ… ആത്മവിദ്യാലയമേ… പഞ്ചവര്‍ണ തത്തപോലെ… മറ്റൊരു സീതയെ… ഏകാന്തതയുടെ അപാരതീരം…. തുടങ്ങി മലയാളികള്‍ എന്നും പാടി നടക്കുന്ന സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടിയത് കമുകറ പുരുഷോത്തമന്‍ എന്ന് അതുല്യപ്രതിഭയാണ്.

മലയാളത്തിലെ പ്രശസ്തരായ സംഗീതസംവിധായകരുടെയും ഗാനരചയിതാക്കളുടെയും പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. വി.ദക്ഷിണാമൂര്‍ത്തി എം.എസ്.ബാബുരാജ്, ജി.ദേവരാജന്‍ എന്നിവര്‍ക്കുവേണ്ടി നിരവധി ഗാനങ്ങള്‍ കമുകറ പാടി. തിരുനയിനാര്‍കുറിച്ചി-ബ്രദര്‍ ലക്ഷ്മണന്‍-കമുകറ എന്ന ത്രയത്തില്‍ നിന്നാണ് ആത്മവിദ്യാലയ’വും ‘ഈശ്വരചിന്ത’യും എന്നീ ഹിറ്റുകള്‍ ഉണ്ടായത്. മോഹന്‍സിത്താരയ്ക്കുവേണ്ടിയാണ് അദ്ദേഹം അവസാനമായി പാടിയത്.

Comments are closed.