DCBOOKS
Malayalam News Literature Website

ഗൗരിയമ്മയുടെ ജീവിതം കേരളത്തിലെ സ്ത്രീകള്‍ക്ക് വലിയൊരു പാഠപുസ്തകമാണ്: സി എസ് ചന്ദ്രിക

സി എസ് ചന്ദ്രിക

പതിനൊന്നു തവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും എം എല്‍ എ, മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ രാഷ്ട്രീയാധികാര മുഖ്യധാരയില്‍ എന്നും നിറഞ്ഞ സാന്നിദ്ധ്യമാവുകയും ചെയ്‌ത ഗൗരിയമ്മയുടെ ജീവിതം കേരളത്തിലെ സ്ത്രീകള്‍ക്ക് വലിയൊരു പാഠപുസ്തകമാണ്.

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച ജീവിതത്തില്‍ ഗൌരിയമ്മ നേരിട്ട മര്‍ദ്ദനങ്ങളും ജയില്‍ വാസമടക്കമുള്ള എല്ലാ തരം അനുഭവങ്ങളും ബുദ്ധിപരമായ താന്‍പോരിമയും കരുത്താര്‍ന്ന ഇടപെടലുകളും ഇച്ഛാശക്തിയും ഗൗരിയമ്മയെ നിഷേധിക്കാനാത്ത വിധത്തില്‍ സാമൂഹ്യ ജാതിഘടനയെയും പുരുഷാധിപത്യഘടനയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു അസാമാന്യ സ്‌ത്രീവ്യക്തിത്വം എന്ന നിലയിലേക്കുയര്‍ന്ന ഗൗരിയമ്മയുടെ പ്രഭാവത്തെ പ്രതിരോധിക്കുക ആര്‍ക്കും എളുപ്പമല്ലായിരുന്നു. സ്‌ത്രീയെ സംബന്ധിച്ച എല്ലാ സാധാരണ സങ്കല്‌പങ്ങളേയും തകര്‍ത്തുകൊണ്ട്‌ മരണം വരെയും ഗൗരിയമ്മ രാഷ്‌ട്രീയവ്യക്തിത്വം സജീവമായി നിലനിര്‍ത്തി. വാര്‍ദ്ധക്യ കാലത്തു പോലും ‘അടങ്ങിയൊതുങ്ങി’ ഇരിക്കാനോ ആണ്‍കോയ്‌മാ സ്‌ത്രീ സങ്കല്‌പങ്ങളെ സമാശ്വസിപ്പിക്കാനോ ഗൗരിയമ്മ തയ്യാറായിരുന്നില്ല.

ഈഴവ സമുദായത്തിലെ സ്‌ത്രീകള്‍ക്കിടയില്‍ നിന്ന്‌ ആദ്യമായി ബി എല്‍ പാസ്സായി സന്നതെടുത്ത്‌ പ്രാക്‌ടീസ്‌ തുടങ്ങിയത്‌ ഗൗരിയമ്മയായിരുന്നു. 1957 ല്‍ മന്ത്രിയാകും വരെ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തു. 1952ലെ തെരഞ്ഞെടുപ്പില്‍ തിരു കൊച്ചി നിയമസഭയിലെത്തിയ ഏക സ്‌ത്രീ എന്ന അനുഭവം മുതല്‍ ഇന്നോളം കേരള നിയമസഭയില്‍ ഏറ്റവും നിര്‍ണ്ണായകമായ നിയമസഭാ പ്രസംഗങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തിയ ഏക സ്‌ത്രീയും ഗൗരിയമ്മയാണ്‌. ഇത്തരം അനുഭവങ്ങളെക്കുറിച്ചുള്ള ഗൗരിയമ്മയുടെ ഓരോ ഓര്‍മ്മകളും രാഷ്‌ട്രീയരംഗത്ത്‌ ഒറ്റയ്‌ക്കൊരു സ്‌ത്രീ നടത്തിയ മുന്നേറ്റത്തിന്റെ ചരിത്രമാണ്‌.

“ആദ്യം നിയമസഭയിലെത്തുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്നു. ഒരു പെണ്ണല്ലേ ഉള്ളൂ. അതുകൊണ്ടാണ്‌. ബജറ്റിനെപ്പറ്റിയാകട്ടെ ആദ്യപ്രസംഗം എന്ന്‌ എല്ലാവരും നിര്‍ദ്ദേശിച്ചു. എനിക്ക്‌ ബജറ്റ്‌ അറിയില്ല. നിങ്ങള്‍ പറഞ്ഞു തന്നാല്‍ പ്രസംഗിക്കാം. പക്ഷേ ബജറ്റ്‌ പഠിപ്പിച്ചു തരാന്‍ ആരുമില്ല. അങ്ങനെയാണ്‌ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമത്തെപ്പറ്റി ആദ്യം പ്രസംഗിക്കാന്‍ ഇടയായത്‌. ഞാന്‍ വിഷയം പഠിച്ചിട്ടാണ്‌ അവതരിപ്പിച്ചത്‌.”

സ്വന്തം ബുദ്ധിയും കഠിനപ്രയത്‌നവും സമര്‍പ്പണവും ബോധ്യങ്ങളും കൊണ്ട്‌ കേരളരാഷ്‌ട്രീയത്തിലെ ഏതൊരു പുരുഷനേക്കാളും ഗൗരിയമ്മ നടത്തിയ മുന്നേറ്റങ്ങള്‍ക്ക്‌ മൂല്യം കൂടുതലുണ്ട്‌. വ്യക്തി ജീവിതത്തെ, ടി. വി തോമസിനോടൊപ്പമുണ്ടായിരുന്ന ദാമ്പത്യജീവിതത്തെ വരെ ഉലച്ചു കളയുന്ന വിധത്തിലുള്ള പാര്‍ട്ടികളുടെ ഇടപെടലുകളെ, അതുണ്ടാക്കിയ ആരോപണങ്ങളെ, ഒറ്റപ്പെടലിനെ, സംഘര്‍ഷങ്ങളെ, കഠിന വ്യഥകളെ, മറ്റെല്ലാ തരം വേദനാജനകമായ അനുഭവങ്ങളേയും നേരിട്ടുകൊണ്ടാണ്‌ ഗൗരിയമ്മ രാഷ്‌ട്രീയരംഗത്തു പിടിച്ചു നിന്നത്‌.

“മക്കളില്ലാത്തതിന്റെ പേരില്‍ ദുഃഖിച്ച്‌ വീട്ടിലിരുന്നിട്ടില്ല. എനിക്ക്‌ ദുഃഖം ഏറിയപ്പോഴെല്ലാം ഞാന്‍ ജനങ്ങള്‍ക്കിടയിലേക്ക്‌ കൂടുതലായി ഇറങ്ങി പ്രവര്‍ത്തിച്ചു. രാവിലെ പോയി രാത്രി പത്തു മണി വരെ പ്രവര്‍ത്തിച്ച്‌ മടങ്ങും….രണ്ടു മൂന്നു തവണ അബോര്‍ഷനായിപ്പോയി. സൂക്ഷിക്കാത്തതു മൂലം സംഭവിച്ചതാണ്‌. പിന്നെ ഞാനങ്ങനെ ശ്രദ്ധിച്ചിട്ടില്ല. സമയവും ഇല്ലല്ലോ. പൊതുജീവിതത്തില്‍ എന്റെ കാര്യം നോക്കാന്‍ അത്രയേ സമയം കിട്ടിയുള്ളൂ” .

1987ല്‍ നിയമസഭ തെരഞ്ഞുടുപ്പു കാലത്ത്‌ ഉയര്‍ന്നു വന്ന ‘കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും’ എന്ന മുദ്രാവാക്യം മലയാളികള്‍ക്കെല്ലാം സുപരിചിതമാണ്‌. അത്‌ ജനങ്ങള്‍ക്കിടയില്‍ നിന്ന്‌ ഉയര്‍ന്നു വന്ന മുദ്രാവാക്യമായിരുന്നു. പക്ഷേ കെ ആര്‍ ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയായില്ല. ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല എന്നു മാത്രമല്ല, കേരള നിയമസഭയില്‍ ഇന്നോളം പത്തു ശതമാനത്തില്‍ കൂടുതല്‍ സ്‌ത്രീപങ്കാളിത്തവും ഉണ്ടായിട്ടില്ല. കേരളത്തിലെ മുഖ്യമന്ത്രിയാവാനുള്ള ഭരണപരിചയവും സാമൂഹ്യ, രാഷ്ട്രീയ സമരാനുഭവങ്ങളും അറിവും യോഗ്യതകളും നേടിയെടുക്കാന്‍ ഗൗരിയമ്മയോളം കഴിയുന്ന മറ്റൊരു സ്‌ത്രീ ഇനി കേരളത്തില്‍ ഉണ്ടാവുകയുമില്ല.

മരണശേഷവും ആ മഹാസാന്നിദ്ധ്യം കേരളത്തിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവിത സമരത്തില്‍ മുന്നേറാനുള്ള നിരന്തര പ്രേരണയായി ഇവിടെ എന്നെന്നും ഉണ്ടായിരിക്കും.

അമ്മേ, പ്രണാമം…🙏

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.