DCBOOKS
Malayalam News Literature Website

‘കളക്ടർ ബ്രോ’ തീർച്ചയായും അദ്ദേഹം തള്ളി മറിക്കുന്നുണ്ട്: മുരളി തുമ്മാരുകുടി എഴുതുന്നു

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ’ യെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ്

ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളുടെ തുടർച്ചയായാണ് നമ്മുടെ നാട്ടിൽ കളക്ടർ എന്ന ജോലി നിലനിൽക്കുന്നത്. പുതിയതായി പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിലെ നികുതി പിരിച്ചെടുക്കാനും അവിടുത്തെ ക്രമസമാധാനം നിലനിർത്താനുമുള്ള ഉത്തരവാദിത്തമാണ് അക്കാലത്ത് കളക്ടർക്ക് ഉണ്ടായിരുന്നത്. അങ്ങനെയാണ് റെവന്യൂ കളക്ടർ, ലോ ആൻഡ് ഓർഡർ മജിസ്‌ട്രേട്ട് എന്നീ പദവികൾ ചേർത്ത് “കളക്ടർ” ഉണ്ടായത്.

സ്വാതന്ത്ര്യം കിട്ടിയിട്ടും നമ്മൾ ഈ ഭരണ സംവിധാനം തുടർന്നു. ജനാധിപത്യ സംവിധാനം നിലവിൽ വന്നിട്ടും ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട അധികാരി ഇപ്പോഴും കലക്ടർ തന്നെയാണ്. സിവിൽ സർവീസിൽ ഐ. എ. എസ്. തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരും തിരഞ്ഞെടുക്കുന്നവരും സ്വപ്നം കാണുന്നത് കളക്ടറായി ജില്ല ഭരിക്കുന്ന കാലമാണ്.

മലയാളികൾക്ക് സുപരിചിതരായ മൂന്നു പേരാണ് എൻറെ കളക്ടർ സങ്കൽപ്പത്തെ അടയാളപ്പെടുത്തുന്നത്.

ഒന്നാമത്തേത് എസ്. കൃഷ്ണകുമാർ തന്നെയാണ്. 1970 കളിലാണ് അദ്ദേഹം എറണാകുളത്ത് ജില്ലാ കളക്ടറായിരുന്നത്. അൻപത് വർഷത്തിന് ശേഷവും എറണാകുളംകർക്ക് കളക്ടർ എന്നാൽ കൃഷ്ണകുമാർ തന്നെയാണ്. ഇന്നത്തെ എറണാകുളം ജില്ലയുടെ ബ്ലൂ പ്രിന്റ് അന്ന് അദ്ദേഹം വരച്ചിട്ടു പോയത് തന്നെയാണ്. മറൈൻ ഡ്രൈവ്, ജി. സി. ഡി. എ., കാക്കനാട്ടെ കലക്ടറേറ്റ്, കുടുംബാസൂത്രണ പദ്ധതി എന്നിങ്ങനെ കൊച്ചിയുടെ വർത്തമാനത്തിലും ഭാവിയിലുമായി അദ്ദേഹത്തിൻറെ കയ്യൊപ്പ് പതിഞ്ഞുകിടക്കുന്നു.

രണ്ടാമത് മമ്മൂട്ടിയുടെ ജോസഫ് അലക്സ് ആണ്. കത്തിച്ചാന്പലാകുന്ന നഗരത്തെ രക്ഷിക്കാൻ രാത്രി മുഴുവൻ ഓടി നടക്കുന്ന, മന്ത്രിമാരോടും സഹപ്രവർത്തകരോടും കത്തിക്കയറുന്ന, എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് മഞ്ഞപ്പത്രക്കാരെ അറസ്റ്റ് ചെയ്യുന്ന, ആവശ്യം വന്നാൽ തോക്കെടുത്ത് കേന്ദ്രമന്ത്രിക്കെതിരെ പോലും ചൂണ്ടുന്ന ജോസഫ് അലക്സ്.

മൂന്നാമത്തെ ആൾ കളക്ടർ ബ്രോ എന്ന പ്രശാന്ത് N. ആണ്.

വന്പൻ പദ്ധതികളില്ല, പ്രസ്താവനകളില്ല, ഭാവമില്ല, ഭാവിക്കൽ ഇല്ല. ഇടക്കൊക്കെ രാജമാണിക്യത്തിലെ മാണിക്യത്തെപ്പോലെ ഒരു കൂളിംഗ് ഗ്ലാസ് വെക്കുമെന്നത് ഒഴിച്ചാൽ മമ്മൂട്ടിയുടെ ഒരു പ്രേതവും കോഴിക്കോട് കളക്ടറെ ബാധിച്ചിട്ടില്ല. (സഹജീവികളോടുള്ള കരുണ ഒഴികെ).

മാനസികാരോഗ്യ കേന്ദ്രത്തിൽ ആരും നോക്കാനില്ലാതെ കിടക്കുന്ന രോഗികളോട് എങ്ങനെയാണ് കരുണ കാണിക്കേണ്ടതെന്നും കൂടെ നടക്കുന്ന സാധാരണനിലയിൽ ആരും ശ്രദ്ധിക്കാത്ത സ്വന്തം സ്റ്റാഫിനോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും കൃത്യമായ സങ്കൽപമുള്ള ആൾ.

ക്യാമറക്ക് മുന്നിലല്ല കരുണ കാണിക്കേണ്ടതെന്നും കാമറയ്ക്ക് മുന്നിൽ കാണിക്കാനുള്ള കരുണയും തെളിച്ചുകൊണ്ട് ആരും കോഴിക്കോട്ടേക്ക് വരണ്ട എന്നും ഉറപ്പിച്ചു പറയാനുള്ള ആർജ്ജവവും അദ്ദേഹത്തിനുണ്ട്.

ബ്രോ കോഴിക്കോട് കലക്ടറായിരുന്നപ്പോൾ അവിടെ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളെ ഓർമിപ്പിക്കുന്ന കുറിപ്പുകളുടെ പുസ്തകമാണിത്. “കളക്ടർ ബ്രോയുടെ തള്ളൽ” എന്ന് കവർ പേജിൽ എഴുതി വച്ചിട്ടുണ്ടെങ്കിലും കവർ മുതൽ കവർ വരെ വായിച്ചാലും ഒരു ഔൺസ് തള്ളൽ പോലും പൊങ്ങച്ചമായി നിങ്ങൾക്ക് കാണാൻ കഴിയില്ല.

തീർച്ചയായും അദ്ദേഹം തള്ളി മറിക്കുന്നുണ്ട്. അത് മാറാൻ കൂട്ടാക്കാത്ത സർക്കാർ സംവിധാനങ്ങളെയും, മനുഷ്യർക്ക് നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന – എന്നാൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗമല്ലാത്ത ആളുകളെയും പ്രസ്ഥാനങ്ങളെയുമാണ്.

സർക്കാർ സംവിധാനങ്ങളുടെ ഭാഗമായിരുന്നിട്ടും സാധാരണ ഗതിയിൽ പിന്തുണ കിട്ടാത്തതിനാൽ മുന്നോട്ടുള്ള പ്രയാണം സാധിക്കാത്തവരെയും അദ്ദേഹം തള്ളിത്തള്ളി നമ്മുടെ മുന്നിൽ നിർത്തുന്നുണ്ട്.

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വായിക്കേണ്ടതാണ് ഈ ബുക്ക്. നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എന്തൊക്കെ സാധിക്കാമെന്നതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു.

സർക്കാർ ഉദ്യോഗം ആഗ്രഹിക്കുന്നവരും ഈ ബുക്ക് വായിക്കണം. ഉദ്ദേശ ശുദ്ധിയുള്ളവർ ഇനിയും സർക്കാരിൽ ചേരേണ്ടതിന്റെ ആവശ്യകത ഇതിൽ വ്യക്തമാണ്.

നിങ്ങളുടെ കുട്ടികൾക്ക് ഈ പുസ്തകം വാങ്ങിക്കൊടുക്കണം. എങ്ങനെയാണ് നിസ്വാർത്ഥമായി സമൂഹത്തിന് നന്മ ചെയ്യാൻ സാധിക്കുന്നതെന്നും, കരുണയുടെ ശരിയായ പ്രയോഗം എങ്ങനെയെന്നും, എന്തുകൊണ്ടാണ് സമൂഹം കരുതൽ ഉള്ളതാകേണ്ടതെന്നും ഈ ബുക്ക് അവരെ പഠിപ്പിക്കും.

നിങ്ങളുടെ സ്‌കൂളിലേക്കും വായനശാലയിലേക്കും ഈ പുസ്തകം വാങ്ങി നൽകണം. പരമാവധി ആളുകൾ ഈ പുസ്തകം വായിക്കട്ടെ… മാറ്റങ്ങൾ ഉണ്ടാകട്ടെ!

👉പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ’ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

👉മുരളി തുമ്മാരുകുടിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി ക്ലിക്ക് ചെയ്യൂ

മുരളി തുമ്മാരുകുടി

Comments are closed.