DCBOOKS
Malayalam News Literature Website

പ്രണയം എന്ന പ്രാചീനവികാരം: ആല്‍വിന്‍ ജോര്‍ജ് എഴുതുന്നു

2018 ഒക്ടോബര്‍ 24.

ഡാനി നിക്കൊളാവിച്ചിനെ പരിചയപ്പെടുന്നത് അന്നാണ്. നോര്‍ത്ത് മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്യെയിലെ മദര്‍ തെരേസ മ്യൂസിയത്തിനു മുന്നിലുള്ള കല്ലുവിരിച്ച നടപ്പാതയ്ക്കരികില്‍ ഇരുന്ന് ചിത്രം വരച്ചുകൊണ്ടണ്ടണ്ടണ്ടിരിക്കുകയായിരുന്നു അയാള്‍. അപ്പൂപ്പന്‍താടിപോലുള്ള മുടിയും കറുത്ത മുന്തിരിമണികള്‍ക്ക് തിളക്കം വയ്പിച്ചതു
പോലുള്ള കണ്ണുകളുമുള്ള ഡാനി. ചാര്‍ക്കോള്‍ പെന്‍സില്‍ അദ്ദേഹത്തിന്റെ ചുളിഞ്ഞ വിരലുകള്‍ക്കിടയില്‍ കിടന്ന് വിറച്ചുകൊണ്ടിരുന്നു. വളരെ പെട്ടെന്ന് ഞങ്ങള്‍ ചങ്ങാതിമാരായി. മൂന്നു ദിവസം നീണ്ട പരിചയത്തിനുശേഷം തിരികെ പോരുമ്പോള്‍ ഒരു ചിത്രം സമ്മാനിച്ചാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്.

രണ്ടു വര്‍ഷം കഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോവിഡ് വാര്‍ത്തകള്‍ മുന്നിലെത്താന്‍ തുടങ്ങി. ആ ദിവസങ്ങളിലാണ് ഡാനി നിക്കൊളാവിച്ച് വീണ്ടും ഓര്‍മയില്‍ വന്നുതുടങ്ങിയത്. എപ്പോഴും ചിരിതൂകുന്ന അയാളുടെ മുഖമായിരുന്നില്ല ഇത്തവണ കാഴ്ചയില്‍. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ വിദൂരതയിലേക്ക് നോക്കി ഡാനി പറഞ്ഞ ഒരു വാചകം ചെവിയില്‍ മുഴങ്ങി: ”ഞാന്‍ ഒരു അല്‍ബേനിയന്‍ ആണ്…” അത് പറയുമ്പോള്‍ ആ മുന്തിരിക്കണ്ണുകളില്‍ ഉറങ്ങിക്കിടന്നിരുന്ന വിഷാദമാണ് മുന്നില്‍ തെളിഞ്ഞത്. മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെട്ട ദിവസങ്ങള്‍.

ഒടുവില്‍ ഡാനിയിലേക്കും എനിക്കറിയാത്ത അയാളുടെ ദുഃഖത്തിലേക്കും എത്താന്‍ ദുഷാന എന്ന വൈന്‍മുത്തശ്ശിയെ കൂട്ടുപിടിച്ചു. ഒരു വര്‍ഷം മുന്‍പ് എഴുതിയ ‘അവസാന തുള്ളി ഉപ്പ്’ എന്ന കഥയില്‍ മാസിഡോണിയ എന്ന യവനസുന്ദരിയുടെ ഓര്‍മയ്ക്കായി സൃഷ്ടിച്ച കഥാ
പാത്രമായിരുന്നു ദുഷാന. അവരെ ഡാനിയുടെ നായികയായി സങ്കല്പിച്ചതോടെ അയാളുടെ അജ്ഞാതമായ ദുഃഖത്തിന് ഒരു കാരണം മുന്നില്‍ തെളിയുകയായി. മനസ്സ് ഒന്നുലഞ്ഞു, വാക്കുകള്‍ ഒന്നിനു പിറകെ ഒന്നായി വരാന്‍ തുടങ്ങി.

എഴുത്ത്. മനസ്സിന്റെ കൈവിട്ട ഒരു കളിയാണത്. പകരക്കാരനായി സൈഡ് ബെഞ്ചിലിരുന്നോ കാണിയായി ഗാലറിയിലിരുന്നോ അത് കണ്ടുതീര്‍ക്കാന്‍ ആവില്ല. മനസ്സില്‍ അതിന്റെ വിസില്‍ മുഴങ്ങിയാല്‍ ഇറങ്ങി കളിക്കുകതന്നെ വേണം. പരിക്കേല്‍ക്കുമെന്ന് പേടിക്കരുത്, തോല്‍ക്കുമെന്ന് ഭയക്കരുത്. ഏതുവിധേനയും അത് പൂര്‍ത്തിയാക്കിയേ തീരൂ. ഈ കളിയില്‍ ഡാനിയും ദുഷാനയും സഞ്ചരിക്കുന്ന വഴികളിലൂടെയായിരുന്നു യാത്ര. അവരെ കളത്തിന്റെ നാലതിര്‍ത്തികളില്‍ പിടിച്ചുനിര്‍ത്താന്‍ പ്രണയത്തിന്റെ അദൃശ്യമായ ചരടുണ്ടായിരുന്നു.

ഏറ്റവും പ്രാചീനമായ വികാരമാണ് പ്രണയം. അതിന്റെ വിളുമ്പിലൂടെയെങ്കിലും സഞ്ചരിക്കാത്തവന് അത് പ്രഹസനവും പുച്ഛരസോത്പാദിനിയും ആയേക്കാം. എന്നാല്‍, Textപ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങിഞെരുങ്ങി ശ്വാസം നിലച്ച് സ്വയം നഷ്ടപ്പെട്ട ഒരാള്‍ക്ക് അത് ജീവിതത്തെക്കാള്‍ നിഗൂഢമായ എന്തോ ഒന്നാണ്. ഡാനിയുടെയും ദുഷാനയുടെയും ആ നിഗൂഢതകളിലേക്കിറങ്ങിച്ചെല്ലാന്‍ രണ്ടു രാജ്യങ്ങളുടെ ചരിത്രവും മുന്‍പ് കടന്നുപോയതും പറഞ്ഞുകേട്ടതുമായ അനുഭവങ്ങളും കൂട്ടിനെത്തി. വംശീയ കലാപവും യുദ്ധവും സൃഷ്ടിച്ച നിലവിളികള്‍ക്കിടയിലൂടെയുള്ള ഒരു യാത്രയായിരുന്നു അത്. യുദ്ധംകൊണ്ടു മുറിഞ്ഞു വേര്‍പെട്ട രണ്ടു മനസ്സുകളുടെ അമര്‍ത്തിയ വിലാപങ്ങള്‍ക്കുമേല്‍ ചരിത്രം വളര്‍ന്നു പന്തലിച്ചു.

‘ഞാന്‍ ഒരു അല്‍ബേനിയന്‍ ആണ്…” എന്ന ഡാനിയുടെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിയ നാളുകള്‍. രണ്ടര മാസത്തെ മനോവിചാരങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിടുമ്പോഴേക്കും ഒരിക്കലും കാണാത്ത കൊസോവൊ എന്ന രാജ്യം മാസിഡോണിയയെപ്പോലെതന്നെ എനിക്ക് പ്രിയപ്പെട്ട ഇടമായിത്തീര്‍ന്നിരുന്നു.

ഒറ്റയ്ക്കായിരുന്നില്ല ഈ സഞ്ചാരം. പ്രണയവഴിയിലേക്ക് തിരിഞ്ഞു നടന്നപ്പോള്‍ മറവികൊണ്ട് മനഃപൂര്‍വം മറച്ചുവച്ച മുഖങ്ങളും കുറെ ഓര്‍മകളുമാണ് ആദ്യമെത്തിയത്. പിന്നെ കുറച്ചുപേര്‍ കൂടെത്തന്നെയുണ്ടായിരുന്നു. എന്റെ ഓരോ സൃഷ്ടികളുടെയും വളര്‍ച്ചാഘട്ടങ്ങളില്‍ കൂടെ നില്‍ക്കുന്ന, വായനയുടെ ലോകത്ത് എന്നെക്കാള്‍ കൂടുതല്‍ സഞ്ചാരം നടത്തുന്ന ഭാര്യ നിയ
പോള്‍. അവളുടെ മുന്നിലാണ് ഓരോ അധ്യായങ്ങളും ആദ്യം വെളിപ്പെട്ടത്. ഗര്‍ഭത്തിന്റെ അവസാന നാളുകളിലെ അസ്വസ്ഥതകളെയും വാക്കുകളിലൂടെ ഞാന്‍ നടത്തിയ പ്രണയസഞ്ചാ
രങ്ങള്‍ സൃഷ്ടിച്ച മനോവ്യഥകളെയും സംയമനത്തോടെ നേരിട്ട അവള്‍ നിറവയറുമായി ഈ എഴുത്തിനും കൂട്ടു നിന്നു. ഒപ്പം യാതൊരു അസ്വസ്ഥതകളും കാണിക്കാതെ ”ഞാനിവിടെ ഉണ്ട്…” എന്ന് ചെറിയ അനക്കങ്ങളിലൂടെ ഓര്‍മിപ്പിച്ചുകൊണ്ട് അവളുടെ ഉള്ളില്‍ ഒളിച്ചിരുന്ന എന്റെ കുഞ്ഞിപ്പെണ്ണും.

കൂട്ടുകാരനായ ജോസ് മാത്യുവിന്റെ ഭാര്യയും പ്രിയ സുഹൃത്തുമായ രമ്യ എ. ആണ് മറ്റൊരാള്‍. ഹില്‍ പാലസ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിലെ ഉദ്യോഗസ്ഥയായ രമ്യ ഈ നോവലിന്റെ പകര്‍ത്തിയെഴുത്തുകാരിയും വായനക്കാരിയും പ്രൂഫ് റീഡറും ഒക്കെയായി എന്നെക്കാള്‍ വേഗത്തില്‍ ഓടി. വസ്തുതകളിലെ പിശകുകള്‍ ചൂണ്ടിക്കാണിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും ഒപ്പം നിന്ന ആ ജാഗ്രതയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെയെന്നറിയില്ല.

എനിക്കജ്ഞാതമായ കൊസോവൊയെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ തന്ന സുഹൃത്ത് ബിനി വര്‍ഗീസ്, ബിനിയുടെ സൗഹൃദവലയത്തില്‍നിന്ന് ലഭിച്ച കൊസോവൊക്കാരായ ബസ്‌റി പുലാജ്, എഡിത മെഹ്മൂദി എന്നിവര്‍, പ്രിയ കൂട്ടുകാരി മിഥു സൂസന്‍ ജോയ്, എന്റെ എഴുത്തിനെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള വീട്ടുകാര്‍, ആത്മമിത്രങ്ങള്‍… ഇവരൊന്നും ഇല്ലെങ്കില്‍ ഈ നോവല്‍ ഇല്ല.

എല്ലാം കഴിഞ്ഞു. ഇനി ഇത് നിങ്ങള്‍ക്കുള്ളതാണ്. വലിച്ചുകീറി കുപ്പത്തൊട്ടിയില്‍ എറിയാം, പ്രിയപ്പെട്ട ഒന്നായി ചേര്‍ത്തു പിടിക്കാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.