DCBOOKS
Malayalam News Literature Website

ഡിസ്‌ടോപ്പിയന്‍ പൗരാണികതയും ഭാവിയുടെ ഭൂതങ്ങളും

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

രതീഷ് ശങ്കരന്‍

മധ്യകാല ഭാരതത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ ജാതിവിരുദ്ധ – അബ്രാഹ്മണ മുന്നേറ്റങ്ങള്‍ പിന്നീട് ബ്രാഹ്മണ്യ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സ്വാംശീകരണതന്ത്രത്തിന് വിധേയമാകുന്നു. ഹൈന്ദവവല്‍ക്കരിക്കപ്പെട്ട കര്‍ണ്ണാടകയിലെ ലിംഗായത്തുകള്‍, വിശ്വഹിന്ദുപരിഷത്തിന്റെ നിയന്ത്രണത്തിലായ മഹാരാഷ്ട്രയിലെ വാല്‍ക്കാരി പ്രസ്ഥാനം കേരളത്തിലെ തന്നെ ബി. ഡി. ജെ. എസിന്റെ ആവിര്‍ഭാവം. കബീര്‍പന്ഥികളുടെ ഹിന്ദുത്വവല്‍ക്കരണം. ഇങ്ങനെ ഒട്ടേറെ പരിണാമഗതികള്‍ വ്യക്തമായി നമുക്ക് മുന്നിലുണ്ട്.

”ഇന്ത്യക്കാരെ കടത്താത്ത കാഡയില്‍ കാലെടുത്തുവയ്ക്കുകയില്ലെന്ന് ശഠിച്ച ടാഗോര്‍ എന്തുകൊണ്ട് പറയരെയും മറ്റും കടത്താത്ത പബ്ലിക്ക് റോഡുകളില്‍ കാലെടുത്തു കുത്തുകയില്ലെന്ന് ശഠിക്കുന്നില്ല” – സഹോദരന്‍ അയ്യപ്പന്‍

സമകാലിക ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ജനപ്രിയ മുന്നേറ്റങ്ങള്‍ക്ക് അടിസ്ഥാനകാരണമായ Pachakuthira September Editonഒന്നാണ് പൗരാണികത. അമൂര്‍ത്തമായൊരു ആശയപ്രതീകവ്യവസ്ഥ എന്നതില്‍ കവിഞ്ഞ് വളരെ മൂര്‍ത്തമായ പ്രത്യാഘാതങ്ങളുള്ള ഒരു രാഷ്ട്രീയപദ്ധതിയായി അതിനെ തിരിച്ചറിയുകയാണ് പ്രധാനം. ബഹുവിധമായ അനുഭൂതികളുടെ പ്രഭവകേന്ദ്രമാണ് പൗരാണികത. അത് അതിഭൗതികമായ ആത്മഹര്‍ഷങ്ങളെ ഉത്പാദിപ്പിക്കുന്ന ദൈവികപരതയിലൂടെയാണ് സാധൂകരിക്കപ്പെടുന്നത്. എന്നാല്‍ ഈ പൗരാണികതയുടെ പ്രത്യയശാസ്ത്രം എങ്ങനെയാണ് ഇന്ത്യന്‍ ജനതയുടെ ഐക്യഭാവനകളെ തകര്‍ക്കുന്നത്? ചരിത്രത്തിന്റെ, ചരിത്രരചനാശാസ്ത്രത്തിന്റെ, ദേശീയതയുടെ തുടങ്ങി ദൈനംദിന ജീവിതത്തിന്റെ
രാഷ്ട്രീയഅവബോധത്തെ മുഴുക്കെ എങ്ങനെയാണ് നയിക്കുന്നത് തുടങ്ങിയ മൗലികമായ ചോദ്യങ്ങളാണ് ഈ എഴുത്ത് പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. അതോടൊപ്പംതന്നെ സാംസ്‌കാരികദേശീയവാദമെന്ന വിപത്‌രാഷ്ട്രീയദര്‍ശനത്തോടുള്ള ബദല്‍വ്യവഹാരനിര്‍മ്മിതികള്‍ക്കുള്ള അന്വേഷണങ്ങളും മുന്നോട്ടു വെക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള നൂറ്റാണ്ടുകളിലും, ദശകങ്ങളിലുമായി ഉരുവപ്പെടുന്ന ദേശീയതാസങ്കല്പങ്ങള്‍ അവയുടെ വേരുകള്‍കൊണ്ടും ധാരകള്‍ക്കൊണ്ടും അനേകം വഴികളിലൂടെയാണ് കടന്നുവരുന്നതും ചെന്നെത്തുന്നതും. യൂറോപ്യന്‍ ഓറിയന്റ്‌ലിസ്റ്റുകളും ജര്‍മ്മന്‍ ഇന്‍ഡോളജിസ്റ്റുകളും മറ്റ് ബ്രിട്ടീഷ് സന്നാഹങ്ങളുമൊക്കെ ഇന്ത്യാസംബന്ധിയായ ചരിത്രം, സംസ്കാരം, വൈജ്ഞാനികം മുതലായ മേഖലകളില്‍ ഇടപ്പെട്ടു തുടങ്ങുന്ന ചരിത്രസന്ദര്‍ഭംതൊട്ട് ഈ ദേശീയതാഭാവനകള്‍ അതിന്റെ ചായ്‌വും ചരിവും പ്രകടമാക്കിത്തുടങ്ങുന്നു. വേദങ്ങളും സ്മൃതികളും കാളിദാസകൃതികളുമൊക്കെ ആധാരമാക്കി ഇന്ത്യാചരിത്രനിര്‍മ്മിതിയിലേക്ക് പ്രവേശിച്ച് പാശ്ചാത്യപണ്ഡിതവിഭാഗങ്ങള്‍ രീതിശാസ്ത്രപരമായൊരു മാതൃകയെ തുറന്നിട്ടു1. അതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിലെ വരേണ്യചരിത്രകാരന്‍മാര്‍ ദേശീയതയുടെ രീതിശാസ്ത്രമേഖലയായ ചരിത്രരചനാശാസ്ത്രത്തിലിടപ്പെടുന്നത്. അത്യുദാത്തമായ വ്യാഖ്യാനങ്ങളിലൂടെയുള്ള വൈദിക സംസ്‌കാരനിര്‍മ്മിതികള്‍ തൊട്ട് പൗരാണികസാഹിതീയ സ്രോതസ്സുകളിലൂടെ അലംകൃതമായ ഭരണകൂടചരി്രതങ്ങളും രാജവംശാവലികളുമൊക്കെ വിരചിതമാക്കിയുള്ള ചരിത്രനിര്‍മ്മിതിയാണ് തദ്ദേശീയ-വരേണ്യ-ചരിത്രപണ്ഡിതര്‍ ഊര്‍ജ്ജിതമാക്കിയത്.

പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.