DCBOOKS
Malayalam News Literature Website

പട്ടം താണുപിള്ള അജയ്യനായ ജനനായകന്‍

കേരള രാഷ്ട്രീയം കണ്ട അജയ്യനായ ജനനായകനായിരുന്നു പട്ടം താണുപിള്ള.
അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവ് തിരുവിതാംകൂര്‍ പ്രധാനമന്ത്രി, തിരുകൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവര്‍ണര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ പട്ടത്ത് 1885 ജൂലൈ 15നായിരുന്നു പട്ടം താണുപിള്ളയുടെ ജനനം. തിരുവനന്തപുരത്ത് തന്നെ സ്‍കൂള്‍, കോളേജ് പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടി. അധ്യാപകനായും സര്‍ക്കാര്‍ ഓഫീസില്‍ ഗുമസ്‍തനായും ജോലി ചെയ്‍ത ശേഷം അവകാശ നിഷേധത്തില്‍ പ്രതിഷേധിച്ചാണ് ജോലി രാജിവെച്ചത്. പിന്നീട് തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിഎല്‍ ബിരുദം നേടി. അഭിഭാഷ ജോലിക്കൊപ്പമാണ് പൊതുരംഗത്തേക്കും പ്രവേശിച്ചത്.

1956ല്‍ ഐക്യ കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം 1957ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്‍തു. ആദ്യ കേരള നിയമസഭയില്‍ തിരുവനന്തപുരം – 2 നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി പട്ടം താണുപിള്ള ഉണ്ടായിരുന്നു.

1957-ൽ ട്രിവാൻഡ്രം രണ്ട് മണ്ഡലത്തിൽ നിന്നായിരുന്നു കേരള നിയമസഭയിലേക്കു പട്ടത്തിന്റെ മത്സരം. സി.പി.ഐ.യിലെ കെ.അനിരുദ്ധനും ഐ.എൻ.സി.യുടെ ജനാർദനൻ  ടി.പി.യുമായിരുന്നു എതിർപക്ഷത്ത്. 51.63 ശതമാനം വോട്ടോടെ പട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഇതേ മണ്ഡലത്തിൽനിന്ന്‌ 1960-ൽ അനിരുദ്ധനെതിരേ വീണ്ടും ജയം. ഇ.എം.എസ് സര്‍ക്കാറിനെതിരായ വിമോചന സമരത്തിന്റെ മുന്‍പന്തിയിലും അദ്ദേഹമുണ്ടായിരുന്നു. 1959 ജൂലൈ 31ന് രാഷ്‍ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നിയമസഭ പിരിച്ചുവിട്ടതിന് ശേഷം 1960ല്‍ നടന്ന തെരഞ്ഞടുപ്പിലാണ് പട്ടം കേരള മുഖ്യമന്ത്രിയായത്.

1968 ഏപ്രിലില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹം പട്ടത്തെ സ്വവസതിയില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെ 1970 ജൂലൈ 27ന് മരണപ്പെടുകയായിരുന്നു.

 

 

Comments are closed.