DCBOOKS
Malayalam News Literature Website

ജോസഫ് മുണ്ടശ്ശേരിയുടെ ചരമവാർഷികദിനം

മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17-ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളജില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂര്‍ അധ്യാപക പരിശീലന കേന്ദ്രത്തില്‍ വിശിഷ്ട പ്രധാനാധ്യാപകനായും കേരള സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവയില്‍ സെനറ്റ് അംഗമായും മദ്രാസ് ഗവര്‍ണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരി രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1954-ല്‍ ചേര്‍പ്പില്‍ നിന്ന് തിരുകൊച്ചി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ല്‍ മണലൂര്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ല്‍ തൃശ്ശൂര്‍ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കൊന്തയില്‍നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത്, കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികള്‍, വായനശാലയില്‍ (മൂന്നു വാല്യങ്ങള്‍), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത-ഒരു പഠനം, വള്ളത്തോളിന്റെ കവിത- ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കൊഴിഞ്ഞ ഇലകള്‍ അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1977 ഒക്ടോബര്‍ 25-ന് ജോസഫ് മുണ്ടശ്ശേരി അന്തരിച്ചു.

Comments are closed.