DCBOOKS
Malayalam News Literature Website

വാഗ്ഭടാനന്ദന്‍; ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ ആത്മീയാചാര്യന്‍

ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ
ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ  ആത്മീയാചാര്യന്മാരിൽ ഒരാളാണു വാഗ്ഭടാനന്ദൻ.

TK Anilkumar-Njan Vagbhadanandanകേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.

ഗുരു ജനിച്ചത് 1884 ൽ (കൊല്ലവർഷം 1060 മേടം 14) കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടിലായിരുന്നു. മാതാപിതാക്കൾ: കോരൻ ഗുരുക്കൾ; ചീരു അമ്മ. വയലേരി കുഞ്ഞിക്കണ്ണൻ എന്നതായിരുന്നു പൂർവ്വാശ്രമത്തിലെ പേര്‌.

സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാരമ്പത്ത് രൈരുനായർ , എം കോരപ്പൻ ഗുരുക്കൾ എന്നിവരിൽനിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം. 1905ൽ കോഴിക്കോട്ടെത്തിയ വി കെ ഗുരുക്കൾ , ഡോ. അയ്യത്താൻ ഗോപാലൻറെ പ്രവർത്തനങ്ങളിൽ ആകൃഷ്ഠനായി, ബ്രഹ്മസമാജത്തോടോപ്പം ചേർന്നു പ്രവർത്തിച്ചു. ബ്രഹ്മസമാജ പ്രാർത്ഥനകൾക്കായി കീർത്തനങ്ങളും ഡോ. അയ്യത്താൻ ഗോപാലന്റ പത്നിയായിരുന്ന കൗസല്യഅമ്മാളിൻ്റെ ജീവചരിത്രവും രചിച്ചു. ജാതിയും വിഗ്രഹാരാധനയും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906-ൽ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോഴിക്കോട്ടെ കാരപ്പറമ്പിൽ തത്ത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു.

അദ്ദേഹത്തിന്റെ വാഗ്മി കഴിവുകൾ കണ്ട് ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയാണ് അദ്ദേഹത്തെ “വാഗ്‌ഭടാനന്ദൻ” എന്ന് നാമകരണം ചെയ്തത്. പിന്നീട് ശിവയോഗിയുടെ ചില വീക്ഷണങ്ങളോട് വിയോജിച്ചുകൊണ്ട് അദ്ദേഹം സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചു. 1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദിയോഗശാല സ്ഥാപിച്ചു. തുടർന്ന് മലബാറിലുടനീളം പ്രഭാഷണങ്ങൾ . വിഗ്രഹാരാധനയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. കുട്ടിച്ചാത്തൻ തറയും ഗുളികൻ തറയും ഒട്ടേറെ വീടുകളിൽനിന്ന് നീക്കി. ക്ഷേത്രകേന്ദ്രീകൃത വിശ്വാസത്തെ തകർക്കാനായിരുന്നു ഇത്. ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് വാഗ്‌ഭടാനന്ദൻ എഴുതിയ കൃതിയാണ് ആധ്യന്മ യുദ്ധം.

കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ഏറ്റുമാറ്റ് പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. ശിഷ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി. 1931ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടെയാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്.

Comments are closed.