DCBOOKS
Malayalam News Literature Website

മരണത്തെക്കുറിച്ച് എഴുതാതെ ഒരു എഴുത്തും സാധ്യമല്ല: പി.എഫ്.മാത്യൂസ്

മരണത്തെക്കുറിച്ച് എഴുതാതെ ഒരു എഴുത്തും സാധ്യമല്ലെന്ന് പി.എഫ്.മാത്യൂസ്. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യരും ഏറ്റവും അടുത്ത് നില്‍ക്കുന്നത് അഭിമുഖീകരിക്കുന്നത് മരണത്തെയാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമ്മള്‍ മരണവുമായി സന്ധി ചെയ്യുകയോ ഭയപ്പെടുകയോ ചെയ്യുന്ന മുഹൂര്‍ത്തം ഉണ്ടാകാറുണ്ട്. ജീവിത്തിന്റെ അവസാനവിലയിരുത്തല്‍ നടക്കുന്നത് മരണത്തോടെയാണെന്നും മരണത്തെക്കുറിച്ച് എഴുതാതെ ഒരു എഴുത്തും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച എഴുത്തുകാരോട് സംസാരിക്കാം എന്ന സെഷനില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അടുത്ത ചിത്രം അടുത്തവര്‍ഷമുണ്ടാകുമെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും പി.എഫ്.മാത്യൂസ് പറഞ്ഞു. കഥ, തിരക്കഥ, നോവല്‍ തുടങ്ങി നിരവധി ചോദ്യങ്ങളാണ് പ്രിയ എഴുത്തുകാരനോട് വായനക്കാര്‍ ചോദിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ലൈവ് വീഡിയോ സന്ദേശങ്ങളായാണ് പി.എഫ്.മാത്യൂസ് മറുപടി നല്‍കിയത്.

മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് പി എഫ് മാത്യൂസിന്റേത്. വ്യര്‍ത്ഥകാലങ്ങളെ മറികടക്കുന്ന ഒരു ജന്മവിധി അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഷ്ഠാപിതമാകുന്നു.

ഇന്ന് വൈകുന്നേരം 4 മുതല്‍ 5 മണി വരെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി എസ് ഹരീഷാണ് പരിപാടിയില്‍ പങ്കെടുക്കുക. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്സ് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.

Comments are closed.