DCBOOKS
Malayalam News Literature Website

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ  ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടി. ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടി.

പതിനാറ് തവണ കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആറ് തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.

1979 ൽ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളിൽ ഒരാളായി മാറുകയായിരുന്നു. ആൽബം ഗാനങ്ങൾ പാടിയായിരുന്നു തുടക്കം. അട്ടഹാസം, സ്നേഹപൂർവ്വം മീര, ഞാൻ ഏകനാണ് തുടങ്ങിയ സിനിമകളാണ് ആദ്യകാല ചിത്രങ്ങൾ.

1986ൽ ‘സിന്ധുഭൈരവി’ എന്ന സിനിമയിലെ ‘പാടറിയേൻ പഠിപ്പറിയേൻ’ ഗാനം ചിത്രയ്ക്ക് ആദ്യ ദേശീയപുരസ്കാരം നേടിക്കൊടുത്തു. തൊട്ടടുത്ത വർഷം ‘മഞ്ഞൾ പ്രസാദവും ചാർത്തി’ എന്ന ഗാനത്തിന് ചിത്ര മലയാളത്തിലേക്ക് ഒരു ദേശീയ പുരസ്‌കാരം സമ്മാനിച്ചു.

2005ൽ രാജ്യം ചിത്രയെ പത്മശ്രീ നൽകിയും 2021ൽ പത്മഭൂഷൺ സമ്മാനിച്ചും ആദരിച്ചു. എസ്. പി. വെങ്കിടേഷിന് വേണ്ടി ചിത്ര നിരവധി ഗാനങ്ങൾ റെക്കോർഡ് ചെയ്തു. മലയാളത്തിൽ കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ എന്നിവർക്കൊപ്പമാണ് ചിത്ര ഏറ്റവുമധികം ഡ്യുയറ്റ്‌ പാടിയിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് 16 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി എന്ന റെക്കോർഡും ഇട്ടിട്ടുണ്ട്.

2005 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. 2009 ൽ കിംഗ്‌ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിൽ ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി.

Comments are closed.