DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാളകവിതയിലെ ‘ക്ഷുഭിതയൗവനം’ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ബാലചന്ദ്രൻ ചുള്ളിക്കാടാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ.  വികാരതീവ്രമായി അദ്ദേഹം കുറിച്ച ഓരോ വരികളും മലയാളി ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്.

ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുടെയും സ്വരവും താളവുമാണ് ആ കാവ്യ ലോകത്തുനിന്ന് മുഴങ്ങികേട്ടത്. സച്ചിദാനന്ദന്‍, കടമ്മനിട്ട എന്നിവരുടെ തലമുറയെ പിന്തുടര്‍ന്നു വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയസ്വീകരണത്തിലും ആവിഷ്‌കരണ തന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി.

മലയാള കവിതയില്‍ അദൃഷ്ടപൂര്‍വങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. ആത്മഭാഷണത്തിന്റെയും ആത്മാപഗ്രഥനത്തിന്റെയും സ്വഭാവമുണ്ട് അദ്ദേഹത്തിന്റെ കവിതകള്‍ക്ക്. വ്യക്ത്യാനുഭവമാക്കാതെ ഒരനുഭവത്തെയും ബാഹ്യാനുഭവമായി ആഖ്യാനം ചെയ്യില്ലെന്ന നിര്‍ബന്ധം ഈ കവി പുലര്‍ത്തുന്നുണ്ട്. പിതാവിനോടുണ്ടായിരുന്ന സംഘര്‍ഷാത്മകമായ ബന്ധം, എപ്പോഴും ആശ്വാസമായിരുന്ന അമ്മയെക്കുറിച്ചുള്ള പ്രിയസ്മരണകള്‍, അകാലത്തില്‍ ജീവനൊടുക്കിയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന ഉള്‍ക്കിടിലം എന്നിവയെല്ലാം ഒരൊഴിയാബാധയായി കവിയില്‍ കടന്നുകൂടിയിരിക്കുന്നു. ഇവയില്‍ ഉരുത്തിരിയുന്ന ഭാവനകള്‍ പല കാവ്യങ്ങള്‍ക്കും പ്രമേയമായിത്തീരുന്നുമുണ്ട്. സഹോദരി, ഭാര്യ, പുത്രന്‍, പിതാവ് എന്നിവര്‍ കഥാപാത്രങ്ങളായി വരുന്ന കവിതകളാണ് താതവാക്യം, യാത്രപ്പാട്ട്, അമാവാസി, പിറക്കാത്ത കനോട്, തിരോധാനം, ഓര്‍മ്മകളുടെ ഓണം, വെളിവ് എന്നിവ. എന്നിരുന്നാലും പ്രണയം, മരണം, വിപ്ലവം എന്നിവയാണ് ഈ കവിതകളുടെയെല്ലാം മുഖ്യ പ്രമേയങ്ങള്‍.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

1957-ല്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദമെടുത്തു. 1997-ല്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്‌സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍ സാഹിത്യകാരസംഘത്തില്‍ അംഗമായിരുന്നു. 1997-ല്‍ സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. 1998-ല്‍ അമേരിക്കയിലെ റോച്ചസ്റ്ററില്‍ നടന്ന ‘ഫൊക്കാനാ’ സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തു. 2000-ത്തില്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ 2001-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി എങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.

പ്രധാന കൃതികള്‍
കവിത
പതിനെട്ടു കവിതകള്‍, അമാവാസി, ഗസല്‍, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാ പരിഭാഷകള്‍, പ്രതിനായകന്‍
സ്മരണ
ചിദംബരസ്മരണ
നോവല്‍
ഹിരണ്യം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഇ-ബുക്കുകളായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.