DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് Author In Focus-ൽ കെ.ആര്‍. മീര

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. അവരുടെ കഥകളായാലും നോവലായാലും നോവെല്ലയായാലും അതില്‍ നിറയുന്നത് സ്ത്രീത്വത്തിന്റെ മുഴുവന്‍ ആധികളാണ്. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം.

കഥകള്‍കൊണ്ട് പലപ്പോഴും ആസ്വാദകരെ മോഹിപ്പിച്ച, എന്നും ബെസ്റ്റ് സെല്ലറുകള്‍ സമ്മാനിക്കുന്ന കെ.ആര്‍. മീരയെയാണ് ഈ വാരം Author In Focus-ൽ പരിചയപ്പെടുത്തുന്നത്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരിയെ  കുറിച്ച്

കെ ആര്‍ മീര

സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.ആര്‍. മീര 1970-ല്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ കെ.എന്‍. രാമചന്ദ്രന്‍ പിള്ളയുടെയും എ.ജി. അമൃതകുമാരിയുടെയും മകളായി ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്നു ബിരുദവും ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദാനന്തരബിരുദവും നേടി. 1993-ല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ചേര്‍ന്നു. 2006-ല്‍ ചീഫ് സബ് എഡിറ്ററായിരിക്കെ ജോലി രാജിവച്ചു. 2001 മുതല്‍ കഥകളെഴുതുന്നു. ആവേ മരിയ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഗീതാഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി. പത്മരാജന്‍ സ്മാരക അവാര്‍ഡ്, വി. പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, നൂറനാട് ഹനീഫ അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹമായി. ഇംഗ്ലിഷിലേക്കും തമിഴിലേക്കും കഥകള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കെ ആര്‍ മീരയുടെ മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.