DCBOOKS
Malayalam News Literature Website

‘ദുഷാന’ പ്രണയത്തിന്റെ കസവു കരയുള്ള പുടവ!

ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’ യ്ക്ക് രാമന്‍ നാരായണന്‍ എഴുതിയ വായനാനുഭവം

ഒരു പുസ്തകം കൈയിലെടുക്കുന്നവർ ആദ്യം ചെയ്യുന്നത് അതിന്റെ ബ്ലർബ് വായിക്കുകയായിരിക്കും; ഉള്ളടക്കത്തിലേക്കുള്ള പ്രവേശിക എന്ന നിലയിൽ. അതേ തയ്യാറെടുപ്പോടെയാണ് ദുഷാനയും വായിക്കാനൊരുങ്ങിയത്. ഒരു പ്രണയ നോവൽ. നമുക്കറിയാം, പ്രണയ നോവലുകളുടെ ഭാവവും ഘടനയുമെല്ലാം. സുഹൃത്തിന്റെ നോവൽ ആയതു കൊണ്ട് മാത്രമാണ് ഈ ജോണർ/ഡിക്ഷൻ വായിക്കാൻ ഒരുമ്പെട്ടതു തന്നെ. ഒരു ചെറുപ്പക്കാരൻ പ്രണയനോവൽ എഴുതുന്നു. അതും നോവൽ രചനാ മത്സരത്തിന്. അപ് കമിംഗ് സാഹിത്യം എന്ന ചെല്ലപേരുമുണ്ട് സംരഭത്തിന്. ഇത്രയുമാണ് മുൻ വിധികൾ.

ആദ്യത്തെ പത്തു ചാപ്റ്റർ വായിച്ചപ്പോൾ തന്നെ സംഭവം പിടികിട്ടി. ഇത് വെറുമൊരു പ്രണയ Textനോവലല്ല. പ്രണയ വർണനകളും ക്ലീഷേകളും ഒരിടത്തും കാണാത്ത ഒരു ശൈലി. നല്ല ഗ്രിപ്പ് ഉള്ള ഭാഷ. മുൻവിധികൾ പൊളിഞ്ഞതോടെ വായന സാവധാനമായി. ഒന്നാം ഭാഗം പിന്നിടാൻ എടുത്ത സമയം പക്ഷേ, രണ്ടാം ഭാഗത്ത് വേണ്ടി വന്നില്ല. ഭാഷയുടെ ചടുലതയായിരുന്നു കാരണം. നോവൽ അവസാനിച്ചു കഴിഞ്ഞാൽ വായനക്കാരൻ വിഹഗമായ ഒരു അവലോകനം നടത്തും. അതുവരെ മനസ്സിൽ നാം പടുത്തുണ്ടാക്കിയ നോവൽ രംഗങ്ങളിൽ നമ്മെ സ്വാധീനിക്കുന്നവയുടെ ആകെ തുകയാണ് (ഓരോരുത്തർക്കും ഇത് അവനവന്റെ മാത്രം അനുഭവമാണ്) പുസ്തകത്തിന്റെ വിലയിരുത്തലാവുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഈ നോവൽ വെറും പ്രണയ കഥയല്ല. ഇതിൽ പ്രണയമുണ്ട്; പ്രണയമാണ് പ്രധാനം. പലതരം പ്രണയങ്ങളുടെ ഒരു കാഴ്ചബംഗ്ലാവാണിത്. അതുപോലെ തന്നെ പ്രണയം എന്ന ഭാവത്തിന്റെ ഒരു അനാലിസിസ് കൂടിയാണ്. ലോകത്തെല്ലായിടത്തും പ്രണയത്തിന്റെ അക്ഷരമാല ഒന്നു തന്നെയാണ്. ചാപല്യങ്ങൾ (ഈ വാക്ക് ഉചിതമല്ലെങ്കിലും ) എല്ലാം അടിസ്ഥാനപരമായി ഒരുപോലെയായിരിക്കും. ഒരു പ്രണയകഥയിൽ ഒഴിവാക്കാനാവാത്ത അവയെല്ലാം ഈ നോവലിലും കാണാം. എന്നാൽ പ്രണയത്തിന്റെ ‘രസതന്ത്ര’ത്തെ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെയും അടിസ്ഥാനത്തിൽ നിർവചിച്ചിരിക്കുന്നു എന്നതാണ് ഈ നോവലിനെ വ്യത്യസ്ഥമാക്കുന്നത്. വ്യക്തി ബന്ധങ്ങളിൽ കുടുംബവും സമൂഹവും മതവും രാഷ്ട്രീയവും ചെലുത്തുന്ന സ്വാധീനങ്ങൾ പ്രണയത്തെ എങ്ങനെ പരുവപ്പെടുത്തുന്നു എന്ന് വായനയ്ക്കിടയിലൂടെ നാം തിരിച്ചറിയുന്നു. ഒരേ സമയം ഒരു പ്രണയകഥ ലോകത്തിനു നേരെ പിടിക്കുന്ന കണ്ണാടിയാവുന്നു.  ഈ ക്ലീഷേ പ്രയോഗം ഈ കുറിപ്പിൽ ഒഴിവാക്കാനാകാത്തത് ഈ നോവൽ പ്രണയാനുഭൂതികളേക്കാൾ കൂടുതൽ അനുഭവങ്ങൾ സമ്മാനിക്കുന്നു എന്നതുകൊണ്ടാണ്.

തീർച്ചയായും ദുഷാന ഒരു പ്രണയ നോവലാണ്. എന്നാൽ അത് അതിനേക്കാളേറെ ‘ക്ലാസിക്’ ഭാവങ്ങളുള്ള മികച്ച കൃതി കൂടിയാണ്. ഒരു പക്ഷേ, പ്രണയനോവൽ എന്ന മാനദണ്ഡം കൃത്യമായി പാലിച്ചിരുന്നെങ്കിൽ ഒന്നാം സമ്മാനത്തിന് അർഹമാകുമായിരുന്നില്ലാത്ത ഒന്നാന്തരം നോവൽ.

ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഇത് എളുപ്പം പിടി കിട്ടും. ഇനി മൂരാച്ചികൾക്കു വേണ്ടി ഒരു analogy പറയാം. നമ്മൾ ഒരു സെറ്റുമുണ്ട് വാങ്ങുന്നു. അതു സെലക്ട് ചെയ്യുന്നത് ആദ്യം അതിന്റെ കര നോക്കിയായിക്കില്ലേ? ദുഷാന പ്രണയത്തിന്റെ കസവു കരയുള്ള ഒരു പുടവയാണ്. അതിന്റെ ഊടുംപാവുമായി നിൽക്കുന്ന മറ്റ് ഇഴകളാണ് പുടവയുടെ മേന്മ നിർണയിക്കുന്നത്. ഇനിയും പിടികിട്ടാത്തവർ നോവൽ രണ്ടു വട്ടം വായിക്കുക.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.