DCBOOKS
Malayalam News Literature Website

അച്ചോണം…

ദൂരെയെങ്ങോ മറഞ്ഞിരിക്കുന്ന ഒരു പിടി നല്ലോർമ്മകളുടെ പൂക്കാലമാണ് ഓണം. കൈ നീട്ടിയാൽ തൊടാവുന്നത്രയും അടുത്തേക്കു ഒഴുകിവരുന്ന ഓർമ്മകളുടെ സുഗന്ധമാണ് ഓണം. കുറുമ്പുകാട്ടിയും ദുർവാശി പിടിച്ചും  ആസ്വദിക്കാൻ വിട്ടുപോയ രസനിമിഷങ്ങളുടെ പ്രായശ്ചിത്തമാണ് ഓണം. വരണ്ട കണ്ണുകളിലേക്ക് നനവൂറ്റിയും നെഞ്ചിൽ കടും ഭാരമുള്ള വേദനകൾ നിറച്ചും പുറമേക്ക് ചിരിപ്പിക്കുന്ന തെളിനിറമാണ് ഓണം. ഓണം ഓർമ്മകളുടെ വേലിയേറ്റ ദിനങ്ങളാണ്. നാളിന്നുവരേക്കുമുള്ള ഓരോ ഓണപ്പൂക്കളത്തിലും വിതറിയിട്ട പൂവിതളുകളുടെ സ്പർശവും സുഗന്ധവും മാത്രമല്ല, പിന്നെയാവാം എന്നു കരുതി മാറ്റി വെച്ച ഒരു പിടി വാക്കുകളുടെയും  നോട്ടങ്ങളുടെയും പൊള്ളൽ കൂടിയാവുന്നു ഓരോ ഓണവും. ചെയ്യാൻ കഴിയാത്ത സേവനങ്ങൾക്കും പറയാൻ മറന്ന വാക്കുകൾക്കും നീട്ടിവെച്ച സ്പർശങ്ങൾക്കും ബദലാകുവാൻ ഒന്നിനുമാവില്ലെന്നറിയാം. പശ്ചാത്താപം പ്രായശ്ചിത്തവുമല്ല. എങ്കിലും പഴയ ഓണ നാളുകളിലൂടെ ഒന്നു മുങ്ങാങ്കുഴിയിട്ടു നീർന്ന് മനസ്സിൽ തെളിമ നിറക്കാനുള്ള യാത്രയാണിത്.
ഓണമെന്നു പറഞ്ഞാൽ അച്ഛനായിരുന്നു. അച്ഛൻ മരിച്ചതറിയിച്ചുള്ള ഫോൺ വന്ന ആ നിമിഷം മുതൽ ഒരു തരിപ്പു മാത്രമായിരുന്നു. കണ്ണുനീരില്ലാതെ , ഉള്ളറിയാതെ ഒരു നിലവിളി മാത്രമായി ഞാൻ. ആ ദിവസം കഴിഞ്ഞതോടെ വല്ലാത്തൊരു ധൈര്യമൊക്കെ കയറി വന്നിരുന്നു. പക്ഷേ ദിവസങ്ങളും മാസങ്ങളും പോകെപ്പോകെയാണ് നഷ്ടപ്പെട്ടത് ഒരു വ്യക്തി മാത്രമല്ല എന്നു തിരിച്ചറിഞ്ഞത്. ചിതാഭസ്മത്തോടൊപ്പം നിളയിൽ ഒഴുകിയകന്നത് ഏറ്റവും പ്രിയപ്പെട്ട ഗന്ധങ്ങളും രുചികളും അനുഭവങ്ങളുമായിരുന്നു . ഓണമെന്നു പറഞ്ഞാൽ അച്ഛനായിരുന്നു.
ഓണത്തിനു രണ്ടു നാൾ മുൻപാണ് മുറ്റം മെഴുകിയണിഞ്ഞ് മാതേരു വെക്കുന്നത് . അധികം വേരുകളില്ലാത്ത ഭാഗത്തെ മണ്ണിളക്കിയെടുത്ത് കല്ലു നീക്കി കുഴച്ചു പതം വരുത്തിയാണ് മാതേരും പീഠവും ഉണ്ടാക്കുന്നത്. കാവൽക്കാരായ കുട്ടി മാതേരുകളുണ്ടാക്കൽ ഞങ്ങൾ കുട്ടികളുടെ പണിയാണ്.
കൊയ്ത്തും മെതിയും കഴിഞ്ഞതിന്റെ ചൂരു കെട്ടി നിൽക്കുന്ന മുറ്റത്ത് ഒന്നു കൂടി ചാണകമിട്ടു മെഴുകിമിനുക്കുന്നത് വള്ളിക്കുട്ടിയാണ്. മാതേരിന്റെ മണ്ണിൽ കളിച്ചിരിക്കുന്ന നേരത്തായിരിക്കും ദൂരെ പാടവരമ്പിലൂടെ മൊയ്ത്യാപ്ല ചാക്കുമേറ്റി വരുന്നത് ആരുടെയെങ്കിലും കാഴ്ചയിൽ പെടുന്നത്. ഞങ്ങളുടെ ഓണം വന്നിരുന്നത് വലിയ വരമ്പിലൂടെ താളത്തിൽ നടന്നുവന്നിരുന്ന മൊയ്ത്യാപ്ലയുടെ  തലയിലിരിക്കുന്ന ചാക്കിലൂടെയാണ്.  മഞ്ചേരി അങ്ങാടിയിലെ പല ജാതി അത്ഭുതങ്ങളും നിറച്ച ചാക്കാണത്. ഒരു വലിയ ബിഗ്‌ ഷോപ്പറും തൂക്കി അച്ഛനും പിന്നാലെ വരുന്നുണ്ടാവും.
ആ ഒരു കാഴ്ചയായിരുന്നു ഓണത്തിന്റെ നിറവുള്ള ആദ്യ പ്രതീക്ഷയും കാഴ്ചയും. ബാലരമ, പൂമ്പാറ്റ, മംഗളം, വനിത തുടങ്ങി പ്രായഭേദമെന്യേ എല്ലാ പ്രസിദ്ധീകരണങ്ങളുമുണ്ടാവും. ബേക്കറികളിലെ പുതിയ രുചികളുണ്ടാവും . എല്ലാം നിരത്തിപ്പരത്തി വെച്ച് അസംതൃപ്തി നിറഞ്ഞ മനസ്സുമായി ഞാൻ അതിലേ ഇതിലേ നടക്കും. ആ നേരത്താണ് അച്ഛൻ ഒളിപ്പിച്ചു വെച്ച പ്ലാസ്റ്റിക് കവറുകളുമായി ഉമ്മറത്തെത്തുന്നത്. ആ നേരങ്ങളാണ് എന്റെ ഓർമ്മകളെ ഇപ്പോഴും തിളക്കമുറ്റതാക്കുന്നത്. ആ ഓർമ്മകളാണ് എന്റെ ഓണങ്ങൾ.
ഊഹത്തിൽ അളവൊപ്പിച്ചു തുന്നി വാങ്ങിയ പാവാടയും ജമ്പറുമോ കസവുകൊണ്ടരികു മിനുക്കിയ ചുരിദാറോ മീഡിയോ ഒക്കെ ആയിരിക്കും അതിന്റെ ഉള്ളിൽ. അതോടെ ഉള്ളിലെമ്പാടും  ഉല്ലാസത്തിന്റെ അമിട്ടു പൊട്ടിയുണരും. ഓണം എന്റെ നോക്കിലും വാക്കിലും ചിന്തയിലും ചിരിയിലും നിറയും ‘ ചിങ്ങവെയിലിനേക്കാൾ തിളങ്ങുന്ന മുഖവുമായി വീട്ടിലാകെ ഓണം പരത്തി ഞാൻ ഓടി നടക്കും.
മാതേരെ വെപ്പും പൂജാദികാര്യങ്ങളുമൊക്കെ അമ്മമ്മയുടെ മേൽനോട്ടത്തിലാണ് നടന്നിരുന്നത്. കലവറ മുറിയില് പരത്തിവെച്ചിരിക്കുന്ന പച്ചക്കറികളും ഉത്തരത്തിൽ തൂങ്ങിക്കിടക്കുന്ന കായക്കുലകളുമാണ് മറ്റൊരു നിറവ്. അച്ചാറുകളും മുളകാപച്ചടിയും അമ്മമ്മ നേരത്തെ ഉണ്ടാക്കി വെക്കും. ഓണസദ്യ അച്ഛന്റെ വകയാണ്. ശരിക്കും അതൊരു കാഴ്ചയായിരുന്നു. പാചകത്തിലെ പെണ്ണത്തത്തിനേക്കാൾ സ്വാദ് ആണത്തത്തിനാണോ എന്നു സംശയിപ്പിക്കുന്ന രുചിപ്പെരുമയാണ്. പതിനൊന്നരയാകുമ്പോഴേക്കും സദ്യ മുഴുവൻ റെഡിയായിട്ടുണ്ടാവും.
ഉച്ചയാകുമ്പോഴേക്കും സന്തോഷം പെരുത്തു പൊങ്ങി ഞാനൊരു അപ്പൂപ്പൻ താടിയാവും. മരക്കോണിയുടെ പടികൾ ധടുപടാന്ന് ചവിട്ടിക്കയറി മുകളിലേക്കോടി ബാഗിൽ തുണികൾ കുത്തി നിറക്കും. അച്ഛൻ കൊണ്ടു വന്ന പുത്തൻ കുപ്പായമിട്ട്,  മുഖം മിനുക്കി  മുടി കെട്ടി ഉമ്മറത്തെത്തി ഇറങ്ങാൻ തിരക്കുകൂട്ടി നിൽക്കും. അടുക്കളയിൽ കിടന്നു പൊരിയുന്ന അമ്മയോടും അമ്മമ്മയോടും ശണ്ഠ കൂടും.   ഒരിക്കലും പണിതീരാത്ത യജ്ഞശാലയാണതെന്നു മനസ്സിലായപ്പോഴേക്ക് ഓണം നിറം മങ്ങിയ മുക്കുപണ്ടമായി മാറിയിരുന്നു.
ഓണവിരുന്ന് അച്ഛൻ വീട്ടിലേക്കാണ്. കശുമാവുകളുടെ നാടായ തിരുവാലിയിലേക്ക്. പുതുമനിറഞ്ഞ കളിവിശേഷങ്ങളും കഥ പറച്ചിലുകളുമായി നാലു നാൾ തിമിർത്തു നടക്കും. അത്രയും ലാഘവത്തോടെ വിരുന്നു പോവാൻ പിന്നീടൊരിക്കലും കഴിഞ്ഞിട്ടില്ല. കാലങ്ങൾക്കിപ്പുറത്തെ വിരുന്നുകളെല്ലാം വേഷം കെട്ടലുകളായേ തോന്നാറുള്ളൂ . അരിച്ചെടുക്കുന്ന വാക്കുകളും കബളിപ്പിക്കുന്ന മുഖഭാവങ്ങളും നിറയുമ്പോൾ വിരുന്നുകൾ ശ്വാസം മുട്ടിക്കുന്ന സാഹചര്യങ്ങളായി തീരുന്നു.
ഇന്നീ ഓണക്കാലത്തിരുന്ന് പഴയ കാലത്തിന്റെ കണക്കുകൾ നിവർത്തുമ്പോൾ കനത്ത നഷ്ടബോധം നിറഞ്ഞ് മനസ്സുതളരുന്നു. അന്ന് ചെയ്യാമായിരുന്ന പല പല കാര്യങ്ങൾ കുത്തിനോവിക്കുന്ന ചിന്തകളായി തീരുന്നു. അന്ന് പറയാമായിരുന്ന സ്നേഹവചസ്സുകൾ പൂപ്പലു പിടിച്ചുപയോഗശൂന്യമായി വെറുതേ കിടക്കുന്നു.
ഓണം ഓർമ്മകളാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്ന പഴങ്കാലത്തിന്റെ ചിന്തേരുകളാണ്. ഓണം എന്നും സ്നേഹമാണ് വിളമ്പുന്നത്.

Comments are closed.