DCBOOKS
Malayalam News Literature Website

ലോക് ഡൗൺ കാലത്ത് പകർപ്പവകാശ ലംഘനങ്ങൾ വർദ്ധിക്കുന്നു, നിയമനടപടികൾ ശക്തമാക്കും

കോട്ടയം: ലോക് ഡൗൺ കാലത്ത് പകർപ്പവകാശ ലംഘനങ്ങൾ വർദ്ധിക്കുന്നു. വ്യാജ ഓഡിയോ ബുക്ക് പ്രചരിപ്പിച്ച ദി ഡെയ്ലി ന്യൂസ് യൂടുബ് ചാനലിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് എഫ് . ഐ. ആർ രജിസ്ട്രർ ചെയ്തു. പകർപ്പവകാശ രേഖകൾ ഹാജരാക്കിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് ദി ഡെയ് ലി ന്യൂസ് ഓഡിയോ ബുക്കാക്കി വിതരണം ചെയ്തത്.

വ്യാപകമാകുന്ന പകർപ്പവകാശ ലംഘനത്തിനെതിരെ ആൾ കേരള പബ്ളിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുകയാണ്. വാട്ട്സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും കോപ്പി റൈറ്റുള്ള പുസ്തങ്ങളുടെ പി ഡി എഫ് ഷെയർ ചെയ്യുന്നത് കുറ്റകരമാണ്. പുസ്തക-വിതരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും ഇത്തരത്തിലുള്ള പകർപ്പ കാശ ലംഘനങ്ങൾ . ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. ഒ.വി. വിജയൻ, എം.ടി.വാസുദേവൻ നായർ, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീർ, ടി.പത്മനാഭൻ , കെ. ആർ.മീര, ബെന്യാമിൻ തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകളാണ് പി ഡി എഫ് രൂപത്തിൽ പ്രചരിക്കുന്നത്. ഇത് എഴുത്തുകാർക്ക് ലഭിക്കേണ്ട റോയൽറ്റി തുകയെ ബാധിക്കുന്നതാണ്. ഡി സി ബുക്സ്, മാതൃഭൂമി, സങ്കീർത്തനം , കറന്റ് ബുക്സ് തുടങ്ങി വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്.

വീട്ടിലിരിക്കുന്നവർക്ക് വായിക്കാൻ സൗജന്യമായും വിലക്കുറവിലും പ്രസാധകർ പുസ്തകങ്ങൾ നൽകുന്നുണ്ട്. ഇവ പകർത്താനോ മറ്റുള്ളവർക്ക് നല്കാനോ സാധിക്കാത്ത വിധത്തിലാണ് ഡൗൺലോഡ് ചെയ്യാവുന്നത്. ഇങ്ങനെയല്ലാത്ത പകർപ്പുകൾ പ്രചരിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്താൽ പകർപ്പവകാശ ലംഘനത്തിനെതിരെ പൊലീസ് കേസുൾപ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേരള ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും നല്കേണ്ടി വരുന്ന കുറ്റകൃത്യമാണിതെന്ന് അവർ മുന്നറിയിപ്പു നല്കി. പകർപ്പവകാശ ലംഘനത്തിനെതിരെ വായനക്കാരും രംഗത്തിറങ്ങണമെന്നും അസോസിയേഷൻ അറിയിച്ചു.

Comments are closed.