DCBOOKS
Malayalam News Literature Website

ഐതിഹാസിക വിജയങ്ങളുടെ കഥ

ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്ത് മറ്റൊരു കളിക്കാരനിലും ജനങ്ങള്‍ ഇത്രയധികം പ്രതീക്ഷയര്‍പ്പിച്ചിട്ടില്ല. മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരുക്കുകളുടെയും തിരിച്ചടികളുടെയും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. വേദനകളില്‍ അദ്ദേഹത്തോടൊപ്പം തേങ്ങി…നേട്ടങ്ങളില്‍ഒന്നിച്ച് ആറാടി. ഒടുവില്‍ ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ചുറികളുടെയും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സച്ചിന്‍ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി. കളിക്കളത്തിനകത്തെയും പുറത്തെയും ഹൃദ്യമായപെരുമാറ്റം കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ അദ്ദേഹത്തെ രാജ്യത്തിന്റെ പുരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി രാഷ്ട്രം ആദരിച്ചു.

ആരാധകഹൃദയങ്ങള്‍ ഒരുപോലെകീഴടക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയാണ് ‘പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വരെ ഇടം പിടിച്ച പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫിയുടെ മലയാള പരിഭാഷയാണ് എന്റെ ജീവിതകഥ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും, ക്രിക്കറ്റിന്റെ കൊടുമുടി കയറി അതിന്റെ നിറുകയില്‍ നിന്നുള്ള വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം അദ്ദേഹം തന്റെ ആത്മകഥയില്‍ തുറന്നെഴുതി.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദിശാപരിണാമത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് സച്ചിന്റെ ആത്മകഥ. ഇന്ത്യ നേടിയ ഐതിഹാസിക വിജയങ്ങളും ആരാധകര്‍ എക്കാലവും രോമാഞ്ചത്തോടെ ഓര്‍മ്മിക്കുന്ന സച്ചിന്റെ മാസ്മരിക ഇന്നിംഗ്‌സുകളുമെല്ലാം ഈ കൃതിയെ പ്രിയപ്പെട്ടതാക്കുന്നു. പാഞ്ഞെത്തുന്ന ബൗളറുടെ പന്തിനെ മാന്ത്രികമായ ചലനങ്ങളിലൂടെ ബൗണ്ടറിയിലേക്ക് തൊടുത്തുവിടുന്ന സച്ചിന്റെ കേളീശൈലിയുടെ സമസ്ത സൗന്ദര്യവും ഈ പുസ്തകവും ഉള്‍ക്കൊള്ളുന്നു.

തന്റെ ജീവിതത്തിലെയും കരിയറിലെയും നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് സച്ചിന്‍ തുറന്നെഴുതുകയാണ് എന്റെ ജീവിതകഥയിലൂടെ. ജീവിതത്തില്‍ നാമോരുത്തരും പിന്തുടരേണ്ട അര്‍പ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്‌നേഹത്തിന്റെയും സംഭവബഹുലമായ ആഖ്യാനമാണ് ഇതില്‍ സച്ചിന്‍ നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കും വായനാകുതുകികള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്നതാണ് എന്റെ ജീവിതകഥ.

‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാംസ്‌കാരികചരിത്രം’ എന്ന വിഷയത്തില്‍ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ജോണ്‍സ് കോളേജില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ബോറിയ മജൂംദാര്‍ക്കൊപ്പം ചേര്‍ന്നാണ് സച്ചിന്‍ തന്റെ ആത്മകഥയുടെ രചന നിര്‍വ്വഹിച്ചത്. മേഘാ സുധീറാണ് പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.

Comments are closed.