DCBOOKS
Malayalam News Literature Website

ജീവിതത്തിന്റെ രസഭേദങ്ങള്‍

എം.മുകുന്ദന്റെ ‘കുട്ടനാശാരിയുടെ ഭാര്യമാർ’ എന്ന പുസ്തകത്തിന്  പ്രദീപ് പനങ്ങാട്
എഴുതിയ വായനാനുഭവം  

എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍. ഏഴു കഥകളാണ് ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. പുതിയ കാലത്തോടും ജീവിതത്തോടുമുള്ള സര്‍ഗാത്മക പ്രതികരണങ്ങളാണ് ഓരോ കഥയും. പ്രത്യക്ഷത്തില്‍ സരളമെന്നു തോന്നുന്ന ഈ കഥകള്‍ രാഷ്ട്രീയവും സാമൂഹികവുമായ നിരവധി അടരുകള്‍കൊണ്ട് നിര്‍മ്മിച്ചവയാണ്. രാഷ്ട്രീയപരിണിതികളുടെ പ്രത്യാഘാതങ്ങള്‍ മാധ്യമസമീപനങ്ങളുടെ പൊള്ളത്തരങ്ങള്‍, ജീവിതത്തിന്റെ നിസ്സംഗത തുടങ്ങി നിരവധി അനുഭവങ്ങള്‍ ഈ കഥകളിലൂടെ കണ്ടെത്താം. സമൂഹത്തെയും ജീവിതത്തെയും ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പിന്തുടരുന്ന ഒരാള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്ന കഥകളാണിത്. എം. മുകുന്ദന്‍ എന്ന കഥാകാരന്റെ സര്‍ഗാത്മക ജൈവസാന്നിധ്യം ഈ പുസ്തകത്തില്‍ ഉണ്ട്.

Textഈ സമാഹാരത്തിലെ കഥകളില്‍ വിഭിന്ന ജീവിതകാമനകളുള്ള സ്ത്രീകളെ കണ്ടുമുട്ടുന്നു. അവര്‍ ജീവിതത്തെ വ്യത്യസ്ത രീതികളിലാണ് സമീപിക്കുന്നതും. കാലത്തെ നേരിടു
ന്നവരും കീഴടങ്ങുന്നവരുമുണ്ട്. എന്നാല്‍ പരിചിതവും അപരിചിതവുമായ ജീവിത സ്വത്വങ്ങള്‍ ഓരോരുത്തരിലും ഒളിഞ്ഞു കിടക്കുന്നുണ്ട്. കഥയും കഥാപാത്രങ്ങളുമായി ഓരോരുത്തരും മാറുന്നുമുണ്ട്. ജാനകിയും ചെഖോവും എന്ന കഥയിലെ ജാനകി, പുതിയ കാലത്തില്‍ നിന്നും രൂപപ്പെട്ട കഥാപത്രമാണ്. ഒരു മാധ്യമസ്ഥാപനത്തിന്റെ സ്വാഭാവിക അഹന്തയെ തകര്‍ക്കുകയാണ് ജാനകി. ഏതു കാലത്തും ജീവിച്ച മനുഷ്യനോട് സംവദിക്കാന്‍ കഴിയുമെന്ന അറിവാണ് ജാനകി പകരുന്നത്. എത്രയോ കാലം മുന്‍പ് വിടപറഞ്ഞ ചെഖോവിനെ പുനഃസൃഷ്ടിച്ച ജാനകി സത്യാനന്തര മാധ്യമ അവതരണങ്ങളുടെ പൊള്ളത്തരമാണ് പുറത്തു കൊണ്ടുവരുന്നത്. പുതിയ കാലത്തെ മാധ്യമ സംസ്‌കാരവുമായി ചേര്‍ത്തുവെച്ച് വായിക്കേണ്ട കഥയാണിത്

മൈഥിലിയും കല്യാണിയും എന്ന കഥയും സമകാലരാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യാവുന്നതാണ്. മൈഥിലി സ്വാതന്ത്ര്യം തേടുന്ന പുതിയ യുവതയുടെ പ്രതീകമായി കാണാം. പാരമ്പരാഗത ജീവിതത്തില്‍നിന്നുള്ള വിടുതലും സ്വാതന്ത്ര്യവും അവരുടെ അഭിനിവേശമാണ്. മൈഥിലി എന്നും അത്തരം അന്വേഷണങ്ങളുടെ പാതയാണ് തേടുന്നത്. പക്ഷേ, അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയപ്പെടുന്നില്ല. സ്വാതന്ത്ര്യദാഹികളായ യുവത്വത്തെ മാവോയിസ്റ്റായി മുദ്രകുത്തുന്ന കാലത്തിന്റെ സാക്ഷ്യമാണ് ഈ കഥയിലൂടെ അവതരിപ്പിക്കുന്നത്. മൈഥിലിയെ കല്യാണിയാക്കുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയ സാമൂഹിക മാജിക്കിന്റെ കാഴ്ചയാണിത്. ആധുനികതാവാദകാലത്ത് എം. മുകുന്ദന്‍ എഴുതിയ ചില പ്രസിദ്ധ കഥകളെ ഈ രചന ഓര്‍മ്മിപ്പിക്കുന്നു.

അന്തര്‍മുഖി പഴയകാല സ്ത്രീജീവിതത്തിന്റെ അനുഭവരേഖയാണ്. സ്വന്തം ശരീരത്തെക്കുറിച്ചുള്ള, അജ്ഞതയുടെ ദുരന്തമാണ് ഈ കഥ അവതരിപ്പിക്കുന്നത്. നാല്‍പത്തിരണ്ടു വര്‍ഷം മുന്‍പ് ശ്രീപാര്‍വതിമാര്‍ സമൂഹത്തില്‍ ധാരാളം ഉണ്ടായിരുന്നു. അറിവിന്റെ പരിമിതികളാണ് അത്തരം ജീവിതങ്ങള്‍ സൃഷ്ടിച്ചത്. പുതിയ കാലത്ത് ശ്രീപാര്‍വതിമാര്‍ ഉണ്ടാകുന്നില്ല. സ്വന്തം ജീവിതത്തെയും ശരീരത്തെയും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പഴയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. പ്രണയം 2019, ഒരു ഉപഹാസത്തിന്റെ രൂപഘടനയില്‍ ഉള്ളതാണ്. പ്രണയം എന്ന ജീവിതകാമനയെ എങ്ങനെ അപഹാസ്യമാക്കി മാറ്റുന്നു എന്നാണ് ഈ കഥയിലൂടെ പറയുന്നത്. കാലത്തിന്റെ ഗതിവേഗങ്ങളില്‍ ജീവിതവും ചോദനകളും സമീപനങ്ങളും എങ്ങനെ മാറുന്നു എന്ന് ഈ കഥയില്‍ നിന്നും വായിച്ചെടുക്കാം. കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍ എന്ന കഥയും വിവാഹത്തോടുള്ള ഉദാസീന സമീപനത്തിന്റെ ആവിഷ്‌കാരമാണ്. ഈ സമാഹാരത്തിലെ കഥകള്‍ വ്യത്യസ്ത രസചോദനകളെയാണ് സൃഷ്ടിക്കുന്നത്. ജീവിതബന്ധത്തിലെ ഗൗരവമായ സന്ദര്‍ഭങ്ങളില്‍ സമൂഹം പുലര്‍ത്തുന്ന ഉദാസീനതയെ സൂക്ഷ്മമായി വിമര്‍ശിക്കുന്നു. ഭരണകൂടത്തിന്റെ സമീപനങ്ങളെ തുറന്നു കാട്ടുന്നു. ഇങ്ങനെ ഓരോ കഥയ്ക്കും അനിവാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ട്. എം. മുകുന്ദന്റെ കഥാതന്ത്രത്തിന്റെ അസാധാരണ സൗന്ദര്യം ഈ കഥകളിലും കാണാം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.