DCBOOKS
Malayalam News Literature Website

ഹെലന്‍ കെല്ലറിന്റെ ചരമവാര്‍ഷിക ദിനം

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലന്‍ ആദംസ് കെല്ലര്‍ (ജൂണ്‍ 27, 1880 -ജൂണ്‍ 1, 1968). പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ചു.

1880 ജൂണ്‍ 27ന് അമേരിക്കയിലെ വടക്കന്‍ അലബാമയിലെ ഒരു ചെറുനഗരത്തിലാണ് ഹെലന്‍ കെല്ലറുടെ ജനനം. സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു ഹെലന്റെ മുന്‍ഗാമികള്‍. അച്ഛന്‍ ആര്‍തര്‍.എച്ച്.കെല്ലര്‍, ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ കെയ്റ്റ് ആഡംസ് വീട്ടമ്മയും. കുടുംബത്തിലെ ആദ്യത്തെ കുഞ്ഞെന്ന പരിഗണന കൊച്ചു ഹെലന് എപ്പോഴും ലഭിച്ചിരുന്നു. മുത്തശ്ശി ഹെലന്‍ എവററ്റിന്റെ സ്മരണാര്‍ത്ഥമാണ് ഹെലന് ആ പേരു ലഭിച്ചത്. സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു ഹെലന്റെ കുടുംബം. വലിയ വീടും ഉദ്യാനവും അവര്‍ക്കുണ്ടായിരുന്നു. ‘ഐവി ഗ്രീന്‍’ എന്നറിയപ്പെട്ടിരുന്ന ഉദ്യാനത്തിലായിരുന്നു ഹെലന്റെ ബാല്യം.

പത്തൊന്‍പതു മാസം വരെ ഹെലന്‍ നല്ല ആരോഗ്യമുള്ള പെണ്‍കുട്ടിയായിരുന്നു. 1882 ഫെബ്രുവരിയിലാണ് അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്‌കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്. കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടര്‍ വിധിയെഴുതിയെങ്കിലും, ഹെലന് വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു. ഒന്നും കേള്‍ക്കാത്തതിനാല്‍ കുഞ്ഞ് ഒന്നും പറയാനും പഠിച്ചില്ല. ‘വ’,;വ’ എന്ന ശബ്ദം മാത്രമേ അവള്‍ക്ക് ഉണ്ടാക്കാന്‍ സാധിച്ചിരുന്നുള്ളൂ.

കുട്ടിക്കാലത്ത് താന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാണെന്ന് ഹെലന്‍ അറിഞ്ഞിരുന്നില്ല. പുറത്തു പോകാന്‍ അവള്‍ക്കിഷ്ടമായിരുന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യം അവള്‍ ആസ്വദിച്ചിരുന്നു. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, മറ്റുള്ളവര്‍ക്ക് തനിക്കില്ലാത്ത എന്തോശക്തി, വായ തുറന്ന് സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോള്‍ അവള്‍ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കന്‍ ശ്രമിയ്ക്കുകയും, കരഞ്ഞു കൊണ്ട് വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.

അമ്മയുമായും, സമപ്രായക്കാരിയായ മാര്‍ത്താവാഷിംഗ്ടണ്‍ എന്ന കുട്ടിയോടും ആശയവിനിമയം നടത്താന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വര്‍ദ്ധിച്ചു. പലപ്പോഴും അവള്‍ അമ്മയുടെ കൈവെള്ളയില്‍ മുഖമമര്‍ത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു. അക്കാലത്ത് ചാള്‍സ് ഡിക്കന്‍സ് എഴുതിയ അമേരിക്കന്‍ നോട്‌സ് എന്ന പുസ്തകത്തിലെ ബധിരയായ പെണ്‍കുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ,കറ്റ് ആഡംസിന് ചെറു പ്രതീക്ഷ നല്‍കി. പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാന്‍ അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ തീരുമാനിച്ചു.

ഹെലന് ആറു വയസ്സായപ്പോള്‍ ബാള്‍ട്ട്മൂറിലെ ഡോക്ടര്‍ ഷിസോമിന്റെ നിര്‍ദ്ദേശപ്രകാരം ഹെലന്റെ മാതാപിതാക്കള്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെല്‍,അവരെ ബോസ്റ്റണിലെ പാര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ മൈക്കേല്‍ അനാഗ്‌നോസിന്റെ അടുത്തേക്കയച്ചു.ഹെലനെ പഠിപ്പിക്കാന്‍ ഒരു അദ്ധ്യാപികയെ ഏര്‍പ്പാടാക്കാമെന്ന് അദ്ദേഹം വാക്കു നല്‍കി.

1887 മാര്‍ച്ച് 3ാം തീയതിയാണ് ആനി സള്ളിവന്‍ അദ്ധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്.ഐറിഷ് വംശജയായിരുന്ന ആനിയ്ക്ക് ഹെലനെക്കാള്‍ 14 വയസ്സ് കൂടുതലുണ്ടായിരുന്നു.ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാന്‍ അവര്‍ക്കു വളരെ പാടുപെടേണ്ടി വന്നു.

ഒരു ദിവസം രാവിലെ,ഒരു പാവയുമായി ഹെലന്റെ അടുത്തെത്തിയ ആനി,പാവ നല്‍കിയ ശേഷം അവളുടെ കൈയില്‍ ‘റീഹഹ’ എന്നെഴുതി.വിരലുകള്‍ കൊണ്ടുള്ള ആ ‘കളി’യില്‍ താത്പര്യം തോന്നിയ ഹെലന്‍, അത് ആവര്‍ത്തിയ്ക്കാന്‍ ശ്രമിച്ചു.അങ്ങനെ തന്റെ ജീവിതത്തിലാദ്യമായി ഹെലന്‍ ഒരു വാക്കു പഠിച്ചു.49 വര്‍ഷം നീണ്ടു നിന്ന ഗുരുശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്.പതുക്കെപ്പതുക്കെ,’പിന്‍’,’ഹാറ്റ്’ ,’വാട്ടര്‍’,’മഗ്ഗ്’, തുടങ്ങിയ പല വാക്കുകളും അവള്‍ ഹൃദിസ്ഥമാക്കി.പ്രകൃതിയും,മഴയും,ഇലകളുടെ ശബ്ദവുമെല്ലാം അവളെ സന്തോഷവതിയാക്കി.മാല കോര്‍ക്കാനും,മരത്തില്‍ കയറാനും,പട്ടം പറത്താനും അവള്‍ പഠിച്ചു.

ഒരു വര്‍ഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച് ഹെലന്‍ മനസ്സിലാക്കി.’The doll is in the bed’ തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത് പഠിച്ചു. ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലന്‍ അനായാസം സ്വായത്തമാക്കി. ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത് ദൃഢമായി.

ആനിയുടെ മരണത്തോടെ മാനസികമായി തളര്‍ന്ന ഹെലനെ ആ ആഘാതത്തില്‍ നിന്ന് കൈപിടിച്ചു കയറ്റിയത് പോളി തോംസണായിരുന്നു.അവരിരുവരും ചേര്‍ന്ന് നടത്തിയ വിദേശയാത്രകള്‍ ഹെലന് പുതുജീവന്‍ പകര്‍ന്നു.എന്നാല്‍ 1960ല്‍ പോളി തോംസണ്‍ അന്തരിച്ചതോടെ ഹെലന്‍ വീണ്ടും ഒറ്റപ്പെട്ടു.1961 മുതല്‍ ഹെലന്‍ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.അതോടെ ആശയവിനിമയേശഷി നശിച്ച് പൂര്‍ണമായും ഒറ്റയ്ക്കായ ഹെലന്‍ കെല്ലര്‍ എന്ന മഹത്‌വനിത 1968 ജൂണ്‍ 1ന് 87ആം വയസ്സില്‍ അന്തരിച്ചു.വാഷിംഗ്ടണ്‍ ഡി.സി.യിലെ നാഷണല്‍ കത്തീഡ്രലിലായിരുന്നു ശവസംസ്‌കാരം.

ആത്മവിശ്വാസത്തിന്റെ, ദൃഢനിശ്ചയത്തിന്റെ, കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളര്‍ന്ന ആ അന്ധവനിത, അംഗവൈകല്യമുള്ള അനേകര്‍ക്ക് പ്രത്യാശയായി ഇന്നും ജനമനസ്സുകളില്‍ ജീവിയ്ക്കുന്നു.

Comments are closed.