DCBOOKS
Malayalam News Literature Website

‘തന്റേതായ ഇടം’ കണ്ടെത്തി തുല്യതയിലേക്ക് നടന്നുനീങ്ങുവാനുള്ള തീജ്വാലകള്‍!

നൈജീരിയന്‍ എഴുത്തുകാരി ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന് അമല അന്ന അനിൽ എഴുതിയ വായനാനുഭവം. ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്സാണ് പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

2020 ആഗസ്റ്റ് മാസത്തിൽ സ്‌കൂളിൽ മനോഹരമായ അന്തരീക്ഷത്തിൽ നടക്കേണ്ട ക്ലാസ്സുകളുടെ സ്ഥാനം കവർന്നുകൊണ്ട് ഗൂഗിൾ മീറ്റിലൂടെ നിറഞ്ഞാടിയ തകർപ്പൻ ക്ലാസ്സുകൾക്കിടയിൽ ക്ലാസ്സിലെ ചൂടേറിയ ഓൺലൈൻ ഡിബേറ്റുകളുടെ പ്രതിപാദ്യ വിഷയങ്ങളായ വംശീയത, തുല്യത, ഫെമിനിസം എന്നിവയെപ്പറ്റിയുള്ള ആഴമായ അറിവിനുള്ള മുങ്ങിതപ്പലിനിടയിലാണ്. ‘Dear Jyeawele, a feminist Manifesto in fifteen suggestions’ എന്ന ചിമമാൻസ എൻഗോസി അദീച്ചിയുടെ കൊച്ചുപുസ്തകം കണ്ടെത്തിയത്. പത്താംക്ലാസ്സിലെ ഇംഗ്ലിഷ് പുസ്തകത്തിൽ ‘Danger of a single story’യിലൂടെ പരിചിതമായ വംശീയതയ്‌ക്കെതിരെ സ്പഷ്ടമായ വാക്കുകളിലൂടെ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടി ആഞ്ഞടിച്ച എഴുത്തുകാരിയുടെ പുസ്തകം വായിക്കാൻ കൗതുകമേറി.

അത് വായിച്ചുകഴിഞ്ഞ് മനസ്സിൽ പതിഞ്ഞ പല ആശയങ്ങളും വീട്ടുകാർക്കും പറഞ്ഞുകൊടുക്കലായി പിന്നെ പണി. അവരെക്കൊണ്ടും ഇത് വായിപ്പിക്കാമെന്ന ചിന്തയുണ്ടായിരുന്നു. ഇത്തരം പുരോഗമനപരമായ ചിന്തകൾ നിറഞ്ഞ ഈ പുസ്തകം മലയാളത്തിലും കൂടി വന്നിരുന്നെങ്കിൽ എന്നാശിച്ചുകൊണ്ടിരുന്നപ്പോഴാണ് ഡി സി ബുക്‌സ് സൈറ്റിൽ മലയാളം വിവർത്തനം ഉണ്ടെന്നു കണ്ടത്. വിവർത്തകയാകട്ടെ, എന്നിൽ ഏറെ സ്വാധീനം ചൊലുത്തിയ, സമൂഹത്തിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രിയ ബഹുമാനപ്പെട്ട ദിവ്യ. എസ്. അയ്യർ IAS ആണെന്ന് കണ്ടപ്പോഴേ ബുക്ക് വാങ്ങി ചിമമാൻസ എൻഗോസി അദീച്ചിയുടെ ഫെമിനിസ്റ്റ് തത്വങ്ങളെ അതിന്റെ തീഷ്ണങ്ങളും ചോരാതെതന്നെ മലയാളകരയിലും ആൺമേൽക്കോയ്മകൾക്കിടയിൽ സ്ത്രീക്കും തന്റേതായ ഇടവും തുല്യമായ അവകാശങ്ങളും ഉണ്ടെന്ന ബോധ്യം വളർത്തുന്ന രീതിയിൽ വളരെ സുവ്യക്തമായിട്ടാണ് വിവർത്തനം നടത്തിയിരിക്കുന്നത്.

കൺമുന്നിൽ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതുമായ ലിംഗവിവേചനം ഒരു പെൺകുട്ടി എന്ന നിലയിൽ എന്നിൽ അസ്വസ്ത ഉളവാക്കിയിരുന്നു. പല സ്ത്രീകളും മറ്റാരാലോ തങ്ങളുടെ ജീവിതകഥ എഴുതിവയ്ക്കപ്പെട്ടതനുസരിച്ച് ജീവിക്കുന്നതുപോലെ ജീവിക്കുന്നതിനുപകരം ആത്മാഭിമാനത്തോടെ ജീവിക്കണമെന്ന ചിന്തയെന്നും ഉള്ളിൽ വേരുപിടിച്ചിരുന്നു. അനീതികളെ തൂത്തുമാറ്റണമെന്ന അടങ്ങാത്ത വാശിയാണല്ലോ പലതരം വിപ്ലവങ്ങൾക്കും തുടക്കമായിട്ടുള്ളതും.

ഫെമിനിസ്റ്റ് എന്നാൽ മറ്റെല്ലാത്തിനേയും നിരാകരിച്ച് പെൺമേൽക്കോയ്മ സ്ഥാപിക്കാൻ മാത്രം നടക്കുന്ന എന്തോ മോശപ്പെട്ടവർ എന്ന തെറ്റായ ചിന്തകളെ വേരോടെ പിഴുതെറിഞ്ഞുകൊണ്ട് ‘A feminist is someone who believers in full social, economic and political equality for women’ എന്ന സത്യസന്ധമായ തത്വത്തെ അതിന്റെ എല്ലാ തലത്തിലും മനസ്സിലാക്കിത്തന്നതും, മനസ്സിനെ ആഞ്ഞുകുലുക്കി ഇരുത്തി ചിന്തിപ്പിച്ചതും എന്നോ എങ്ങനെയോ വേരുറപ്പിക്കപ്പെട്ട തെറ്റായ ധാരണകളേയും മായ്ക്കാൻ സഹായിച്ചതുമായ മനോഹര ഗ്രന്ഥം.

സോഷ്യോളജി പുസ്തകങ്ങളിൽ വായിച്ചു മനസ്സിൽ പതിഞ്ഞ പല കാര്യങ്ങലും ചുറ്റും കണ്ണോടിച്ചപ്പോഴാണ് ശ്രദ്ധിച്ചതും അതിനെപ്പറ്റി വികാരഭരിതയായ ചിന്തിക്കാൻ തുടങ്ങിയതും, ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലായെന്നും സർവ്വസാധാരണമാണെന്ന നിലയിൽ മനുഷ്യൻ തലോലിച്ച് നടക്കുന്ന നിത്യകാഴ്ചകളാമെന്നും അതിനെതിരെ വ്യക്തമായ കാഴ്ചപ്പാടോടെ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും തിരിച്ചറിഞ്ഞത്.

എങ്കിലും മനസ്സിനെ വളരെയധികം പിടിച്ചുകുലുക്കിയ മറ്റു പല കാര്യങ്ങളും കൂടിയുണ്ട്. സ്ത്രീയുടെ മാതൃത്വത്തെയും ത്യാഗത്തെയും വാനോളം പുകഴ്ത്തുമ്പോഴും തന്നെ മാനിക്കാത്ത, തന്നോട് മോശമായി പെരുമാറുന്ന സമ്പ്രദായങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും തന്റേതായ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നവരെ പലപ്പോഴും ‘അഹങ്കാരി’യായി ചിത്രീകരിക്കുന്നതുവഴി ധൈര്യവും ദേഷ്യവും ഒക്കെ ആണിന്റെ കുത്തകയാണെന്നും ത്യാഗവും ക്ഷമയും സ്‌നേഹവും മാത്രമേ സ്ത്രീകളിൽനിന്ന് പ്രതീക്ഷിക്കുന്നുള്ളൂ എന്നും പറയാതെ പറയുകയല്ലോ; ആ മിഥ്യാധാരണ ശരിയാണെന്ന് കഷ്ടപ്പെട്ട ബോധിപ്പിക്കുകയല്ലേ പല മാധ്യമങ്ങളുമിന്ന് ചെയ്യാറുള്ളത്.
”പെണ്ണായാൽ പൊന്നുവേണം….” എന്ന ഈരടികൾ പറയുന്നതുപോലെ പെണ്ണായാൽ പൊന്നുവേണമെന്നുണ്ടോ? പൊന്നുണ്ടായാലും ഇല്ലായെങ്കിലും അവൾ പൊന്നിൻകുടമല്ലേ?

മിക്ക സിനിമകളിലും മകളെ പറ്റിയുള്ള പിതാക്കന്മാരുടെ ആകുലതകളും അത് ചെന്നെത്തിക്കാറുള്ള വിവാഹങ്ങളും വിവാഹശേഷം അവളെ ‘കെട്ടിച്ചുവിട്ടു’ ‘ഭാരമെല്ലാം ഇറക്കി, ഇനി സ്വസ്ഥമായി വിശ്രമിക്കാം.’ തുടങ്ങിയ അച്ഛനമ്മമാരുടെ ക്ലീഷേ ചോദ്യങ്ങളും പെൺകുട്ടികൾ ഒരു asset ആണെന്നതിനുപകരം ‘Liability’ ആണെന്ന ചിന്തയല്ലേ (Social Stigma) അല്ലേ, യഥാർത്ഥത്തിൽ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്.

പല കണ്ടുപിടിത്തങ്ങളും മനുഷ്യനിർമ്മിതവസ്തുക്കളും അറിയപ്പെടുന്നത് Manmada എന്നല്ലേ? അതിൽ സ്ത്രീകൾ ഉൾപ്പെടാറില്ലേ, പിന്നെന്തുകൊണ്ടാണ് അവയൊരിക്കലും Human made എന്നറിയപ്പെടാത്തത്?
മറ്റൊന്നാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നതു പോലെയുള്ള ‘മിസ്സിസ് പ്രയോഗം’. കല്യാണശേഷം എന്തുകൊണ്ടാണ് മാന്യമായ രീതിയിൽ ‘മിസ്സിസ്സ്(ഭർത്താവിന്റെ പേര്) എന്നുപയോഗിക്കുന്നത്? സ്ത്രീകളുടെ പേരിനു ഒരു വിലയും ഇല്ലായെന്നാണോ അതോ കല്യാണത്തിൽ transfer of property’ ആണോ നടക്കുന്നത്?
ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ആദ്യ പരീക്ഷണമായ 1952 ലെ ഇലക്ഷനിൽ മിക്ക വനിതകളുടെയും പേര് ആദ്യം അവ്യക്തമായിരുന്നുവല്ലോ. ‘ഇന്നായാളുടെ മകൾ അഥവാ ഭാര്യ’ എന്നിങ്ങനെ സ്വന്തം പേരു പോലും വെളിപ്പെടുത്തപ്പെടാതെ എന്നാൽ സുകുമാർ സെൻനുകീഴിൽ പ്രവർത്തിച്ച ഇലക്ഷൻ കമ്മീഷൻ സ്ത്രീകളുടെ പേര് ചേർത്ത് പട്ടിക പുതുക്കിയെന്ന് NCERT പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലും കാണാനിടയായി. എന്നാൽ അത് ഇന്നും ചെറിയതോതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഇലക്ഷൻ ഐഡി കാർഡിനും മറ്റുമായി അപേക്ഷ സമർപ്പിക്കുമ്പോൾ സ്ത്രീകൾക്ക് c/o വെയ്ക്കുന്നത് അവിവാഹിതരെങ്കിൽ അച്ഛന്റെ പേരും വിവാഹിതരെങ്കിൽ ഭർത്താവിന്റെ പേരുമാണ് എന്നാൽ ‘ഗൃഹനാഥന്മാരായ പുരുഷന്മാർക്ക്’ ഇതൊന്നും ബാധകമല്ലതാനും.
തുല്യതയിലേക്കു നടന്നുനീങ്ങേണ്ട ഈ ലോകത്തിൽ ഗ്രന്ഥകർത്താവ് പ്രസ്താവിക്കുന്നതുപോലെ ഉത്തരവാദിത്വങ്ങൾ തുല്യമായ പങ്കുവയ്ക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം ‘ഭാര്യ-ഭർത്താവ്’ എന്നീ നിശ്ചിത പ്രയോഗങ്ങളിലൂടെ പ്രത്യേക ജോലി, ഉദാഹരണത്തിന് അടുക്കളപണി ‘ഭാര്യക്ക്’ എന്നിങ്ങനെ വീതം വെച്ച് നല്കുന്നതിനുപകരം partners’ എന്ന സമീപനത്തോടെ ജീവിതപന്ഥാവിലെ കർമ്മങ്ങളെ നോക്കിക്കാണേണ്ടത് അത്യാവശ്യമാണ്.

അവൾ ആരുടെയോ മകളോ, പെങ്ങളോ, കാമുകിയോ ഭാര്യയോ ആണ് എന്ന സ്ഥിരം പല്ലവി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവൻ അവനാണ് എന്ന് മറ്റാരെയും relate’ ചെയ്ത് പറയാത്ത സമൂഹം അവൾ അവളാണ്. എന്ന് അംഗീകരിച്ച് അവളുടെ വ്യക്തിത്വത്തെയും മാനിക്കേണ്ടിയിരിക്കുന്നു. വർഷങ്ങൾ നീണ്ട, ഇനിയും നീളാൻ ഇടയുള്ള പ്രതികരണങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ് സ്ത്രീകളുടെ വോട്ടിങ് അവകാശങ്ങൾ പോലും പല രാജ്യത്തും ലഭ്യമായത്.

അനീതിക്കെതിരെ ശബ്ദമുയർത്തിയും സ്വന്തമായ വ്യക്തിത്വവും സ്പഷ്ടമായ കാഴ്ചപ്പാടുകളും രൂപപ്പെടുത്തി ‘തന്റേടി’ എന്ന പദത്തിന് സ്ത്രീലിംഗ-പുല്ലിംഗ വ്യത്യാസമില്ലെന്ന് തിരിച്ചറിഞ്ഞ്, തന്റേടം- തന്റേതായ ഇടം’ കണ്ടത്തി തുല്യതയിലേക്ക് നടന്നുനീങ്ങുവാനുള്ള തീജ്വാലകളാണ് സുവ്യക്തവും സ്പഷ്ടവും സരസസുന്ദരവുമായ ഈ ഗ്രന്ഥകാരി വായനക്കാരുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്നത് എന്നതിൽ തെല്ലു സംശയവുമില്ല.

പുസ്തകം  വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.