DCBOOKS
Malayalam News Literature Website

ഈദ് ആശംസകൾ

ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി ഇന്ന് ചെറിയ പെരുന്നാള്‍.  മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമായാണ് ബലിപെരുന്നാളിനെ ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത്. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും കുടിയിരുത്തി പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്മരണകള്‍ പുതുക്കുന്ന ദിനം കൂടിയാണ് ഇന്ന്.

മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങള്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലാണ്. ഈദ്ഗാഹുകളും പള്ളികളിലെ സമൂഹ പ്രാർത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുന്നാള്‍ സന്ദേശം

നാളെ ഈദുല്‍ ഫിത്ര്‍ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്. ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കര്‍മ്മങ്ങളുടെയും ഏറ്റവും ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിതറും മുന്നോട്ട് വെക്കുന്നത്.

മഹാവ്യാധിക്ക് മുന്‍പില്‍ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം. റമദാന്‍ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റമദാന്‍. ഈദ് ദിനത്തിലും വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാണ്. അത്‌കൊണ്ട് തന്നെ ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സ്വയം പാലിക്കാന്‍ എല്ലാവരും തയാറാകണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുകയാണ്.

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുക.

Comments are closed.