DCBOOKS
Malayalam News Literature Website

‘എന്റെ ആണുങ്ങള്‍’ നളിനി ജമീലയുടെ ഏറ്റവും പുതിയ കൃതി

ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുകയാണ്.ഒരു ആക്ടിവിസ്റ്റോ എഴുത്തുകാരിയോ ഒന്നുമല്ലാതിരുന്ന കാലത്ത് നളിനി  അടുത്തിടപഴകുകയും അവരോട് അടുപ്പം കാണിക്കുകയും ചെയ്ത ചില സുഹൃത്തുക്കളെക്കുറിച്ചാണ് ഈ കൃതിയില്‍ പറയുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എന്റെ ആണുങ്ങള്‍ എന്ന കൃതി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

എന്റെ ആണുങ്ങള്‍ എന്ന കൃതിയുടെ ആമുഖത്തില്‍ നിന്നും

ആത്മകഥ എഴുതിയ ശേഷം തന്റെ സുഹൃത്തുക്കളെയും കാമുകന്മാരെയും ക്ലയന്റുകളെയും കുറിച്ചൊരു പുസ്തകം എഴുതാനുള്ള ആശയവുമായി നളിനി ഞങ്ങളെ സമീപിക്കുകയായിരുന്നു. ഞങ്ങളെല്ലാം കൂടിയിരിക്കുമ്പോഴുള്ള ഊര്‍ജ്ജവും അന്തരീക്ഷവും ആത്മവിശ്വാസവും പിന്നെ ഞങ്ങളോരോരുത്തരുമായി ഉള്ള ദീര്‍ഘകാല സൗഹൃദവും നിമിത്തമാണ് ഈ സംയുക്തസംരംഭത്തിന് നളിനി ഒരുമ്പെട്ടത്. ലൈംഗികത്തൊഴിലാളി എന്നാല്‍ സുഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്ത, ഇരുട്ടില്‍ തെരുവില്‍ പ്രത്യക്ഷപ്പെട്ട് എങ്ങോട്ടോ അപ്രത്യക്ഷരാകുന്ന ഒറ്റപ്പെട്ട നികൃഷ്ടജീവികളാണെന്ന പൊതുധാരണ പൊളിച്ചെഴുതലായിരുന്നു അതിന്റെ രാഷ്ട്രീയ പ്രേരണ. തെരുവില്‍ ജീവിക്കുന്ന ഒരു സ്ത്രീത്തൊഴിലാളിയുടെ സ്‌പേനഹപാരസ്പര്യങ്ങളുടെ കഥ പറയുന്നതിലൂടെ ആ തൊഴില്‍നിമിത്തം നാണക്കേടനുഭവിക്കുകയും കുറ്റവാളികളായി മുദ്രയടിപ്പെടുകയും ചെയ്യുന്നതിനെ ചെറുക്കുക കൂടിയാണ് നളിനി. തങ്ങളെക്കുറിച്ചുള്ള മുന്‍ ധാരണകള്‍ മാത്രമല്ല, ക്ലയന്റുകളെ സംബന്ധിക്കുന്ന വാര്‍പ്പു മാതൃകകളും (ക്രൂരര്‍, ഹൃദയശൂന്യര്‍…) പൊളിച്ചെഴുതുന്ന ആഖ്യാനങ്ങളാണ് ഈ പുസ്തകത്തില്‍. ലൈംഗികത്തൊഴിലാളികളെയും അവരുടെ ക്ലയന്റുകളെയും സംബന്ധിക്കുന്ന ഇമേജുകളുടെ കെണിയില്‍ നിന്നും വായനക്കാരെക്കൂടി മോചിപ്പിക്കുന്നു ഈ ആഖ്യാനങ്ങള്‍. കേവലം നിഷ്‌ക്രിയരായ ഇരകള്‍ എന്ന മുന്‍വിധിയെ മുറിച്ചു കടന്ന് മുഖ്യധാര ഒതുക്കിയ തന്റെ സമുദായത്തിന്റെ സ്വയം മര്യാദയ്ക്കു വേണ്ടി നളിനി ശബ്ദമുയര്‍ത്തുന്നു.

പുസ്തക നിര്‍മ്മാണത്തില്‍ ഞങ്ങളുടെ പ്രധാന ജോലി നല്ല കേള്‍വിക്കാരായിരിക്കുക എന്നതായിരുന്നു. ഒരു ജോലിയാണെന്നതു മറന്ന് പലപ്പോഴും നളിനിയുടെ കഥ പറച്ചിലില്‍ ഞങ്ങള്‍ മുഗ്ധരായി. കൂട്ടം ചേര്‍ന്ന് ഒച്ചയും ബഹളവുമുണ്ടാക്കി കഥ പറയുന്ന കൂട്ടുകാരായി. പിന്നെ. പകര്‍ത്തെഴുത്ത്, മാറ്റിയെഴുത്ത്.അങ്ങനെ നാലു പേരും ചേര്‍ന്ന് നല്‍കിയ രൂപമാണ് ഈ കഥകള്‍ക്ക്.

സഹഎഴുത്ത് എന്നത് ഒരു മോശം ജോലിയല്ലെങ്കിലും ഞങ്ങള്‍ ഈ പാഠത്തില്‍ കൂട്ടുകര്‍തൃത്വം അവകാശപ്പെടുന്നില്ല. അതിനുള്ള കാരണം നളിനിയുടെ അനന്യസാധാരണമായ ആഖ്യാനപാടവമാണ്. എഴുത്ത് എന്ന ഒറ്റ ആധികാരികതയുടെ പേരില്‍ എഴുത്താളര്‍ പദവി നളിനിക്കു നിഷേധിക്കുന്നുവെങ്കിലത് നമ്മുടെയൊക്കെ ചില ദുഃശ്ശീലങ്ങള്‍കൊണ്ട് മാത്രമായിരിക്കും.

ആത്മകഥയില്‍ നിന്ന് വ്യത്യസ്തമായി ഈ കൃതിയില്‍ നളിനി അടുത്തുപോയി കാണിക്കുന്നത് ലൈംഗികത്തൊഴിലിലെ അടുപ്പങ്ങളുടെ സൂക്ഷ്മരാഷ്ട്രീയമാണ്. ലൈംഗികത്തൊഴില്‍=ഹിംസ/ചൂഷണം എന്ന രൂഢമൂലമായ സമവാക്യമാണ് ഇതിലൂടെ തിരുത്തുന്നത്. ലൈംഗികത്തൊഴിലാളികള്‍ ഭാഗമാവുകയും സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹ്യബന്ധശൃംഖലകള്‍ ഹിംസ നിറഞ്ഞതാവാം; സ്‌നേഹം പുലരുന്നതാവാം. രണ്ടും കലര്‍ന്നതുമാവാം. ഒരേസമയം ചൂഷണവും കരുതലും കലര്‍ന്നതും ശ്രദ്ധയും അക്രമവും നിറഞ്ഞതുമായ പാരസ്പര്യങ്ങളുടെ സൂക്ഷ്മഭൗതികമാണ് ഇവിടെ ആവിഷ്‌കൃതമാകുന്നത്. ഒറ്റയ്ക്ക് തെരുവില്‍ ജീവിച്ച ഒരു കേരള യുവതിയുടെ എട്ടു കഥകള്‍. വീടുവിട്ട ഒരു സ്ത്രീയുടെ അതിജീവന കഥ. ഈ എട്ടു കഥകള്‍ക്കും അങ്ങനെ കണിശമായ കാലക്രമമൊന്നും കാണാനാവില്ല. സ്വസ്ഥവും സുരക്ഷിതവുമായ താവളങ്ങള്‍ തേടി നളിനി ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക്, ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക്, പലായനം ചെയ്തുകൊണ്ടിരിക്കുന്നു.

എന്റെ ആണുങ്ങള്‍ എന്നാണ് പുസ്തകനാമമെങ്കിലും ഈ ആഖ്യാനങ്ങള്‍ അസംഖ്യം സ്ത്രീകളുമായി നളിനി അടുത്തുകൂടുന്നതിന്റെ രേഖ കൂടിയാണ്. ഇരുന്നു വാഴുന്ന ഗ്രഹസ്ഥകളെയല്ല, നടന്നു വാഴുന്ന സ്ത്രീകളെയാണ് നളിനി ഈ കൃതിയില്‍ വാഴ്ത്തുന്നത്. ആണ്‍കോയ്മാ കുടുംബങ്ങളുടെയും ഭരണകൂടത്തിന്റെയും സംരക്ഷണമല്ല, കീഴാള ശരീരങ്ങള്‍ നടത്തുന്ന നിരന്തര സഞ്ചാരത്തിന്റെ അനിശ്ചിതത്വവും സാധ്യതകളുമാണ് ഈ കഥകളെ നയിയ്ക്കുന്നത്. ഓടി രക്ഷപ്പെടല്ല; പുതിയ മോഹങ്ങള്‍ പിന്തുടരലും, പുതിയ ബന്ധങ്ങളിലെത്തലും പുതിയ കൂട്ടായ്മകള്‍ തീര്‍ക്കലും.

പലായനങ്ങളിലൂടെ സ്വയം പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന നളിനിയുടെ ഈ കഥകള്‍ക്കൊപ്പം കൂടിയപ്പോള്‍ ഞങ്ങളും ഏറെ സന്തോഷിച്ചു.

രേഷ്മ ഭരദ്വാജ്
ബൈജു നടരാജന്‍
ദിലീപ് രാജ്

Comments are closed.