DCBOOKS
Malayalam News Literature Website

ചരിത്രത്തെ ബന്ധിപ്പിച്ചു നിർത്തിയ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ ?

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് ജിനീഷ് കുഞ്ഞിലിക്കാട്ടില്‍ എഴുതിയ വായനാനുഭവം

‘വരാന്‍ പോകുന്ന കാലങ്ങളില്‍ കഥാകാരന്‍ ചരിത്രത്തില്‍ ഖനനം ചെയ്യാന്‍ തുടങ്ങും. കാരണം ഭാവന ചരിത്രത്തില്‍ പ്രവേശിക്കാനുള്ള സാധ്യത ഇപ്പോള്‍ ഏറുകയാണ്. എല്ലാവിധ ഔദ്യോഗിക ചരിത്രത്തിലുമുള്ള അവിശ്വാസം ചരിത്രത്തെ ഭ്രമാത്മക ഭാവനയിലൂടെ ഖണ്ഡിക്കാന്‍ കഥാകാരനെ പ്രേരിപ്പിക്കും.ഇതിഹാസ സ്വഭാവമുള്ള സംഭവങ്ങള്‍ ചരിത്രത്തില്‍ നിന്നു തിരോഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ കഥാകാരന്‍ ചരിത്രത്തെ അതിന്റെ ശവക്കുഴിയില്‍ നിന്നും പുറത്തെടുത്ത് പ്രകോപനപരമായ വീക്ഷണത്തിലൂടെ പുനരാഖ്യാനം ചെയ്യും. ചരിത്രം കഥയുടെ ആഖ്യാനത്തില്‍ ഒരു മാന്ത്രിക ചെപ്പായി മാറുന്ന അനുഭവമുണ്ടാകും. സാമ്പ്രദായിക ചരിത്ര നിര്‍മ്മാണത്തോടുള്ള ഭാവനയുടെ ക്രോധമാണത്.’ കഥയുടെ ഭാവിയില്‍ ഖനനം ചെയ്യുമ്പോള്‍ എന്ന ലേഖനത്തില്‍ കെ പി അപ്പന്‍ പറഞ്ഞതാണിത്.

പ്രവചന സ്വഭാവുമുള്ള ഈ നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കുകയാണ് എസ് ഹരീഷ് തന്റെ രണ്ടാമത്തെ നോവലായ ആഗസ്റ്റ് 17ലൂടെ ചെയ്തിരിക്കുന്നത്. ആധുനികാനന്തര കാലഘട്ടത്തിന്റെ സവിശേഷതകള്‍ തന്റെ രചനകളില്‍ പ്രതിഷ്ഠിക്കാന്‍ തക്കവണ്ണം ആഖ്യാനശൈലി കൈമുതലായുള്ള എഴുത്തുകാരനാണ് എസ് ഹരീഷ്. 2003 ലാണ് ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം എന്ന കഥ പുറത്തുവരുന്നത്. ഈ കഥയ്ക്ക് പിന്നീട് തോമസ് മുണ്ടശ്ശേരി കഥാ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 13 സെപ്റ്റംബര്‍ 2013 ലെ സമകാലിക മലയാളം ഓണപ്പതിപ്പില്‍ ഈ കഥ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. ലോകസഞ്ചാരിയായിരുന്ന ഡച്ചുകാരന്‍ ഹ്യു സ്റ്റാര്‍ട്ടിന്റെ യാത്രക്കുറിപ്പുകളുടെ രൂപത്തിലായിരുന്നു രസവിദ്യയുടെ ചരിത്രം എന്ന കഥ അവതരിക്കപ്പെട്ടത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാര്‍ തീരത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവിതാംകൂറില്‍ നാരായണഗുരുവിന്റെയും, ചട്ടമ്പിസ്വാമിയുടെയും ഗുരുവായ അയ്യാവ് Textസ്വാമി എന്നയാള്‍ വിലകുറഞ്ഞ ലോഹങ്ങളെ സ്വര്‍ണമാക്കുന്ന രാസവിദ്യ അഥവാ ആല്‍ക്കെമിയുടെ പിന്നിലുള്ള രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരു ചാരന്റെ ആഖ്യാനരൂപത്തിലാണ് ഈ കഥ പറയുന്നത്. ആഗസ്റ്റ് 17 എന്ന നോവലിന്റെ ആഖ്യാനവും ഒരു ചാരന്റേതുതന്നെയാണ്. കഥ നടക്കുന്നതും തിരുവിതാംകൂറില്‍ തന്നെ എന്നുള്ളത് മറ്റൊരു യാദൃച്ഛികതയും.

ഒരുപക്ഷേ ബ്രിട്ടീഷ്‌കാര്‍ ഇന്ത്യ വിട്ടു പോയിരുന്നില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? സുഭാഷ് ചന്ദ്രബോസ് ഹിറ്റ്‌ലറുമായി ചേര്‍ന്നാണ് ബ്രിട്ടീഷ്‌കാരെ ഇവിടെ നിന്നും തുരത്തിയിരുന്നതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിണാമം എപ്രകാരമായിരുന്നിരിക്കണം? രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയായിരുന്നു വിജയിച്ചിരുന്നെങ്കില്‍ എന്തൊക്കെ പിന്നീട് സംഭവിച്ചിരിക്കാം? മേല്‍പറഞ്ഞ സംഭവങ്ങളെ ഓരോന്നിനെയും വ്യത്യസ്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ തക്ക വണ്ണം നിരവധി സംഭവങ്ങള്‍ ഭാവനയില്‍ കാണുന്നത് കൗതുകകരമായ ഒരു സംഗതിയാണ്. ചരിത്രത്തില്‍ ഈ ‘എങ്കിലു’കള്‍ക്ക് പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. എന്നാല്‍ സാഹിത്യ രംഗത്ത് ഉണ്ടുതാനും. ചരിത്രത്തിലെ ഇത്തരത്തിലുള്ള എങ്കിലുകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂര്‍ ചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രമേയമാണ് ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിലുള്ളത്. ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമായി നിലകൊണ്ടിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഭാവി എങ്ങനെ ആയിരിന്നിരിക്കണം എന്നൊരു ആശയമാണ് നോവലില്‍ പറഞ്ഞു വെയ്ക്കുന്നത്. ചരിതത്തെ ആധാരമാക്കി സാഹിത്യ രചനകള്‍ നടത്തുമ്പോള്‍ ചരിത്രത്തോടു എത്രത്തോളം നീതി പുലര്‍ത്തണം എന്നുള്ള ചോദ്യങ്ങളെ പാടെ റദ്ദു ചെയ്തുകൊണ്ടുള്ള ഒരു ശ്രമമാണ് എഴുത്തുകാരന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. രാഷ്ട്രീയ നോവലോ ചരിത്രനോവലോ എഴുതുമ്പോള്‍ ചരിത്രത്തോടു നീതിപുലര്‍ത്തേണ്ട ആവശ്യമില്ല എന്നിരിക്കലും പുസ്തകത്തെ പുസ്തകമായി കാണാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാകണം അത്തരമൊരു മുന്നറിയിപ്പ് തുടക്കത്തിലേ എഴുത്തുകാരന്‍ തന്നിട്ടുണ്ട്.

ചരിത്രത്തില്‍ ഭവനയെയും ഭാവനയില്‍ ചരിത്രത്തെയും ഇഴചേര്‍ത്തുള്ള ഒരു ആഖ്യാന ശ്രമമാണ് നോവലില്‍ കാണാനുക. പക്ഷേ കൃത്യമായി രാഷ്ടീയവും ദേശീയതയും അതിനു പിന്നിലെ പൊള്ളത്തരങ്ങളെയും രേഖപ്പെടുത്താന്‍ എഴുത്തുകാരന്‍ മറന്നിട്ടില്ല .തന്റെ മുന്‍ നോവലായ മീശയില്‍ വിവാദമുണ്ടാക്കിയ തരത്തിലുള്ള സമാനമായ ഒരു പരാമര്‍ശവും ഈ നോവലിലുമുണ്ട്.തിരുവിതാംകൂര്‍ മഹാരാജവുമായി ബന്ധപ്പെട്ടതാണിത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാസിയെന്നും അവറാച്ചനെന്നുമൊക്കെയുള്ള പേരുകളില്‍ അറിയപ്പെടുന്ന ഒരു ചാര കഥാപാത്രത്തിലൂടെയാണ് കഥ പറച്ചില്‍ നടത്തിയുട്ടുള്ളത്. മഹാരാജാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മുഹമ്മദ് ബഷീറും,കുമ്പളത്ത് ശങ്കുപിള്ളയും,പൊന്നറ ശ്രീധരനുമൊക്കെ. ചരിത്രത്തില്‍ ഇവരുടെയൊക്കെ ശരിക്കുമുള്ള സ്ഥാനങ്ങളില്‍ നിന്നും പിടിച്ചിറക്കി മറ്റൊരിടത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഹരീഷ്.
ഇവിടെ സര്‍ സി പിയെ അല്ല വധിക്കാന്‍ ശ്രമിച്ചിരിക്കുന്നത്, മഹാരാജാവിനെയാണ്. അച്ചുതാനന്ദനും, നമ്പൂതിരിപ്പാടുമെല്ലാം വിപ്ലവത്തിന്റെ തുടക്കത്തിലേ കൊല്ലപ്പെട്ടു. തിരുവിതാംകൂര്‍ ഭരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തു. പൂജപ്പുരയുടെ പുതിയ പേര് ഗോര്‍ക്കി സ്‌ക്വയര്‍ എന്നായി. തിരുവിതാംകൂര്‍ ഇപ്പോള്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് തിരുവിതാംകൂറാണ്. അപ്പോള്‍ മുഖ്യമന്ത്രിയോ? കേരള ചരിത്രത്തിലെ മറ്റൊരു പ്രഗല്‍ഭനാണ് ആ വ്യക്തി .

കഥയുടെ ഗതിയെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് ഒറ്റബുദ്ധിക്കാരനെന്നു എല്ലാവരും പറയുന്ന പാവപ്പെട്ടവരുടെ വേശ്യയും, പ്രേമലേഖനവുമൊക്കെ എഴുതിയെന്ന് പറയപ്പെടുന്ന ബഷീര്‍ തന്നെയാണ്.ഇത്തരത്തില്‍ ചരിത്രത്തെ ബന്ധിപ്പിച്ച് നിര്‍ത്തിയ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചതുപോലെ ചരിത്ര സംഭവങ്ങളെ കീഴ്‌മേല്‍ മറിച്ചുകൊണ്ടുള്ള ഒരു അപനിര്‍മ്മിതിയാണ് നോവലിലുള്ളത്. ലോകത്തില്‍ രഹസ്യങ്ങളും, രഹസ്യ വഴികളുമാണ് യഥാര്‍ത്ഥത്തിലുള്ളതെന്നും മനുഷ്യര്‍ പരസ്യമാക്കുന്നതൊക്കെ മറ്റുള്ളവരെ കബളിപ്പിക്കാനുള്ളതാണെന്നും നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ നമുക്കുമുന്നിലുള്ള ചരിത്രവും കബളിപ്പിക്കാനായി എഴുതി വച്ചതാണെന്നും, യഥാര്‍ഥ ചരിത്രം ഇതൊന്നുമല്ല എന്നും നോവല്‍ പറഞ്ഞുവെയ്ക്കുന്നു. യഥാര്‍ഥ ചരിത്രത്തെ വെറും ഫിക്ഷനായി കാണുന്ന, ആരാണ് എഴുതിയതെന്ന് പോലുമറിയാത്ത ഒരു തിരുവിതാംകൂര്‍ ചരിത്രം നോവലിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ചരിത്ര പുനരനിര്‍മ്മിതിയുടെ ഇടങ്ങളില്‍ ഈ ചരിത്രത്തിന് എന്തു പ്രധാന്യമാണുള്ളതെന്ന് ചോദ്യം ബാക്കി നില്‍ക്കുക തന്നെ ചെയ്യും.

ഈ നോവലിനെ ഒരു പ്രത്യേക ചട്ടക്കൂടില്‍ നിന്നുകൊണ്ടു വിശകലനം ചെയ്യാനെളുപ്പമല്ല. ചരിത്ര അപനിര്‍മ്മിതി മാത്രമല്ല, വിപ്ലവം കൊണ്ട് വരുമെന്ന് പറയപ്പെടുന്ന സമത്വത്തിന്റെ ആശയ ലോകസാധ്യതകളെ ക്കുറിച്ചും , സാമൂഹ്യ, രാഷ്ട്രീയ ,സാമ്പത്തിക ,ദേശീയത തുടങ്ങിയ വിഷയങ്ങളില്‍ നിന്നുകൊണ്ടുമൊക്കെ ഈ നോവലിനെ അപഗ്രഥിക്കാനാകും. കഥപറഞ്ഞുകൊണ്ട് ആളുകളെ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവരാനാകാതെ കഥകളില്‍ തന്നെ കുരുക്കിയിടുന്ന നോവലിലെ ബഷീര്‍ കഥാപാത്രത്തെ പോലെ എഴുത്തുകാരനും വായനക്കാരെ നോവലിലെ ചരിത്ര കഥകളില്‍ കുരുക്കിയിടുന്നുണ്ട്. ഇനി അഥവാ ഒരു കഥയില്‍ നിന്നും പുറത്തുകടന്നാല്‍ തന്നെയും അടുത്തകഥകള്‍ വരികയായി.അതില്‍ വീഴണോ വേണ്ടയോ എന്നു തീരുമാനിക്കും മുന്‌പെ ചിലപ്പോള്‍ നമ്മളതില്‍ വീണിട്ടുണ്ടാകും. ഒരു ചരിത്ര നോവലിന്റെ എല്ലാ സവിശേഷ സ്വഭാവങ്ങളെയും നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്തുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ആവിഷ്‌കാരമാണ് ആഗസ്റ്റ് 17 ലുള്ളത് എന്നു പറയാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.