DCBOOKS
Malayalam News Literature Website
Rush Hour 2

മാധവിക്കുട്ടിയുടെ ചരമവാര്‍ഷികദിനം

1932 മാര്‍ച്ച് 31ന് പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി. മാധവിക്കുട്ടി എന്നത് തൂലികാ നാമമാണ്. എന്നാല്‍ യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്. പില്‍ക്കാലത്ത് ഇസ്‌ലാം മതത്തില്‍ ചേരുകയും കമലാസുരയ്യ എന്ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 10-ാം വയസില്‍ മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പില്‍ വന്ന കുഷ്ഠരോഗിയാണ് ആദ്യ കഥ. 1955-ല്‍ ആദ്യ കഥാസമാഹാരമായ മതിലുകള്‍ പുറത്തിറക്കി. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ദ ഡിസ്റ്റന്‍സ്, ഓള്‍ഡ് പ്ലേഹൗസ്, ബെസ്റ്റ് ഓഫ് കമലാദാസ് തുടങ്ങിയവയാണ് പ്രധാന ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍. ഇവയില്‍ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം,കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഏഷ്യന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി കഥയ്ക്കും കവിതയ്ക്കുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1984-ല്‍ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1984 സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മാധവിക്കുട്ടിയുടെ പേര് നിര്‍ദേശിക്കപ്പെട്ടു. പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍, ബഹുതന്ത്രികയുടെ ഫൗണ്ടര്‍ എന്നിങ്ങനെ ഒട്ടേറെ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നിട്ടുണ്ട്. പൊതുതെരഞ്ഞടുപ്പില്‍ ലോക്സഭയിലേക്ക് മത്സരിച്ചു. 2009 മെയ് 31-ന് മാധവിക്കുട്ടി എന്ന അനുഗ്രഹീത എഴുത്തുകാരി ഈ ലോകത്തോട് വിടപറഞ്ഞു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.