DCBOOKS
Malayalam News Literature Website

ഏകാന്തതയിലെ ആൾക്കൂട്ടം…

ക്രൈം ത്രില്ലറുകൾ പൂർവാധികം ശക്തിയോടെ എഴുതപ്പെടുന്ന / പ്രസിദ്ധീകരിക്കപ്പെടുന്ന / വായിക്കപ്പെടുന്ന ഘട്ടത്തിലൂടെയാണ് മലയാള സാഹിത്യം ,പ്രത്യേകിച്ച് നോവൽ ശാഖ സഞ്ചരിക്കുന്നത്. ഒരു അഗതാ ക്രിസ്റ്റിയോ ആർതർ കൊനാൻ ഡോയലോ മലയാളത്തിൽ നിന്ന് രൂപപ്പെടുകയും ലോകസാഹിത്യത്തിലിടo പിടിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ലെങ്കിലും സമാനമായ ( ഒരു പക്ഷേ ഭിന്നമായ) വായനാ പരിസരം സൃഷ്ടിക്കാൻ ക്രൈം ത്രില്ലർ എഴുത്തുകാർക്ക് കഴിയുന്നുണ്ട്. എം.ആർ.അനിൽകുമാർ മാഷിന്റെ “ഏകാന്തതയുടെ മ്യൂസിയം ” മലയാളി വായനക്കാർക്ക് ക്രൈം ത്രില്ലർ വായനയിലേക്കുള്ള പ്രധാന വഴിയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നോവലിനെ നയിക്കുന്നതായി തോന്നിയിട്ടുള്ളത്.

1. രാഷ്ട്രീയ പരിസരം

സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ നിർമ്മിക്കുന്ന ( പ്രവർത്തിക്കുന്ന) നേരിന്റെയുo നെറികേടിന്റെയും ഇടങ്ങളെ ഒരു കാഴ്ചയക്കാരനായി മാറി നിന്നുകൊണ്ട് അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. നിയമം സത്യസന്ധമായി പ്രവർത്തിച്ചില്ലെങ്കിൽ ഒരു വ്യക്തി/നിരപരാധി ഏതു നിമിഷവും അപരാധിയും കുറ്റവാളിയുമായി പരിണമിച്ചേക്കാം എന്ന നടുക്കുന്ന യാഥാർത്ഥ്യത്തിലൂടെയാണ് നോവലിന്റെ ആദ്യഭാഗം മുന്നേറുന്നത്. ഒരു എഴുത്തുകാരനെ അന്വേഷിച്ചിറങ്ങുന്ന സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകൻ അപ്രതീക്ഷിതമായി തന്റെ കൺമുന്നിൽ സംഭവിച്ച കൊലപാതകത്തിലെ സാക്ഷിയും പ്രതിയുമായി തീരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലിലും വക്കീലിന്റെ ഇടപെടലിലും മാനസികമായ തകർന്നും തളർന്നും പോകുന്ന ആ യുവാവ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളാൽ തകർക്കപ്പെടുന്ന അനേകം യുവാക്കളിലൊരാളാണ്.വക്കീലും വക്കീലിന്റെ വീട്ടിൽ കാണപ്പെടുന്ന ബന്ധുവുമെല്ലാം പണക്കൊഴുപ്പിന്റെയും സുഖജീവിതത്തിന്റെയും ആസക്തിയുടെയും ഒടുങ്ങാത്ത അടയാളങ്ങളാണ്. വെടിയേറ്റു കിടന്ന തങ്ങളുടെ പ്രധാന പത്രാധിപകയ്ക്ക് നീതി ലഭ്യമാകുന്നതിനു പകരം അസൂയയും കുശുമ്പും പുത്തൻ വാർത്തകളും മാത്രമായി മുന്നേറുന്ന മാധ്യമ അപചയത്തെ നോവലിസ്റ്റ് ആവോളം പ്രത്യക്ഷമായിത്തന്നെ വിമർശനവിധേയമാക്കുന്നുണ്ട്.ഇത്തരത്തിൽ അനവധിയായ രാഷ്ട്രീയ പരിസരങ്ങളിലൂടെയാണ് നോവൽ വികാസം പ്രാപിക്കുന്നത്.

M R Anilkumar-Ekanthathayude Museum2. ഭ്രമകല്പനകളുടെ സ്ഥല രാശികൾ

നോവലിലുടനീളം ഭ്രമവിഭ്രമങ്ങളുടെ ലോകങ്ങൾ സ്ഥൂലവും സൂക്ഷ്മവുമായി ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. മാജിക്കാണോ മാജിക്കൽ റിയലിസമാണോ എന്നൊന്നും തീർച്ചപ്പെടുത്താനാവാത്ത വിധം ഇഹലോകവും അതീത ലോകവും വായനക്കാരെ നിരന്തരം പിന്തുടരുന്നു.പലപ്പോഴും സ്വപ്നസഞ്ചാരിയാണ് സിദ്ധാർത്ഥൻ. ഒരുപക്ഷേ ആത്മീയതയ്ക്കും ഭൗതികതയ്ക്കും ഇടയിൽ സ്തംഭിച്ചു പോയ ഒരു ജീവിതമാണ് അയാളുടേത്. സിദ്ധാർത്ഥന്റെ ഭ്രമകല്പനകൾ വായനക്കാരേയും സ്വപ്നത്തിന്റെ ഭ്രമണപഥത്തിൽ സന്നിവേശിപ്പിക്കുന്നു. ഒരു ആഖ്യാനം നോക്കൂ – ” അപ്പോളായിരുന്നു അവളുടെ വരവ്.മരങ്ങൾക്കിടയിലൂടെ… ഒരു മാലാഖയെയോ പുണ്യാളത്തിയെയോ മന്ത്രവാദിനിയെയോ പോലെ.. മഞ്ഞിനോടൊപ്പം കുഴഞ്ഞുമറിഞ്ഞ നിലയിലുള്ള വിചിത്ര രൂപമായിരുന്നു അവളുടേത്.മഞ്ഞിനുള്ളിലൂടെ ഒഴുകുന്ന ഒരു സ്വർണജലപ്രവാഹം പോലെ.. മഞ്ഞവെളിച്ചത്തിൽ കുളിച്ച താഴ്വരയിൽ നിന്ന് വലിയൊരു ശബ്ദത്തോടു കൂടിയാണ് അവൾ അന്തരീക്ഷത്തിലേക്ക് പൊങ്ങിവന്നത്”. ബസ് യാത്ര എന്ന യാഥാർത്ഥ്യത്തിൽ മറ്റൊരു കിനായാത്ര നോവലിസ്റ്റ് സാധ്യമാക്കുന്നു. ദിവസങ്ങളോളം ഉറങ്ങിപ്പോകുന്ന എഴുത്തുകാരനും, വർധിത സ്നേഹത്താൽ വാതോരാതെ സംസാരിക്കുന്ന വീട്ടുജോലിക്കാരിയും, വലിയ ചിറകുകളുമായി പറന്നു വരുന്ന മരണപക്ഷിയുമെല്ലാം മറ്റൊരു ‘മക്കൊണ്ടോ ‘വിലേക്കും ‘ഖസാക്കി’ലേക്കും വായനക്കാരെ കൊണ്ടു പോകുന്നു.. സ്വപ്നാടകരായി വായനക്കാരും മതിഭ്രമിക്കുന്നു.

3. ദാർശനികതയുടെ നിലാവെളിച്ചങ്ങൾ.

പ്രകൃതി ബന്ധിതമായ ദാർശനികതയാണ് ഈ നോവലിന്റെ കാതൽ. ജീവിതത്തെയും മരണത്തെയും സംബന്ധിക്കുന്ന, പ്രകൃതിയേയും പ്രണയത്തേയും ചേർത്തു കെട്ടുന്ന, ചഞ്ചലതയിൽ നിന്നും അചഞ്ചലതയിലേക്കു സഞ്ചരിക്കുന്ന കഥകളും കഥാപാത്രങ്ങളുമാണ് നോവലിന്റെ പ്രത്യേകത.. വാതോരാതെ സംസാരിച്ച ജോലിക്കാരി മരണമെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാ സൗന്ദര്യവും കെട്ട് മൗനിയായിപ്പോകുന്നുണ്ട്, എഴുത്തുകാരനാവട്ടെ ഏതു നിമിഷവും പ്രകൃതിയോടൊപ്പo ചേർന്നു പുൽകാനുള്ള നിമിഷമായി മരണത്തെ കാണുന്നു. കാടും കാടത്തവും സ്നേഹവും ബന്ധനവും ഉല്പത്തിയും വിമോചനവുമെല്ലാം ലളിതമായി പറയുന്ന ,ജാഗ്രത്- സ്വപ്ന, സുപ്താവസ്ഥകളെ ഉൾക്കൊള്ളുന്ന ദാർശനികതയുടെ നിലാവെളിച്ചം കൂടിയാണ് ഈ നോവൽ. ഒപ്പം ചരിത്രത്തിന്റെ വേരുകൾ ചിലയിടങ്ങളിൽ തളിർക്കുകയും ചെയ്യുന്നുണ്ട്.

2019 നവംബറിലാണ് “ഏകാന്തതയുടെ മ്യൂസിയം ” പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രൗഢമായ എഴുത്തിന്റെ കരുത്ത് ഈ കൃതിക്കുണ്ടായിട്ടും വലിയ നിരൂപകരും വിമർശകരും വേണ്ടവിധം ഈ നോവലിനെ പരിഗണിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.( ഒരു പക്ഷേ നോവലിന്റെ ദൈർഘ്യമാവാം ഒരു കാരണം ,,741 പേജ്. ) തീർച്ചയായും കരുത്തുറ്റ നിരൂപണങ്ങൾ ഈ നോവലിന് ആവശ്യമാണ്. അത് മലയാളനോവൽ സാഹിത്യത്തിന്റെ ഭാവിക്ക് ഏറെ ഗുണം ചെയ്യും.

NB :നോവലിസ്റ്റിന്റെ ഏറെക്കാലത്തെ അസ്വസ്ഥതയുടെയും കണ്ണീരിന്റെയും ഭ്രാന്തിന്റെയും സ്വനഷ്ടങ്ങളുടെയും ഫലമാണ് ഈ നോവൽ എന്ന് ഒറ്റവായനയിൽ നിന്നു തന്നെ മനസിലാക്കാം.” ശരിക്കും പ്രയാസകരമായ ഒരെഴുത്തായിരുന്നു ” എന്ന് നോവലിന്റെ അവസാന ഭാഗത്ത് ഒരു സംഭാഷണമുണ്ട്.. അത് നോവലിസ്റ്റിന്റെ ആത്മഭാഷണം തന്നെയാവാം /ണ്. അതിനാൽ എഴുത്തുകാരന്റെ ഊർജം വൃഥാവിലായിക്കൂടാ. നല്ല വായനകൾ കൃതിക്ക് സാധ്യമാകട്ടെ…….

Comments are closed.