DCBOOKS
Malayalam News Literature Website

താരാശങ്കർ ബാനർജി; ബംഗാളി സാഹിത്യത്തിലെ അജയ്യന്‍

ആധുനിക ബംഗാളിസാഹിത്യത്തിലെ അതികായകന്മാരിലൊരാളായ താരാശങ്കര്‍ ബാനര്‍ജി (താരാശങ്കര്‍ ബന്ദോപാധ്യായ) യുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്.  ബന്ദോപാധ്യായയുടെ പ്രശസ്തമായ നോവല്‍ ‘ആരോഗ്യനികേതനം’ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുടെ മലയാള പരിഭാഷകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യനികേതനത്തിന് ടാഗോര്‍ പുരസ്‌കാരവും സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നിലീന ഏബ്രഹാം 1961ല്‍ ആരോഗ്യനികേതനം എന്ന പേരില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ ഭീര്‍ഭും ജില്ലയിലെ ലാഭ്പൂര്‍ എന്ന സ്ഥലത്ത് ഹരിദാസ് ബന്ദോപാധ്യായയുടെ മകനായി താരാശങ്കര്‍ ബാനര്‍ജി  ജനിച്ചു. 1916 ല്‍ ഉമാശശി ദേവിയെ വിവാഹം കഴിച്ചു. കല്‍ക്കട്ട, സെന്റ് സവ്യേര്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ നിസ്സഹകരണപ്രസ്ഥാനത്തില്‍ ആകൃഷ്ടനാകുകയും, 1921ല്‍ തടങ്കലിലാകുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സജീവമായി പിന്തുണച്ചതിന് 1930 ൽ അറസ്റ്റിലായെങ്കിലും ആ വർഷം അവസാനം മോചിതനായി. അതിനുശേഷം അദ്ദേഹം സാഹിത്യത്തിൽ സ്വയം അർപ്പിക്കാൻ തീരുമാനിച്ചു.  1932 ൽ അദ്ദേഹം രവീന്ദ്രനാഥ ടാഗോറിനെ  ആദ്യമായി ശാന്തിനികേതനിൽ കണ്ടുമുട്ടി.  അദ്ദേഹത്തിന്റെ ആദ്യ നോവൽ ചൈതാലി ഗുർണി അതേ വർഷം തന്നെ പ്രസിദ്ധീകരിച്ചു.

താരാശങ്കര്‍ 65 നോവലുകളും, 53 ചെറുകഥാസമാഹാരങ്ങളും, 12 നാടകങ്ങളും, 4 പ്രബന്ധസമാഹാരങ്ങളും, 4 ആത്മകഥകളും, 2 യാത്രാവിവരണകൃതികളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് രബീന്ദ്ര പുരസ്‌കാര്‍, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, ജ്ഞാനപീഠം അവാര്‍ഡ്, പത്മഭൂഷണ്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

1971 സെപ്റ്റംബർ 14 ന് അതിരാവിലെ കൊൽക്കത്തയിലെ വസതിയിൽ വച്ച് താരാശങ്കർ അന്തരിച്ചു. വടക്കൻ കൊൽക്കത്തയിലെ നിംതാല ശ്മശാന മൈതാനത്താണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്തിയത്.

Comments are closed.